യുക്രെയ്ൻ വിഷയത്തിൽ നിലപാട് അടിമുടി മാറ്റി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ തടസ്സം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയാണെന്നും യുക്രെയ്ന്റെ ചില ഭാഗങ്ങൾ റഷ്യയ്ക്കു വിട്ടുനൽകണമെന്നും നേരത്തേ ആവശ്യപ്പെട്ട
ട്രംപ്, ഇന്നലെ യുഎന്നിലെ തന്റെ പ്രസംഗത്തിൽ നിലപാട് തിരുത്തി. റഷ്യ വെറും കടലാസ് പുലിയാണെന്നും 3 ദിവസം കൊണ്ട് നിർത്താമായിരുന്ന യുദ്ധം മൂന്നരവർഷമായിട്ടും നടക്കുകയാണെന്നും ട്രംപ് പരിഹസിച്ചു.
യുക്രെയ്ൻ ജയിക്കുമെന്നും കൈവിട്ട ഭൂമിയെല്ലാം യുദ്ധത്തിന് മുൻപത്തെ സ്ഥിതിയിലേക്ക് തിരിച്ചുപിടിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തേ അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷവും ട്രംപ് വിമർശനങ്ങൾ തൊടുത്തത് സെലെൻസ്കിക്ക് നേരെയായിരുന്നു.
എന്നാൽ, പുട്ടിൻ വലിയ കുരുക്കിലേക്കാണ് നീങ്ങുന്നതെന്നും റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലും ഇന്നലെ ട്രംപ് വ്യക്തമാക്കി. അതിർത്തി കടന്നാൽ റഷ്യൻ ഡ്രോണുകൾ വെടിവച്ചിടാൻ യൂറോപ്യൻ രാഷ്ട്രങ്ങളോടും നാറ്റോയോടും ട്രംപ് ആവശ്യപ്പെട്ടു.
നാറ്റോയ്ക്ക് ആയുധങ്ങൾ നൽകുന്നത് യുഎസ് തുടരും; അതുകൊണ്ടവർക്ക് വേണ്ടതു ചെയ്യാം – ട്രംപ് പറഞ്ഞു.
റഷ്യൻ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയും ചൈനയും നാറ്റോ രാഷ്ട്രങ്ങളുമാണെന്ന തന്റെ വാദം ട്രംപ് യുഎന്നിലും ആവർത്തിച്ചു. ട്രംപിന്റെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്ന് സെലെൻസ്കിയും പറഞ്ഞു.
അതേസമയം, ആവേശം കൊള്ളേണ്ടെന്ന പ്രതികരണവുമായി റഷ്യ രംഗത്തെത്തി. ട്രംപിന്റെ ഓരോ ട്വീറ്റിലും ആവേശം വേണ്ടെന്ന് യുഎന്നിലെ റഷ്യൻ ഡപ്യൂട്ടി അംബാസഡർ ദിമിത്രി പോല്യാൻസ്കി പറഞ്ഞു.
റഷ്യ ക്ഷമ പരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.
സമാധാന ഉടമ്പടിക്കായാണ് യുഎസ് ശ്രമിക്കുന്നത്. അതിനു സാധ്യമാകാത്ത സാഹചര്യമാണെങ്കിൽ വേണ്ടത് ചെയ്യാനും അറിയാം.
യുക്രെയ്ന് പുറമേ മറ്റ് യൂറോപ്യൻ രാജ്യങ്ങളുെട വ്യോമമേഖലയിലേക്കും റഷ്യ ഡ്രോണുകളും യുദ്ധവിമാനങ്ങളും അയക്കുന്നത് പ്രകോപനമാണെന്നും റൂബിയോ പറഞ്ഞു.
പുട്ടിന്റെ നിലപാടിൽ യുഎസിന് കടുത്ത അമർഷമുണ്ട്.
റഷ്യയ്ക്കുമേൽ കൂടുതൽ ഉപരോധം പരിഗണിക്കും. യൂറോപ്യൻ യൂണിയനും അതിനു ശ്രമിക്കേണ്ടതാണെങ്കിലും അവരത് ചെയ്യുന്നില്ല.
ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്നുവെന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും റൂബിയോ വ്യക്തമാക്കി.
കുതിപ്പിൽ എണ്ണ വില
യൂറോപ്യൻ രാഷ്ട്രങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെ കുതിച്ചുകയറി രാജ്യാന്തര എണ്ണവില.
യുഎസിൽ ഉൽപാദനം കുറഞ്ഞതും തിരിച്ചടിയായി. ബ്രെന്റ് വില ബാരലിന് കഴിഞ്ഞ ദിവസത്തെ 65 ഡോളരിൽ നിന്ന് 67.85 ഡോളറിലേക്കും ഡബ്ല്യുടിഐ വില 61 ഡോളർ നിലവാരത്തിൽ നിന്ന് 63.66 ഡോളറിലേക്കും ഉയർന്നു.
എണ്ണ വില കൂടുന്നത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയാണ്.
ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വില കൂടുന്നത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടാനും പണപ്പെരുപ്പം വർധിക്കാനും വഴിവയ്ക്കും.
