യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തൊടുത്ത ‘ഉപരോധ മിസൈലേറ്റ്’ ആകെ ഉലഞ്ഞ് റഷ്യ. ഉപരോധ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികളും റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് തൽക്കാലത്തേക്ക് നിർത്താൻ തീരുമാനിച്ചു.
ചൈനയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ സിനോപെക്, പെട്രോചൈന, സിനൂക്, ഷെൻഹുവ ഓയിൽ എന്നിവയാണ് റഷ്യയുമായുള്ള ഹ്രസ്വകാല കരാറിൽ നിന്ന് പിൻവാങ്ങിയത്.
പ്രതിദിനം ശരാശരി 16 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2025ന്റെ ആദ്യ 9 മാസം കണക്കിലെടുത്താൽ പ്രതിദിന ശരാശരി 19 ലക്ഷം ബാരലാണ്.
ചൈനീസ് കമ്പനികൾ കടൽവഴി മാത്രം പ്രതിദിനം 14 ലക്ഷം ബാരൽവീതം എണ്ണ റഷ്യയിൽ നിന്ന് വാങ്ങിയിരുന്നു. നിലവിൽ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയും ഇന്ത്യയും കൈവിടുന്നത് പുട്ടിന് കനത്ത ആഘാതമാകും.
റഷ്യയിലെ വമ്പൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്കും ഇവയുടെ ഉപസ്ഥാപനങ്ങൾക്കുമാണ് അമേരിക്കയുടെ ഉപരോധം ബാധകം.
യുഎസിന്റെ തീരുവ ‘സീരിയസ്’ ആണെന്നും ആഘാതം കടുത്തതായിരിക്കുമെന്നും സമ്മതിച്ച റഷ്യൻ പ്രസിഡന്റ് പുട്ടിൻ പക്ഷേ, സമ്പദ്വ്യവസ്ഥയെ അതു ബാധിക്കില്ലെന്ന് വ്യക്തമാക്കി. മെച്ചപ്പെട്ടുവരികയായിരുന്ന യുഎസ്-റഷ്യ ബന്ധത്തിനാണ് ഉപരോധം വഴി ട്രംപ് തടയിട്ടതെന്നും ഇതു ശത്രുതാപരമായ നീക്കമാണെന്നും പുട്ടിൻ പറഞ്ഞു.
യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ തകർക്കുന്നതാണ് യുഎസ് ഉപരോധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രതികരിച്ചു.
ഉപരോധം ബാധിക്കാതിരിക്കാനുള്ള പ്രതിരോധശക്തി റഷ്യയ്ക്കുണ്ടെന്നും മരിയ പറഞ്ഞു.
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസ്, ഇറക്കുമതി തൽക്കാലം നിർത്തിവയ്ക്കുന്നതായി വ്യക്തമാക്കിയിരുന്നു. റഷ്യൻ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്ന് പ്രതിദിനം 5 ലക്ഷം ബാരൽ വീതം എണ്ണ വാങ്ങാമെന്ന കരാറിൽ നിന്നും റിലയൻസിന് പിന്മാറേണ്ടിവരും.
ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ, മാംഗ്ലൂർ റിഫൈനറി തുടങ്ങിയവയും റഷ്യയുമായി നേരിട്ടുള്ള ഇടപാട് നിർത്തി.
ഉപരോധം ബാധകമല്ലാത്ത യൂറോപ്യൻ വിതരണക്കാരിൽ നിന്ന് തുടർന്നും ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങിയേക്കാം; എങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കുതിച്ചുകയറി എണ്ണയും സ്വർണവും
റഷ്യൻ കമ്പനികൾക്കുമേൽ ട്രംപ് ഉപരോധം പ്രഖ്യാപിക്കുകയും പിന്നാലെ ഇന്ത്യയും ചൈനയും റഷ്യൻ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയും ചെയ്തതിനു പിന്നാലെ കുതിച്ചുകയറി രാജ്യാന്തര ക്രൂഡ് ഓയിൽ വില. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 6.05% മുന്നേറി 62.04 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 5.53% ഉയർന്ന് 66.05 ഡോളറിലുമെത്തി.
റഷ്യയിൽ നിന്നുള്ള എണ്ണ വിതരണം നിലയ്ക്കുമെന്നതും ഇന്ത്യയും ചൈനയും ബദൽ സ്രോതസ്സുകളിലേക്ക് തിരിയുമെന്നതുമാണ് വിലക്കുതിപ്പിന് വളമിട്ടത്.
