
കാത്തിരിപ്പിന് ബ്രേക്കിട്ട് ഇന്ത്യയും യുകെയും ഇന്നു വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കും. പ്രധാനമന്ത്രി മോദി, വാണിജ്യമന്ത്രി പീയുഷ് ഗോയൽ എന്നിവർ ലണ്ടനിലെത്തി.
ഇരു രാജ്യങ്ങൾക്കും നേട്ടമാകുന്നതാണ് കരാർ. ഇന്ത്യയിൽ നിന്ന് യുകെയിലെത്തുന്ന 99% ഉൽപന്ന/സേവനങ്ങളും ഇനി നികുതിരഹിതമാകും.
നിലവിൽ 4 മുതൽ 16% വരെ ഇറക്കുമതി തീരുവയുള്ള ഉൽപന്നങ്ങൾക്കാണ് കരാർ യാഥാർഥ്യമാകുന്നതോടെ പൂജ്യം തീരുവയാകുക.
ഇന്ത്യയിൽ നിന്നുള്ള വസ്ത്രം, പാദരക്ഷകൾ, ജെം ആൻഡ് ജ്വല്ലറി, കാപ്പി, ഫർണിച്ചർ, വാഹന ഘടകങ്ങൾ, എൻജിനിയറിങ് ഉൽപന്നങ്ങൾ എന്നിവയ്ക്കെല്ലാം ഇനി യുകെയിൽ ഇറക്കുമതി തീരുവ ഉണ്ടാവില്ല. അതേസമയം, ഇന്ത്യ യുകെയിൽ നിന്നുള്ള 90 ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയും വെട്ടിക്കുറയ്ക്കും.
ഉദാഹരണത്തിന് ബ്രിട്ടീഷ് വിസ്കിക്ക് ഇന്ത്യയിൽ ഇപ്പോൾ 150 ശതമാനമാണ് ഇറക്കുമതി തീരുവ.
ഇതു 75 ശതമാനമാകും. പത്തുവർഷത്തിനകം തീരുവ 40 ശതമാനത്തിലേക്കും താഴ്ത്തും.
യുകെയിൽ നിന്നുള്ള വാഹനങ്ങളുടെ തീരുവ 100ൽ നിന്ന് 10 ശതമാനത്തിലേക്കും കുറയ്ക്കും. ഇതിനൊരു ‘ക്വാട്ട’ സംവിധാനമുണ്ടാകും.
അതായത്, പ്രതിവർഷം നിശ്ചിത എണ്ണം വാഹനങ്ങൾക്കു നികുതി 10 ശതമാനമായിരിക്കും. ക്വാട്ട
കഴിഞ്ഞും ഇറക്കുമതി ചെയ്യുന്നവയ്ക്ക് 100 ശതമാനവും.
യുകെയിൽ നിന്നുള്ള മത്സ്യം, മെഡിക്കൽ ഉപകരണങ്ങൾ, ചോക്ലേറ്റ്, ബിസ്കറ്റ്, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങിയവയുടെ തീരുവയും ഇന്ത്യ കുറയ്ക്കും. യുകെയിലെ ഇന്ത്യൻ പ്രഫഷണലുകൾ സോഷ്യൽ സെക്യൂരിറ്റി തുക നൽകുന്നത് ഒഴിവാക്കിയേക്കും.
പ്രതിവർഷം 4,000 കോടി രൂപയാണ് ഇതുവഴി ആകെ പിടിച്ചിരുന്നത്. ഇന്ത്യൻ പ്രഫഷണലുകൾക്ക് യുകെയിൽ കൂടുതൽ മേഖലകളിൽ തൊഴിലിനും അവസരം ലഭിക്കുമെന്ന പ്രത്യേകയുമുണ്ട്.
അതേസമയം, ഇന്ത്യ-യുഎസ് ഡീലിൽ അനിശ്ചിതത്വം തുടരുകയാണ്.
യുഎസ് കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ വിപണിതുറന്നു കിട്ടണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ല. യുഎസും ജപ്പാനും കഴിഞ്ഞദിവസം വ്യാപാരക്കരാർ പ്രഖ്യാപിച്ചിരുന്നു.
ജാപ്പനീസ് ഉൽപന്നങ്ങൾക്ക് 15 ശതമാനമായിരിക്കും യുഎസിൽ തീരുവ. ഇതിനു സമാനമായ തീരുവയോ അതിൽ കുറവോ ആണ് ഇന്ത്യ തേടുന്നത്.
ഇക്കാര്യത്തിലും സമവായമായിട്ടില്ല.