രൂപയുടെ മൂല്യം കൂടുതൽ ദുർബലവുമാകും. ഇന്നലെ ഡോളറിനെതിരെ രൂപ 88.53 എന്ന റെക്കോർഡ് താഴ്ചയിലേക്ക് പതിച്ചിരുന്നു.
തളർച്ചയിലേക്ക് ഇന്ത്യൻ ഓഹരികൾ
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റിയുള്ളത് 65 പോയിന്റ് നഷ്ടത്തിലായിരുന്നു.
സെൻസെക്സും നിഫ്റ്റിയും ഇന്നും നഷ്ടത്തിൽ തുടങ്ങുമെന്ന സൂചന ഇതു നൽകുന്നു. യുഎസിൽ ഡൗ ജോൺസ് 0.39%, നാസ്ഡാക് 0.95%, എസ് ആൻഡ് പി500 സൂചിക 0.55%, ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.39% എന്നിങ്ങനെ നഷ്ടത്തിലായതും ഇന്ത്യയിൽ അലയടിക്കും.
യുഎസ് ഓഹരികൾക്ക് അധികരിച്ച വിലയാണുള്ളതെന്ന (ഓവർവാല്യൂഡ്) ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവന വിപണിയെ ഉലച്ചു.
ഓപ്പൺഎഐയിൽ 100 ബില്യൻ ഡോളർ നിക്ഷേപിക്കാനുള്ള പ്രമുഖ ചിപ് നിർമാതാക്കളായ എൻവിഡിയയുടെ നീക്കം വിപണിക്ക് ആവേശം പകർന്നെങ്കിലും പിന്നീട് ആശങ്കയ്ക്ക് വഴിമാറി. നിക്ഷേപം പ്രായോഗികമാകുമോയെന്ന വിലയിരുത്തൽ ഉയർന്നതാണ് തിരിച്ചടിയായത്.
∙ ഇന്ത്യയിൽ വിദേശ നിക്ഷേപകർ (എഫ്ഐഐ) വീണ്ടും വിറ്റൊഴിയൽ നിലപാട് ശക്തമാക്കിയതും ആശങ്കയാണ്.
ഇന്നലെ അവർ 3,551 കോടി രൂപയാണ് ഇന്ത്യൻ ഓഹരികളിൽ നിന്ന് പിൻവലിച്ചത്.
∙ ട്രംപ് പ്രഖ്യാപിച്ച എച്ച്1ബി ഫീസ് വർധന ഇന്നലെയും ഐടി കമ്പനികളുടെ ഓഹരികളെ സമ്മർദത്തിലാക്കി.
∙ യുഎസിൽ അടിസ്ഥാന പലിശനിരക്ക് തുടർച്ചയായി കുറയ്ക്കാനുള്ള സാധ്യത വിരളമാണെന്ന ജെറോം പവലിന്റെ അഭിപ്രായവും ആഗോള ഓഹരി വിപണിക്കുമേൽ നിരാശ പടർത്തിയിട്ടുണ്ട്.
∙ അതേസമയം, പവലിന്റെ പലിശ സംബന്ധിച്ച പ്രസ്താവനയ്ക്ക് പിന്നാലെ സ്വർണവില അൽപം താഴ്ന്നിറങ്ങി. ഇന്നലെ ഔൺസിന് 3,790 ഡോളർ എന്ന റെക്കോർഡ് തൊട്ട
രാജ്യാന്തരവില ഇപ്പോഴുള്ളത് 3,754 ഡോളറിൽ. കേരളത്തിൽ ഇന്നലെ പവൻവില 84,000 ഭേദിച്ചിരുന്നു.
ഇന്ന് 85,000 മറികടന്നേക്കാം.
ശ്രദ്ധയിൽ ഇവർ
കൊച്ചിൻ ഷിപ്പ്യാർഡ്, മാസഗോൺ ഡോക്ക് എന്നിവ തമിഴ്നാട്ടിൽ പുതിയ കപ്പൽശാലകൾ സ്ഥാപിക്കും. മൊത്തം 30,000 കോടി രൂപ മതിക്കുന്ന പദ്ധതികളാണിവ.
യെസ് ബാങ്കിൽ ജാപ്പനീസ് ബാങ്കായ എസ്എംബിസി അധികമായി 4.22% ഓഹരികൾകൂടി സ്വന്തമാക്കി. ഇതോടെ, മൊത്തം ഓഹരി പങ്കാളിത്തം 24.22 ശതമാനമായി.
ജിഎസ്ടി ഇളവ് മാരുതി സുസുക്കിക്കും ഹ്യൂണ്ടായിക്കും മികച്ച ബുക്കിങ് നേട്ടമാണ് സമ്മാനിച്ചത്.
ടാറ്റാ മോട്ടോഴ്സിന്റെ ബ്രിട്ടീഷ് ഉപകമ്പനിയായ ജെഎൽആർ ഉൽപാദംന നിർത്തിവച്ച നടപടി ഒക്ടോബർ 1 വരെ നീളുമെന്ന് വ്യക്തമാക്കി. അർബൻ മൊബിലിറ്റി സ്റ്റാർട്ടപ്പായ റാപിഡോയിലെ 11.8% ഓഹരികൾ വിറ്റൊഴിയാൻ സ്വിഗ്ഗി തീരുമാനിച്ചു.
2,400 കോടിയുടേതാകും ഇടപാട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

