
കൊച്ചി∙ വിദേശ നിക്ഷേപകർ തിരിച്ചെത്തുന്നതിന്റെ കരുത്തിൽ കഴിഞ്ഞദിവസങ്ങളിൽ മികച്ച നേട്ടം കുറിച്ച ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്നു ദൃശ്യമായത് വൻ ചാഞ്ചാട്ടം. ഇന്നലത്തെ ഉൾപ്പെടെ നേട്ടം അവസരമാക്കി ഒരുവിഭാഗം നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതാണ് കാരണം. നേട്ടത്തോടെ 23,751ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി, ഒരുഘട്ടത്തിൽ 23,869 വരെ കുതിച്ചെങ്കിലും ലാഭമെടുപ്പിനെ തുടർന്ന് 23,627 വരെ താഴ്ന്നു.
78,000 ഭേദിച്ച് രാവിലത്തെ സെഷനിൽ മികച്ച നേട്ടമുണ്ടാക്കിയ സെൻസെക്സും 78,741 വരെ മുന്നേറിയശേഷം 77,912 വരെ താഴ്ന്നു. നിലവിൽ ഈ നഷ്ടം നികത്തി ഇരു സൂചികകളും നേരിയ നേട്ടത്തോടെ ഉച്ചയ്ക്കത്തെ സെഷനിലേക്ക് പ്രവേശിച്ചിട്ടുണ്ട്. അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. ഇൻഡസ്ഇൻഡ് ബാങ്ക് 5 ശതമാനത്തോളം ഇടിഞ്ഞ് നഷ്ടത്തിലും മുന്നിൽ നിൽക്കുന്നു. നിഫ്റ്റി 50ലും അൾട്രാടെക് ആണ് നേട്ടത്തിൽ മുന്നിൽ. നഷ്ടത്തിൽ ഇൻഡസ്ഇൻഡ് ബാങ്കും.
ഓഹരി വിപണിയിൽ അതിവേഗ കുതിപ്പ്
ഓഹരി, കറൻസി വിപണികളിലെ ഇന്നലത്തെ കുതിപ്പിനു പിന്നിൽ ബാങ്കിങ് മേഖലയാണ്. ഇന്ത്യൻ ബാങ്കുകളുടെ ഓഹരി വിലയിലെ വൻ കുതിപ്പാണു വിപണിയുടെ ആകമാന മന്നേറ്റത്തിനു നേതൃത്വം നൽകിയതെങ്കിൽ വിദേശ ബാങ്കുകളുടെ അസാധാരണ തോതിലുള്ള ഡോളർ വിൽപനയാണു രൂപയ്ക്കു കരുത്തു പകർന്നത്. ഓഹരി വിപണിയിലെ മുന്നേറ്റത്തിനു വിദേശ നിക്ഷേപകരിൽനിന്നുള്ള ഡോളർ പ്രവാഹവും പ്രചോദനമായി.
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു കൈവന്ന നേട്ടം 37 പൈസയുടേതാണ്. കഴിഞ്ഞ വാരാന്ത്യദിനത്തിൽ കറൻസി വിപണിയിലെ വ്യാപാരം അവസാനിക്കുമ്പോൾ രൂപ 38 പൈസ നേട്ടത്തോടെ 85.98 നിലവാരത്തിലെത്തിയിരുന്നു. ഇന്നലെ വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ 85.50 നിലവാരത്തിലെത്തിയെങ്കിലും വ്യാപാരാവസാനത്തോടെ വില 85.61 മാത്രമായി. രൂപയ്ക്ക് ഈ വർഷം സംഭവിച്ച നഷ്ടം മുഴുവൻ വീണ്ടെടുക്കാൻ കഴിഞ്ഞിരിക്കുകയാണ്. ഈ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഏഷ്യൻ കറൻസിയെന്ന നേട്ടവും ഈ മാസത്തെ 2.1% ഉയർച്ചയോടെ രൂപയ്ക്കു സ്വന്തമായിരിക്കുന്നു.