ആൽഫബെറ്റ് കുതിച്ചു, ടെസ്ല കിതച്ചു
കോർപറേറ്റ് കമ്പനികളുടെ മികച്ച പ്രവർത്തനഫലം, യുഎസ്-ജപ്പാൻ ഡീൽ, യൂറോപ്യൻ യൂണിയനുമായി യുഎസ് ഉടൻ സമവായത്തിലെത്തുമെന്ന പ്രതീക്ഷ എന്നിവയുടെ കരുത്തിൽ യുഎസ് ഓഹരി വിപണികൾ ഇന്നലെ കുതിച്ചുകയറി.
∙ ഡൗ ജോൺസ് 1.14%, എസ് ആൻഡ് പി500 സൂചിക 0.78%, നാസ്ഡാക് 0.61% എന്നിങ്ങനെ മുന്നേറി. നാസ്ഡാക്കും എസ് ആൻഡ് പി500 സൂചികയും വ്യാപാരം പൂർത്തിയാക്കിയത് റെക്കോർഡ് ഉയരത്തിൽ.
∙ അതേസമയം, ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 സൂചിക 0.1%, നാസ്ഡാക് 0.4% എന്നിങ്ങനെ നേട്ടത്തിലും ഡൗ 0.2% നഷ്ടത്തിലുമായിരുന്നു.
∙ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് നിരീക്ഷക പ്രവചനങ്ങളെ മറികടന്നുള്ള ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടത് ഓഹരികൾക്ക് ആവേശമായി.
വരുമാനം 9,400 കോടി ഡോളർ പ്രതീക്ഷിച്ചിടത്ത് 9,643 കോടി ഡോളറായി. പ്രതി ഓഹരി ലാഭം (ഇപിഎസ്/എർണിങ്സ് പെർ ഷെയർ) 2.18 ഡോളർ പ്രതീക്ഷിച്ചിടത്ത് 2.31 ഡോളറിലുമെത്തി.
ആൽഫബെറ്റ് ഓഹരികൾ 3% വരെ ഉയരുകയും ചെയ്തു.
∙ ടെസ്ല പക്ഷേ ജൂൺപാദത്തിലും നിരാശപ്പെടുത്തി. വരുമാനം പ്രതീക്ഷിത 2,274 കോടി ഡോളറിൽ നിന്ന് 2,250 കോടി ഡോളറിലേക്ക് ചുരുങ്ങി.
ഇപിഎസ് 43 സെന്റ് പ്രതീക്ഷിച്ചിടത്ത് 40 സെന്റ് മാത്രം. ഓഹരി 4% ഇടിയുകയും ചെയ്തു.
വാഹന വിൽപനയിൽ നിന്നുള്ള വരുമാനം 1,990 കോടി ഡോളറിൽ നിന്ന് 1,670 കോടി ഡോളറിലേക്ക് ഇടിഞ്ഞു.
∙ ഏതാനും പാദങ്ങൾകൂടി ടെസ്ലയ്ക്ക് പ്രതിസന്ധികളുടേതായിരിക്കാമെന്ന് സിഇഒ ഇലോൺ മസ്ക് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ജപ്പാനിൽ ഓഹരിക്ക് ആവേശക്കാറ്റ്
യുഎസുമായുള്ള ഡീൽ പ്രഖ്യാപനത്തിനു പിന്നാലെ കുതിക്കുകയാണ് ജാപ്പനീസ് ഓഹരികൾ. യുഎസിലേക്കുള്ള മൊത്തം കയറ്റുമതിയുടെ ഏതാണ്ട് 30% പങ്കുവഹിക്കുന്ന വാഹനക്കമ്പനികളുടെ ഓഹരികളാണ് മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്.
ഡീൽ പ്രകാരം 30% തീരുവ ട്രംപ് 15 ശതമാനത്തിലേക്ക് കുറച്ചിരുന്നു.
∙ ജാപ്പനീസ് ഓഹരി സൂചികയായ നിക്കേയ് 1.98% കയറി.
∙ ദക്ഷിണ കൊറിയ സാങ്കേതിക സാമ്പത്തികമാന്ദ്യത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കഴിഞ്ഞപാദത്തിൽ ജിഡിപി വളർച്ച പൂജ്യത്തിൽ നിന്ന് 0.6 ശതമാനമായി മെച്ചപ്പെട്ടു.
∙ തുടർച്ചയായ രണ്ടുപാദങ്ങളിൽ ജിഡിപി വളർച്ച പൂജ്യമോ അതിനുതാഴെയോ എത്തുന്നതിനെയാണ് സാങ്കേതിക സാമ്പത്തികമാന്ദ്യം എന്നു പറയുന്നത്.
