
വിവാഹ ആവശ്യത്തിനുൾപ്പെടെ ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആശ്വാസവുമായി സ്വർണവിലയിൽ ഇന്ന് മികച്ച കുറവ്. പവന് 440 രൂപ കുറഞ്ഞ് വില 58,280 രൂപയായി. 55 രൂപ താഴ്ന്നിറങ്ങി 7,285 രൂപയിലാണ് ഗ്രാം വിലയുള്ളത്. അതേസമയം, രണ്ടാഴ്ച കൊണ്ട് പവന് 2,520 രൂപയും ഗ്രാമിന് 315 രൂപയും കൂടിയശേഷമാണ് ഇന്ന് വില അൽപം കുറഞ്ഞത്. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,010 രൂപയായി. റെക്കോർഡ് ഉയരത്തിൽ നിന്ന് വെള്ളിയും മെല്ലെ താഴെയിറങ്ങി. ഇന്നുവില ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപ.
സ്വർണ, എംഎസ്എംഇ വായ്പകൾ വളർത്താൻ സൗത്ത് ഇന്ത്യൻ ബാങ്ക്; നിക്ഷേപങ്ങൾക്കും ഊന്നൽ
ലാഭമെടുപ്പ് തകൃതിയായി, വില താഴോട്ടിറങ്ങി
രാജ്യാന്തര വിപണിയിലെ റെക്കോർഡ് വിലവർധന മുതലെടുത്ത് സ്വർണനിക്ഷേപ പദ്ധതികളിൽ നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയത് വില കുറയാനിടയാക്കി. ഇന്നലെ ഔൺസിന് 2,758 ഡോളർ എന്ന സർവകാല റെക്കോർഡിലായിരുന്ന രാജ്യാന്തര വില, ഇന്ന് 2,713 ഡോളറിലേക്ക് ഇടിഞ്ഞു. എന്നാൽ, നിലവിൽ ചെറിയ കരകയറ്റം കാണാം. വില 2,726 ഡോളർ വരെ തിരിച്ചുകയറിയിട്ടുണ്ട്.
ഡിസംബറിലും പലിശകുറയ്ക്കുമെന്ന മുൻനിലപാടിൽ നിന്ന് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് മലക്കംമറിഞ്ഞേക്കുമെന്ന വിലയിരുത്തൽ ശക്തമായതും സ്വർണത്തിന് തിരിച്ചടിയായി. പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിത്തുടങ്ങിയതോടെ യുഎസ് സർക്കാരിന്റെ കടപ്രത്രങ്ങളുടെ ആദായനിരക്ക് (ട്രഷറി യീൽഡ്) മെച്ചപ്പെട്ടു. 10-വർഷ ട്രഷറി യീൽഡ് ജൂലൈക്ക് ശേഷം ആദ്യമായി 4.25% കടന്നു. ബോണ്ട് യീൽഡ് വർധിച്ചാൽ നിക്ഷേപകർ സ്വർണനിക്ഷേപ പദ്ധതികളെ കൈവിട്ട് ബോണ്ടിലേക്ക് തിരികെയെത്തും. ഇത് സ്വർണവിലയെ താഴേക്ക് നയിക്കും.
ഇനി വില എങ്ങോട്ട്?
ഇസ്രയേൽ-ഹമാസ് സംഘർഷം കടുക്കുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്. ഇത് സ്വർണനിക്ഷേപ പദ്ധതികൾക്കാണ് നേട്ടമാവുക. വില മുന്നോട്ട് നീങ്ങും. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിൽ പലിശനിരക്ക് കുറച്ചേക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. 0.25% ഇളവാണ് പ്രതീക്ഷിച്ചിരുന്നത്. പലിശകുറയ്ക്കാനുള്ള സാധ്യത മങ്ങിത്തുടങ്ങിയെങ്കിലും ചില സർവേകൾ ഇപ്പോഴും 0.25% ഇളവ് ഉണ്ടാകുമെന്ന് വിലയിരുത്തുന്നുണ്ട്.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് ജയിക്കാനുള്ള സാധ്യതയും ഉയരുന്നു. ചില ബെറ്റിങ് ആപ്പുകളെല്ലാം പ്രവചിക്കുന്നത് കമല ഹാരിസിനെ ട്രംപ് തോൽപ്പിക്കുമെന്നാണ്. ട്രംപിന്റെ സാമ്പത്തികനയങ്ങൾ പണപ്പെരുപ്പം കൂടാനിടയാക്കുന്നതാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇത് പലിശ കുറയാനുള്ള സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കും.
ഫലത്തിൽ, സ്വർണവിലയുടെ കുതിപ്പും നിലയ്ക്കും. എന്നാൽ, പലിശ കുറയ്ക്കാനുള്ള മുൻനിലപാടിൽ യുഎസ് ഫെഡറൽ റിസർവ് ഉറച്ചുനിൽക്കുകയും ഭൗമരാഷ്ട്രീയ സംഘർഷം അറുതിയില്ലാതെ തുടരുകയും െചയ്താൽ രാജ്യാന്തര സ്വർണവില അടുത്ത പ്രതിരോധ നിരക്കായ 2,750 ഡോളർ ഭേദിക്കുമെന്നും തുടർന്ന് 2,800 ഡോളറിലേക്ക് നീങ്ങിയേക്കുമെന്നും നിരീക്ഷകർ പറയുന്നു.
മറിച്ച്, യുഎസ് ഫെഡറൽ റിസർവ് നിലപാട് മാറ്റുകയും സാഹചര്യം സ്വർണത്തിന് പ്രതികൂലമാകുകയും ചെയ്താൽ വില 2,662 ഡോളർ വരെ താഴാനുള്ള സാധ്യതയും നിരീക്ഷകർ കാണുന്നുണ്ട്. ഫലത്തിൽ, സ്വർണവിലയെ രാജ്യാന്തര-ആഭ്യന്തരതലങ്ങളിൽ കാത്തിരിക്കുന്നത് കനത്ത ചാഞ്ചാട്ടത്തിന്റെ ദിനങ്ങളായിരിക്കും.
ഇന്ന് ജിഎഎസ്ടി ഉൾപ്പെടെ വില
3 ശതമാനം ജിഎസ്ടിയാണ് സ്വർണത്തിനുള്ളത്. സ്വർണാഭരണത്തിന് 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജുമുണ്ട് (53.10 രൂപ). പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ കേരളത്തിൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 63,084 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് 7,885 രൂപയും. ഇന്നലെ പവന് 63,560 രൂപയും ഗ്രാമിന് 7,945 രൂപയുമായിരുന്നു വാങ്ങൽ വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]