
വാഷിങ്ടൻ∙ ജപ്പാൻ, ഫിലിപ്പീൻസ് എന്നീ ഏഷ്യൻ രാജ്യങ്ങളുമായി വ്യാപാരക്കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 15% തീരുവയെന്ന വ്യവസ്ഥയിലാണ് ജപ്പാനുമായി അമേരിക്ക കരാറിലെത്തിയത്.
ഫിലിപ്പീൻസിന് 19 ശതമാനമാണ് തീരുവ. അതേസമയം അമേരിക്കൻ ചരക്കുകൾക്ക് ഫിലിപ്പീൻസിൽ തീരുവയുണ്ടാകില്ല.
ജപ്പാനുമായുള്ള കരാർ വഴി യുഎസിലേക്ക് 550 ബില്യൻ ഡോളറിന്റെ നിക്ഷേപമെത്തുമെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.
അമേരിക്കൻ കാറുകൾ, ട്രക്കുകൾ, അരി, മറ്റു കാർഷികോൽപന്നങ്ങൾ എന്നിവയ്ക്കായി ജപ്പാൻ അവരുടെ വിപണി തുറന്നിടുമെന്ന വ്യവസ്ഥകളും കരാറിലുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ വ്യക്തമാക്കി. ജപ്പാനുമായി ഇതുവരെയുണ്ടാക്കിയതിൽ ഏറ്റവും വലിയ കരാറെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.
ജപ്പാൻ നിക്ഷേപിക്കുന്ന 550 ബില്യൻ ഡോളറിന്റെ 90 ശതമാനവും അമേരിക്കയ്ക്കു ലഭിക്കുമെന്നും ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന്റെ ഉന്നത വ്യാപാര പ്രതിനിധി റിയോസെയ് അക്കസാവയുമായി ട്രംപ് വൈറ്റ്ഹൗസിൽ ചർച്ച നടത്തിയതിന്റെ തൊട്ടുപിന്നാലെയാണ് കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഓഗസ്റ്റ് ഒന്നിനാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കസ് ജൂനിയറുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് 19% തീരുവ വ്യവസ്ഥയിൽ കരാറിലെത്തിയതായി ട്രംപ് പ്രഖ്യാപിച്ചത്. ഫിലിപ്പീൻസിന്റെ തുറന്ന വിപണിയിലേക്ക് യുഎസ് പ്രവേശിക്കുകയാണെന്നായിരുന്നു കരാർ സംബന്ധിച്ച ട്രംപിന്റെ വിശദീകരണം.
ഇന്തൊനീഷ്യയ്ക്കുള്ള പകരംതീരുവയും 19 ശതമാനമായി പുതുക്കി നിശ്ചയിച്ചു.
ഇന്ത്യക്ക് പരോക്ഷ വെല്ലുവിളി
യുഎസ് ഉൽപന്നങ്ങൾക്കായി വിപണി തുറന്നിടുന്ന രാജ്യങ്ങൾക്കു മാത്രമേ കുറഞ്ഞ തീരുവ അനുവദിക്കൂ എന്ന് ഡോണൾഡ് ട്രംപ്. ജപ്പാൻ ആദ്യമായി അമേരിക്കയ്ക്കായി വിപണി തുറക്കുകയാണെന്നും അമേരിക്കയിൽ വലിയ വ്യവസായ വളർച്ചയുണ്ടാകുമെന്നും ട്രംപിന്റെ പോസ്റ്റിലുണ്ട്.
വ്യാപാരക്കരാറിൽ നിന്ന് ക്ഷീരമേഖലയെയും ചില കാർഷികോൽപന്നങ്ങളെയും ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ.
എന്നാൽ, പല കാർഷിക ഉൽപന്നങ്ങളുടെയും തീരുവ കുറയ്ക്കണമെന്നാണ് യുഎസിന്റെ ആവശ്യം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]