സാമ്പത്തിക വർഷത്തിന്റെ അവസാനം വിദേശ ബാങ്കുകളുടെ ഡോളർ വിൽപന പതിവുള്ളതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് ആവർത്തിക്കപ്പെട്ടു. കയറ്റുമതിക്കാരിൽനിന്നുള്ള ഡോളർ വിൽപനയും രൂപയ്ക്കു കരുത്തേകി. രൂപയ്ക്കു കൂടുതൽ കരുത്തു നേടാനായേക്കുമെങ്കിലും തക്കം പാർത്തിരിക്കുന്ന ഇറക്കുമതി വ്യാപാരികൾ ഡോളർ വാങ്ങാൻ തയാറാകുമെന്നതുകൊണ്ടു നേട്ടം പരിമിതമാകാനാണിടയെന്നു വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവർ പറയുന്നു.
ഓഹരി വിപണിയിൽ സെൻസെക്സ്, നിഫ്റ്റി സൂചികകളിലെ മുന്നേറ്റം പിന്നിട്ടിരിക്കുന്നതു തുടർച്ചയായ ആറാം ദിവസമാണ്; രൂപയുടെ പ്രയാണം തുടർച്ചയായ ഒൻപതാം ദിവസത്തേതും. വ്യാപാരത്തിനിടെ സെൻസെക്സ് 1200 പോയിന്റോളം ഉയരുക മാത്രമല്ല 78,000 നിലവാരം വീണ്ടെടുക്കുകയുമുണ്ടായി. നിഫ്റ്റി 23,700 പോയിന്റിനു മുകളിലെത്തി. എന്നാൽ ലാഭമെടുപ്പിന്റെ ഫലമായി വ്യാപാരാവസാനത്തോടെ സെൻസെക്സിലെ നേട്ടം 1078.87 പോയിന്റിലൊതുങ്ങി; നിഫ്റ്റിയിലെ നേട്ടം 307.95 പോയിന്റിലും. ഈ വർഷം നഷ്ടമായ പോയിന്റുകൾ പൂർണമായി വീണ്ടെടുക്കാൻ വിപണിക്കു സാധിച്ചിട്ടുമുണ്ട്.
നിഫ്റ്റി ബാങ്ക് ഇൻഡക്സ് 1111.40 പോയിന്റ് ഉയർന്ന് 51,704.95 നിലവാരത്തിലെത്തി. വർധന 2.20%. കോട്ടക് മഹീന്ദ്ര ബാങ്ക്, കാനറ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയുടെ ഓഹരികളിലായിരുന്നു കൂടുതൽ നേട്ടം. നിഫ്റ്റി മിഡ് ക്യാപ് ഇൻഡക്സ് 1.1% ഉയർച്ച കൈവരിച്ചപ്പോൾ നിഫ്റ്റി സ്മോൾ ക്യാപ് ഇൻഡക്സ് 1.6 ശതമാനമാണ് ഉയർന്നത്. അഞ്ചു മാസത്തിലേറെ നീണ്ട കനത്ത ഇടിവിൽ ഏറ്റവുമധികം നഷ്ടം നേരിട്ടത് ഇടത്തരം, ചെറുകിട ഓഹരികളിലായിരുന്നു. ചില്ലറ നിക്ഷേപകരിൽ ബഹുഭൂരിപക്ഷത്തിന്റെയും നിക്ഷേപം ഇത്തരം ഓഹരികളിലാണ്.
6 ദിവസത്തെ നേട്ടം: ആസ്തിയിൽ 27 ലക്ഷം വർധന
തുടർച്ചയായ 6 വ്യാപാരദിനങ്ങളിലെ നേട്ടത്തോടെ ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആസ്തിയിലുണ്ടായത് 27.10 ലക്ഷം കോടി രൂപയുടെ വർധന. 6 ദിവസംകൊണ്ട് 6% നേട്ടമാണ് സൂചികകളിലുണ്ടായത്. ഇന്നലെ മാത്രം നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ 4,00,000 കോടി രൂപയുടെ വർധന സാധ്യമായി.