ഒരിടവേളയ്ക്കുശേഷം മധ്യേഷ്യ വീണ്ടും യുദ്ധകലുഷിതമാകുന്നുവെന്ന ഭീതി രാജ്യാന്തരതലത്തിൽ സ്വർണം, ക്രൂഡ് ഓയിൽ വിലകൾ കത്തക്കയറാൻ ഇടയാക്കുന്നു. അതേസമയം, ഓഹരി വിപണികൾ കനത്ത ടെൻഷനിലുമായി.
ഇറാനെ ഉന്നമിട്ട് ‘അർമാഡ’ പുറപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ‘അർമാഡ’ കാട്ടി വിരട്ടേണ്ടെന്നും ‘‘ഏതു തരത്തിലുള്ള ആക്രമണമായാലും – സർജിക്കൽ ആയാലും അല്ലെങ്കിലും ചെറുതായാലും വലുതായാലും, അതിനെ നിങ്ങൾ എന്തു പേരിട്ടുവിളിച്ചാലും ഞങ്ങളതിനെ യുദ്ധമായി കാണും, സമ്പൂർണ യുദ്ധമാകും ഫലം’’, ഇറാൻ പ്രതികരിച്ചു.
യുഎസ് വിമാനവാഹിനി കപ്പലുകളുടെ നേതൃത്വത്തിലുള്ള വൻ പടയെയാണ് ‘അർമാഡ’ എന്നു വിളിക്കുന്നത്.
യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, അനുബന്ധ വെസ്സലുകൾ, വൻ ആയുധശേഖരങ്ങൾ, യുദ്ധവിമാനങ്ങൾ, സൈനികർ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് അർമാഡ. ഇറാന്റെ സൈന്യം സർവസജ്ജമാണെന്നും വിരലുകൾ കാഞ്ചി വലിക്കാൻ തയാറായി നിൽക്കുകയാണെന്നും ഇറാൻ നേതൃത്വം പ്രതികരിച്ചിട്ടുണ്ട്.
യുഎസിൽ നിന്ന് ഏതുതരത്തിലുള്ള ആക്രമണമുണ്ടായാലും ഇറാൻ തിരിച്ചടി തുടങ്ങിയാൽ ഇറാന്റെ ബദ്ധവൈരിയായ ഇസ്രയേലും കളത്തിലിറങ്ങിയേക്കാം.
കഴിഞ്ഞവർഷം ഇത്തരത്തിൽ ആക്രമണമുണ്ടായപ്പോൾ ഖത്തറിലെ യുഎസ് സൈനികത്താവളമുന്നമിട്ട് ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. മധ്യേഷ്യയിൽ യുഎസ് താവളങ്ങൾ തിരഞ്ഞുപിടിച്ചുള്ള ആക്രമണമായിരിക്കും ഇത്തവണയും ഇറാൻ നടത്തിയേക്കുക.
മധ്യേഷ്യ വീണ്ടും യുദ്ധകലുഷിതമാകുന്നുവെന്ന വിലയിരുത്തൽ ഇതിനകംതന്നെ ക്രൂഡ് ഓയിൽ വിലയിൽ കുതിച്ചുകയറ്റം സൃഷ്ടിച്ചുകഴിഞ്ഞു.
നിലവിൽ ഡബ്ല്യുടിഐ ക്രൂഡ് വിലയുള്ളത് ബാരലിന് 2.88% മുന്നേറ്റവുമായി 61.07 ഡോളറിലാണ്. ബ്രെന്റ് വില 2.84% കുതിച്ച് 65.88 ഡോളറിലുമെത്തി.
റഷ്യൻ എണ്ണയ്ക്ക് ബദലെന്നോണം ഇന്ത്യ ഇപ്പോൾ വലിയതോതിൽ വാങ്ങുന്ന യുഎഇയുടെ മർബൻ ക്രൂഡിന്റെ വില 1.87% വർധിച്ച് 65.94 ഡോളറുമായി. ഉപഭോഗത്തിനുള്ള 85-90% എണ്ണയും പുറത്തുനിന്ന് വാങ്ങുന്ന ഇന്ത്യയ്ക്ക് വിലക്കയറ്റം വലിയ തിരിച്ചടിയാകും.
രാജ്യാന്തര എണ്ണവിപണിയിൽ ഇപ്പോൾ ഇറാൻ വലിയ ശക്തിയല്ല.
എന്നാൽ, മധ്യേഷ്യയിൽ നിന്ന് രാജ്യാന്തര വിപണിയിലെത്തുന്ന എണ്ണയുടെ മുന്തിയപങ്കും ഒഴുകുന്നത് ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസ് കടലിടുക്ക് വഴിയാണ്. യുദ്ധമുണ്ടായാൽ ഇറാൻ ഈ പാത അടച്ചേക്കാം.