അതേസമയം, ഇപ്പോൾ വില അൽപം താഴ്ന്നിട്ടുണ്ട്. ഇന്നുരാവിലെ ഡബ്ല്യുടിഐ ക്രൂഡുള്ളത് ബാരലിന് 0.55% താഴ്ന്ന് 61.45 ഡോളറിലും ബ്രെന്റ് ഉള്ളത് 0.55% കുറഞ്ഞ് 65.63 ഡോളറിലുമാണ്.
ലാഭമെടുപ്പിനെ തുടർന്ന് കഴിഞ്ഞദിവസം ഔൺസിന് 4,381 ഡോളറിൽ നിന്ന് 4,009 ഡോളർ വരെ താഴ്ന്ന രാജ്യാന്തര സ്വർണവില, നിലവിൽ ഉയരുന്നതാണ് ട്രെന്ഡ്.
ഇന്നുരാവിലെ വിലയുള്ളത് 64 ഡോളർ ഉയർന്ന് 4,144 ഡോളറിൽ. ഇതേ ട്രെൻഡ് തുടർന്നാൽ, കേരളത്തിലും ഇന്ന് വില ഉയർന്നേക്കാം.
ഓഹരികളിൽ ട്രംപ്-ഷി ആവേശം
റഷ്യ-യുഎസ് ബന്ധം വീണ്ടും ഉലയുകയാണെങ്കിലും മറുവശത്ത് ചൈന-യുഎസ് വ്യാപാരയുദ്ധം വൈകാതെ അവസാനിച്ചേക്കുമെന്ന സൂചനകൾ ആഗോളതലത്തിൽ ഓഹരി വിപണികൾക്ക് ആവേശമാകുകയാണ്.
യുഎസ്, ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികളെല്ലാം പച്ചപുതച്ചുവെന്നത് ഇന്ത്യൻ വിപണിക്കും നല്ല പ്രതീക്ഷ നൽകുന്നു. കോർപ്പറേറ്റ് കമ്പനികളുടെ സെപ്റ്റംബർപാദ പ്രവർത്തനഫലം സമ്മിശ്രമാണെങ്കിലും വിപണികൾ പോസിറ്റീവ് ട്രാക്കിലാണ്.
∙ യുഎസിൽ ഡൗ ജോൺസ് 0.31%, നാസ്ഡാക് 0.89%, എസ് ആൻഡ് പി 500 സൂചിക 0.58% എന്നിങ്ങനെ ഉയർന്നു.
∙ യുഎസ് ഫ്യൂച്ചേഴ്സിൽ ഡൗ പക്ഷേ 0.04% താഴ്ന്നു.
നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.2%, എസ് ആൻഡ് പി 0.06% എന്നിങ്ങനെ നേട്ടമുണ്ടാക്കി. ചിപ് നിർമാതാക്കളായ ഇന്റലിന്റെ ഓഹരി 7% ഉയർന്നു.
പ്രതീക്ഷകളെ കടത്തിവെട്ടിയ പ്രവർത്തനഫലം നേട്ടമായി.
യുഎസിന്റെ കഴിഞ്ഞമാസത്തെ പണപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരുമെന്നത് ഏറെ നിർണായകമാണ്. യുഎസ് സമ്പദ്വ്യവസ്ഥയുടെ ദിശ, പലിശനിരക്കിന്റെ ഭാവി എന്നിവ സംബന്ധിച്ച സൂചന അതിൽനിന്ന് ലഭിക്കും.
താരിഫ് ആഘാതം വിപണിയെ ഉലച്ചോയെന്നും വ്യക്തമാകും.
ഒക്ടോബർ 15നാണ് പണപ്പെരുപ്പക്കണക്ക് പുറത്തുവരേണ്ടിയിരുന്നത്. എന്നാൽ, ട്രംപ് ഭരണകൂടം ഷട്ട്ഡൗണിലേക്ക് വീണതിനാൽ കണക്ക് പുറത്തുവിടുന്നത് നീട്ടിവയ്ക്കുകയായിരുന്നു.
ഷട്ട്ഡൗൺ ഒഴിവാക്കാനുള്ള ബിൽ സെനറ്റിൽ വീണ്ടും ‘തോറ്റു’. ട്രംപ് ഭരണകൂടത്തിന് അത് വൻ തിരിച്ചടിയുമാണ്.
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ഗവൺമെന്റ് ഷട്ട്ഡൗണാണ് ഇപ്പോഴത്തേത്.
