
രാജ്യാന്തരവിലയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും സ്വർണവില താഴ്ന്നു. ഗ്രാമിന് 30 രൂപ 8,185 രൂപയും പവന് 240 രൂപ താഴ്ന്ന് 65,480 രൂപയുമായി. ഇതോടെ കഴിഞ്ഞ 5 ദിവസത്തിനിടെ പവന് ആകെ കുറഞ്ഞത് 1,000 രൂപയായി; ഗ്രാമിന് 125 രൂപയും. ഈ മാസം 20ന് കുറിച്ച പവന് 66,480 രൂപയും ഗ്രാമിന് 8,310 രൂപയുമാണ് കേരളത്തിലെ (Kerala Gold Price) സർവകാല റെക്കോർഡ്.
രാജ്യാന്തരവില കഴിഞ്ഞവാരം ഔൺസിന് 3,058 ഡോളർ എന്ന എക്കാലത്തെയും ഉയരംതൊട്ടെങ്കിലും ലാഭമെടുപ്പ് സമ്മർദ്ദത്തെ തുടർന്ന് പിന്നീട് 3,003 ഡോളറിലേക്ക് വീണത് കേരളത്തിലും വില കുറയാൻ സഹായിക്കുകയായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായ 10-ാം ദിവസവും നേട്ടത്തിൽ വ്യാപാരം ആരംഭിച്ചതും സ്വർണവില കുറയാൻ ഇടവരുത്തി.
വിവിധ രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്താൻ തീരുമാനിച്ച പകരത്തിനുപകരം തീരുവയിൽ (പകരച്ചുങ്കം/reciprocal tariff) യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിലപാട് മയപ്പെടുത്തിയത് ഇന്നു സ്വർണവില കൂടുതൽ താഴാൻ വഴിയൊരുക്കി. കൂടുതൽ പരിശോധിച്ചശേഷമേ പകരച്ചുങ്കം ഏർപ്പെടുത്തൂ എന്നാണ് പുതു നിലപാട്. മാത്രമല്ല, പല രാജ്യങ്ങൾക്കുംമേൽ 100-200% തീരുവ ഏർപ്പെടുത്തുന്നതിനു പകരം 25 ശതമാനമേ ഈടാക്കുന്നുള്ളൂ എന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായവും രാജ്യാന്തര വ്യാപാര, വാണിജ്യരംഗത്ത് താൽകാലിക ആശ്വാസത്തിന് വഴിവച്ചു.
താരിഫ് സമ്മർദം അകലുന്നുവെന്ന വിലയിരുത്തൽ സ്വർണത്തിന് തിരിച്ചടിയാവുകയായിരുന്നു. യുഎസ് ഏർപ്പെടുത്തുന്ന താരിഫിന് മറ്റു രാജ്യങ്ങൾ അതേ നാണയത്തിൽ തിരിച്ചടിക്കാനും തുടങ്ങിയതോടെ ആഗോള വ്യാപാരയുദ്ധം കലുഷിതമാകുമെന്ന ഭീതി ശക്തമായിരുന്നു. ഇതോടെ ഓഹരി, കടപ്പത്ര വിപണികൾ നഷ്ടത്തിലേക്കു വീണ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞയാഴ്ചകളിലെ സ്വർണവിലക്കുതിപ്പ്. ഇപ്പോൾ, വ്യപാരയുദ്ധം തണുക്കുന്ന സൂചനകളെ തുടർന്നാണ് സ്വർണവില താഴേക്കുനീങ്ങിയത്.
സ്വർണം വാങ്ങേണ്ടവർക്ക് ഇതു ‘സുവർണാവസരം’
സ്വർണവില നിലവിൽ താഴേക്കുനീങ്ങിയെങ്കിലും അതു താൽകാലികം മാത്രമെന്നാണ് പൊതുവിലയിരുത്തൽ. വരുംദിവസങ്ങളിലായി വില വീണ്ടും കുതിച്ചുയർന്നേക്കാമെന്ന് നിരീക്ഷകർ പറയുന്നു. നിലവിൽ 3,016 ഡോളറാണ് രാജ്യാന്തവില. ഇതു വൈകാതെ 3,058 ഡോളർ എന്ന റെക്കോർഡ് ഭേദിച്ചുയർന്നേക്കാം. സ്വർണം വൻതോതിൽ വാങ്ങാൻ താൽപര്യമുള്ളവർ നിലവിലെ വിലക്കുറവ് പ്രയോജനപ്പെടുത്തി അഡ്വാൻസ് ബുക്കിങ് സൗകര്യം ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഇതു കൂടുതൽ നേട്ടമാവുക. ഒട്ടുമിക്ക ജ്വല്ലറികളും മുൻകൂർ ബുക്കിങ് സൗകര്യം ലഭ്യമാക്കുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ നിശ്ചിത ശതമാനം തുക മുൻകൂർ നൽകി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏറ്റവും കുറഞ്ഞവിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് നേട്ടം.
ബുക്ക് ചെയ്തശേഷം വില വൻതോതിൽ കുറയുന്നദിവസം ഷോറൂമിലെത്തി സ്വർണം വാങ്ങിയാൽ മതിയാകും. സ്വർണത്തിന് 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയുണ്ടെന്നതും ഓർക്കണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വർണവിലയും ഇന്നു ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,765 രൂപയായി. കനംകുറഞ്ഞ ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. ചില ജ്വല്ലറികളിൽ ഇന്നു ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 6,715 രൂപയാണ്. വെള്ളിവില ഗ്രാമിന് 108 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.