കൊറിയൻ ഓഹരി വിപണി കോസ്പി 1.17% ഉയർന്നു.
∙ യുഎസുമായുള്ള വ്യാപാരഡീൽ ചർച്ചകൾ സമവായത്തിലേക്ക് മാറുമെന്ന പ്രതീക്ഷയിലാണ് യൂറോപ്യൻ വിപണികളിൽ. എഫ്ടിഎസ്ഇ 0.42% ഉയർന്നു.
∙ ചൈനീസ് ഓഹരി വിപണികളും നേട്ടത്തിലാണുള്ളത്.
കുതിപ്പ് തുടരാൻ ഇന്ത്യൻ ഓഹരികൾ
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 30 പോയിന്റിനടുത്ത് നഷ്ടത്തിലായെങ്കിലും പിന്നീട് നേരിയ നേട്ടം കൈവരിച്ചു.
സെൻസെക്സും നിഫ്റ്റിയും ഇന്നും കുതിപ്പ് തുടർന്നേക്കാം. ഇന്നലെ സെൻസെക്സ് 539 പോയിന്റും (+0.66%) നിഫ്റ്റി 159 പോയിന്റും (+0.63%) നേട്ടത്തിലായിരുന്നു.
∙ ഇന്ത്യ-യുകെ വ്യാപാരഡീൽ ഓഹരി വിപണിക്ക് ആവേശമാകും.
കിറ്റെക്സ് ഉൾപ്പെടെയുള്ള ടെക്സ്റ്റൈൽ ഓഹരികൾ, ടാറ്റ മോട്ടോഴ്സ് ഉൾപ്പെടെയുള്ള വാഹനക്കമ്പനികൾ, ആഭരണക്കമ്പനികൾ, ബാറ്റ, ഭാരത് ഫോർജ് തുടങ്ങിയവയ്ക്കും നേട്ടമാകുമെന്നാണ് പ്രതീക്ഷ.
∙ വിദേശ നിക്ഷേപകർ (എഫ്ഐഐ) ഇപ്പോഴും വിൽക്കലുകാരായി തുടരുന്നത് ആശങ്കയാണ്. ഇന്നലയും അവർ 4,209 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു.
∙ ഇൻഫോസിസ് പ്രവർത്തനഫലം പുറത്തുവിട്ടു; ലാഭം 8.7 ശതമാനവും വരുമാനം 7.5 ശതമാനവും ഉയർന്നെങ്കിലും എബിറ്റ് മാർജിൻ (ലാഭ മാർജിൻ) 0.3% കുറഞ്ഞു.
∙ ഇന്ന് ബജാജ് ഫിനാൻസ്, നെസ്ലെ, കനറാ ബാങ്ക്, എസിസി, അദാനി എനർജി സൊല്യൂഷൻസ്, ട്രൈഡന്റ് തുടങ്ങിയവ പ്രവർത്തനഫലം പുറത്തുവിടും.
താഴ്ന്നിറങ്ങി സ്വർണം, നേട്ടത്തിലേറി എണ്ണ
ഇന്നലെ ഔൺസിന് 3,400 ഡോളറിനു മുകളിലേക്ക് മുന്നേറിയ രാജ്യാന്തര സ്വർണവില നിലവിൽ വ്യാപാരം ചെയ്യുന്നത് 43 ഡോളർ ഇടിഞ്ഞ് 3,386 ഡോളറിൽ.
കേരളത്തിൽ ഇന്നലെ പവൻവില 75,000 രൂപ കടന്ന് പുതിയ ഉയരം തൊട്ടിരുന്നു. ഇന്നു വില താഴേക്കിറങ്ങും.
യുഎസ്-ജപ്പാൻ വ്യാപാര ഡീൽ, യുഎസ്-യൂറോപ്യൻ ഡീലിനുള്ള സാധ്യത എന്നിവയാണ് പ്രധാനമായും സ്വർണത്തിന്റെ തിരിച്ചിറക്കത്തിനു വഴിവച്ചത്.
∙ അതേസമയം, രാജ്യാന്തര ക്രൂഡ് ഓയിൽ വില നേരിയ നേട്ടത്തിലാണുള്ളത്. ഡബ്ല്യുടിഐ ക്രൂഡ് വില 0.32% ഉയർന്ന് ബാരലിന് 65.46 ഡോളറായി.
ബ്രെന്റ് വില 0.25% നേട്ടവുമായി 68.68 ഡോളറും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]