ദക്ഷിണ കൊറിയയിൽവച്ച് വൈകാതെ ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന പ്രതീക്ഷകളുമാണ് ആഗോള ഓഹരി വിപണികളിൽ ആവേശമാകുന്നത്. ജാപ്പനീസ് നിക്കേയ് 1.34%, ചൈനയിൽ ഷാങ്ഹായ് 0.24%, ഹോങ്കോങ് 0.67%, യൂറോപ്പിൽ എഫ്ടിഎസ്ഇ 0.67%, ഡാക്സ് 0.23% എന്നിങ്ങനെ നേട്ടത്തിലേറി.
ചൈനയുമായി ‘ഉഗ്രൻക്ഷ കരാറിൽ എത്താനാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎസ് പ്രഖ്യാപിച്ച 155% അധികത്തീരുവയും സോഫ്റ്റ്വെയർ കയറ്റുമതി നിയന്ത്രണവും ഒഴിവാകുമെന്ന പ്രതീക്ഷയാണ് ചൈനയ്ക്കുമുള്ളത്.
പ്രതീക്ഷയോടെ ഇന്ത്യയും
ഇന്നലെ സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടം സ്വന്തമാക്കിയെങ്കിലും ഉച്ചയ്ക്കുശേഷം ആഞ്ഞടിച്ച ലാഭമെടുപ്പിന്റെ കാറ്റ് തിരിച്ചടിയായി.
ഒരുവേള 700ലേറെ പോയിന്റ് ഉയർന്ന സെൻസെക്സിന് നേട്ടം 130 പോയിന്റിലേക്ക് ഒതുക്കേണ്ടിവന്നു. 26,000 കടന്ന നിഫ്റ്റി 25,891ലേക്കും ഇറങ്ങി.
ഇന്നുരാവിലെ ഗിഫ്റ്റ് നിഫ്റ്റി 70 പോയിന്റ് നേട്ടത്തിലാണുള്ളത്. സെൻസെക്സും നിഫ്റ്റിയും ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങിയേക്കും.
മലേഷ്യയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ മോദിയും ട്രംപും തമ്മിൽ കാണുമെന്നും ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപിക്കുമെന്നുമുള്ള റിപ്പോർട്ടുകളായിരുന്നു വിപണിക്ക് ഇന്നലെ ഊർജം പകർന്നത്.
ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ ട്രംപ് 15-16 ശതമാനത്തിലേക്ക് താഴ്ത്തുമെന്നും കരുതുന്നു. എന്നാൽ, ആസിയാനിലേക്ക് മോദി പോകുന്നില്ലെന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തുവന്നത് ഓഹരികളിൽ ലാഭമെടുപ്പ് സമ്മർദത്തിന് വഴിവച്ചു.
ഓഹരി ബൈബാക്കിന്റെ പശ്ചാത്തലത്തിൽ ഇൻഫോസിസ് ഓഹരിയും ഐടി കമ്പനികളിൽ പൊതുവേയുണ്ടായ വാങ്ങൽ ട്രെൻഡും ഓഹരി വിപണികൾക്ക് ഇന്നലെ നേട്ടമായിരുന്നു.
ഇന്ത്യയും യുഎസും തമ്മിൽ ഇരു രാജ്യങ്ങൾക്കും പ്രയോജപ്പെടുന്ന മികച്ച കരാറിൽ വൈകാതെ എത്തുമെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞതും വിപണിക്ക് കരുത്ത് പകർന്നേക്കും. കയറ്റുമതി രംഗത്തെ കമ്പനികൾ, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാകും ഇന്ന് കൂടുതൽ ശ്രദ്ധനേടുക.
ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ ലൈഫ്, ഐടിസി ഹോട്ടൽസ്, ആദിത്യ ബിർള സൺലൈഫ്, എസ്ബിഐ കാർഡ്സ്, സുപ്രീം പെട്രോകെം തുടങ്ങിയവയാണ് ഇന്ന് പ്രവർത്തനഫലം പുറത്തുവിടുന്നത്.
∙ സേനകളുടെ ആയുധശേഷി വർധിപ്പിക്കാനായി 79,000 കോടി രൂപയുടെ ഡീലിന് കേന്ദ്രം പച്ചക്കൊടി വീശിയിട്ടുണ്ട്.
പ്രതിരോധ രംഗത്തെ കമ്പനികളുടെ ഓഹരികൾക്ക് ഇത് കുതിക്കാനുള്ള ഊർജമായേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