അങ്ങനെയെങ്കിൽ എണ്ണവിതരണം തടസ്സപ്പെടുകയും വില ഇതിലുമേറെ കുതിക്കുകയും ചെയ്യും.
യുദ്ധകാലത്ത് പൊതുവേ ‘സുരക്ഷിത നിക്ഷേപം’ എന്ന നിലയിൽ സ്വർണത്തിന് വലിയ ഡിമാൻഡ് കിട്ടുകയും വില കൂടാറുമുണ്ട്. ഈ ട്രെൻഡ് ഇപ്പോൾ പ്രകടമാണ്.
രാജ്യാന്തര സ്വർണവില നിലവിലുള്ളത് ഔൺസിന് 78.97 ഡോളർ വർധിച്ച് 4,988.56 ഡോളറിൽ. ഇങ്ങനെപോയാൽ വില 5,400 ഡോളർ കടക്കുമെന്ന് രാജ്യാന്തര ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ് ഉൾപ്പെടെ പ്രവചിക്കുന്നുമുണ്ട്.
കേരളത്തിൽ ഇന്നലെ 2 തവണയായി സ്വർണവില വർധിച്ച് പവന് 1.17 ലക്ഷം രൂപയിൽ എത്തിയിരുന്നു.
രാജ്യാന്തരവില 5,000 ഭേദിച്ചാൽ കേരളത്തിൽ വില നികുതിയും പണിക്കൂലിയും കൂടാതെതന്നെ പവന് 1.25 ലക്ഷം രൂപ കടക്കും. ക്രൂഡ് ഓയിൽ വില ഉയരുന്നത് രൂപയെ കൂടുതൽ തളർത്തുമെന്നതും ഫലത്തിൽ സ്വർണവില വർധനയുടെ ആക്കംകൂടാനിടയാക്കും.
കാരണം, രൂപയുടെ മൂല്യം ദുർബലമാകുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടും. ഇത് സ്വർണവില നിർണയത്തിൽ പ്രതിഫലിക്കും.
അതേസമയം, ഇറാൻ-യുഎസ് യുദ്ധഭീതി, സമാധാന ചർച്ചയ്ക്കിടയിലും അയവില്ലാത്ത യുക്രെയ്ൻ-റഷ്യ സംഘർഷം, ഗ്രീൻലൻഡ് വേണമെന്ന ട്രംപിന്റെ പിടിവാശിയും തരില്ലെന്ന് ഉറച്ചുനിൽക്കുന്ന യൂറോപ്പിന്റെ നിലപാടും, ചൈനയുമായുള്ള ഡീലിന്റെ പേരിൽ കാനഡയ്ക്കുമേൽ 100% അധികത്തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ പുതിയ നടപടി, ക്രൂഡ് ഓയിൽ വിലവർധന, രൂപയുടെ വീഴ്ച, വിദേശ നിക്ഷേപത്തിലെ നഷ്ടം എന്നിവയെല്ലാം ഇന്ത്യൻ ഓഹരി വിപണികൾക്ക് കനത്ത സമ്മർദമാവുകയാണ്.
കഴിഞ്ഞ സെഷനിൽ നിഫ്റ്റി 241 പോയിന്റും (-0.95%) സെൻസെക്സ് 769 പോയിന്റും (-0.94%) ഇടിഞ്ഞിരുന്നു.
നിക്ഷേപകർക്ക് ഒറ്റദിവസം നഷ്ടമായത് 7 ലക്ഷം കോടിയോളം രൂപയുമാണ്. റിപ്പബ്ലിക് ദിനം പ്രമാണിച്ച് നാളെ (തിങ്കൾ) ഇന്ത്യൻ ഓഹരി വിപണിക്ക് അവധിയാണെന്നത് ആശ്വാസമാണ്.
അതേസമയം, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ ഉടൻ യാഥാർഥ്യമാകുന്നതും ഇന്ത്യയ്ക്കുമേലുള്ള 25% പിഴത്തീരുവ യുഎസ് ഉടൻ വെട്ടിക്കുറച്ചേക്കുമെന്ന ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റിന്റെ വാക്കുകളും വിപണിക്ക് കരുത്താകും.
അതേസമയം, യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇറാനിലെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ കടുത്ത നടപടിക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് ഇന്ത്യ വോട്ടു ചെയ്തത് ശ്രദ്ധേയമായി. 25 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു.
14 രാജ്യങ്ങൾ വിട്ടുനിന്നു. 7 രാജ്യങ്ങൾ എതിർവോട്ട് ചെയ്തു.
പ്രമേയത്തെ എതിർത്തതിന് ഇന്ത്യയ്ക്ക് ഇറാൻ നന്ദിയും പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

