
പശ്ചിമേഷ്യയിൽ രണ്ടാഴ്ചയോളം നീണ്ട ‘സംഘർഷത്തിന്’ വിരാമമാകുന്നെന്ന പ്രതീക്ഷ നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ ‘പ്രഖ്യാപിച്ചതോടെ’ ആഗോള ഓഹരി വിപണികളിൽ വൻ ഉണർവ്.
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റിയും കുതിച്ചുകയറിയത് നിക്ഷേപകർക്ക് സമ്മാനിക്കുന്നത് വൻ പ്രതീക്ഷ. അതേസമയം, വെടിനിർത്താൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ പക്ഷേ, ഇസ്രയേലോ യുഎസോ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും സംയമനം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ആണവ കേന്ദ്രങ്ങളെ ആക്രമിച്ച യുഎസിന് തിരിച്ചടി നൽകാനെന്നോണം ഖത്തറിലെയും ബഗ്ദാദിലെയും യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയത് യുഎസ് സ്ഥിരീകരിച്ചു; ആളപായമില്ല. തകർന്നിറങ്ങി എണ്ണവില ഗൾഫ് മേഖലയിൽ നിന്ന് ലോക എണ്ണവിപണിയിലേക്കുള്ള ചരക്കുനീക്കത്തിന്റെ മുഖ്യപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.
ഇറാനിലെ തന്ത്രപ്രധാന എണ്ണമേഖലയായ ഖർഗ് ദ്വീപിൽനിന്ന് തടസ്സമില്ലാതെ വിതരണം തുടരുന്നതും ക്രൂഡ് ഓയിൽ വിലയുടെ തിരിച്ചിറക്കത്തിന് വഴിവച്ചു. കഴിഞ്ഞദിവസം ബാരലിന് 80 ഡോളറിന് അടുത്തായിരുന്ന ബ്രെന്റ് വില 69.28 ഡോളറിലേക്ക് കൂപ്പുകുത്തി.
75 ഡോളറിന് മുകളിൽ നിന്ന് ഡബ്ല്യുടിഐ ക്രൂഡ് വില 66.28 ഡോളറിലേക്കും ഇടിഞ്ഞു. എല്ലാം താൻ കാണുന്നുണ്ടെന്നും എണ്ണ വില കുറയ്ക്കുന്നതാണ് നല്ലതെന്നും ട്രംപ് സാമൂഹ്യമാധ്യമത്തിൽ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതുപക്ഷേ, ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമല്ല. യുഎസിലെ ആഭ്യന്തര എണ്ണവിതരണക്കമ്പനികളെയാകം ട്രംപ് ഉദ്ദേശിച്ചതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എണ്ണവില കുറയുന്നത് ഇന്ത്യക്ക് വൻ ആശ്വാസമാണ്. ഉപഭോഗത്തിന്റെ 85-90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അതിന്റെ 40 ശതമാനവും വാങ്ങുന്നത് പശ്ചിമേഷ്യയിൽ നിന്നാണ്.
ഓഹരികളിൽ കരകയറ്റ സൂചന ഇസ്രയേലും ഇറാനും വെടിനിർത്തലിലേക്ക് നീങ്ങുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോളതലത്തിൽ ഓഹരി വിപണികൾ മികച്ച തിരിച്ചുകയറ്റം നടത്തി. യുഎസിൽ ഡൗ ജോൺസ് ഫ്യൂച്ചേഴ്സ് 0.4%, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.5%.
നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.7% എന്നിങ്ങനെ കയറി. ജാപ്പനീസ് നിക്കേയ് 1.24 ശതമാനവും ഹോങ്കോങ് 1.43 ശതമാനവും ഷാങ്ഹായ് 0.50 ശതമാനവും മുന്നേറിയത് ഇന്ത്യൻ വിപണിക്കും ആവേശമാകും.
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി 200 പോയിന്റിലധികം (+0.91%) കുതിച്ചുകയറിയത് ഇന്ന് സെൻസെക്സും നിഫ്റ്റിയും വൻ നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷ നൽകുന്നു. ക്രൂഡ് ഓയിലുമായി നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ട
ഓഹരികളിൽ ഇന്നു തിരിച്ചുകയറ്റത്തിന് സാധ്യതയുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൽ യുഎസ് കൂടി ഇടപെട്ട
പശ്ചാത്തലത്തിൽ ഇന്നലെ നിഫ്റ്റി 140 പോയിന്റും (-0.56%) സെൻസെക്സ് 511 പോയിന്റും (-0.62%) ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 25,000നും സെൻസെക്സ് 82,000നും താഴെയുമെത്തിയിരുന്നു.
ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞത് ഓഹരികൾക്കും രൂപയ്ക്കും ഇന്ന് ആശ്വാസമായേക്കും. രൂപ ഇന്നലെ ഡോളറിനെതിരെ 23 പൈസ ഇടിഞ്ഞ് 5-മാസത്തെ മോശം നിലവാരമായ 86.78ൽ എത്തിയിരുന്നു.
കുതിപ്പില്ലാതെ സ്വർണവില ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കുന്നത് സ്വർണവില താഴേക്കിറങ്ങാൻ വഴിയൊരുക്കും. പൊതുവേ യുദ്ധസമാന സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്നോണം സ്വീകാര്യത നേടി സ്വർണവില മുന്നേറാറുണ്ട്.
ഇക്കുറി പക്ഷേ, ആ ട്രെൻഡ് ദൃശ്യമായിരുന്നില്ല. ഇപ്പോൾ സംഘർഷത്തിന് അയവുവരുന്നത് ഓഹരി, കടപ്പത്ര വിപണികൾക്ക് ഉണർവാകും.
സ്വർണം താഴേക്കുമിറങ്ങും. നിലവിൽ രാജ്യാന്തര വിലയുള്ളത് ഔൺസിന് 20.48 ഡോളർ ഇടിഞ്ഞ് രണ്ടാഴ്ചത്തെ താഴ്ചയായ 3,348 ഡോളറിലാണ്. ഡോളറിനെതിരെ രൂപ മെച്ചപ്പെടുക കൂടിച്ചെയ്താൽ കേരളത്തിലും ഇന്ന് സ്വർണവിലയിൽ മികച്ച കുറവുണ്ടാകും.
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ഡോളർ ഇൻഡക്സ് വീണ്ടും 98 നിലവാരത്തിലേക്ക് ഇടിഞ്ഞു. യുഎസ് കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) നേരിയ നേട്ടവുമായി 4.35 ശതമാനത്തിലുമെത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business (Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]