
അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വത്തിലുള്ള സർക്കാർ റഷ്യയുമായും ചൈനയുമായും അവരുടെ പ്രാദേശിക കറൻസികളിൽ വ്യാപാരം ആരംഭിക്കുന്നതിനായി ചർച്ചകൾ നടത്തിവരികയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാശ്ചാത്യ ഉപരോധങ്ങളും, സാമ്പത്തിക ഒറ്റപ്പെടലും കാരണം റഷ്യയും, ചൈനയും അമേരിക്കൻ ഡോളറിനെ തഴയാൻ ശ്രമിക്കുമ്പോൾ ആണ് ഇത്തരമൊരു നീക്കമുണ്ടാകുന്നത് എന്നത് ശ്രദ്ധേയം. കഴിഞ്ഞ നാല് വര്ഷങ്ങളായി പല രാജ്യങ്ങളും അമേരിക്കൻ ഡോളറിനെ ഒഴിവാക്കാൻ ബോധപൂർവം ശ്രമങ്ങൾ നടത്തി വരുന്നുണ്ട്.
ബദൽ വ്യാപാരം
താലിബാന്റെ റഷ്യയുമായുള്ള ചർച്ചകൾ ‘പുരോഗമിച്ച’ ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തര ഡോളർ കൈമാറ്റങ്ങളെ ആശ്രയിക്കാതെ അഫ്ഗാൻ, റഷ്യൻ ബാങ്കുകൾക്ക് കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ കൈകാര്യം ചെയ്യാൻ അനുവദിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സമാനമായ സംവിധാനം സ്ഥാപിക്കുന്നതിനായി ചൈനയുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് താലിബാൻ മന്ത്രി പറഞ്ഞു. അതിനായി അഫ്ഗാൻ വാണിജ്യ മന്ത്രാലയത്തിലെയും ചൈനീസ് എംബസിയിലെയും അംഗങ്ങളുടെ സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. 2021-ലെ താലിബാൻ അധിനിവേശത്തെത്തുടർന്ന്, അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക വ്യവസ്ഥ ആഗോള ബാങ്കിങ് ശൃംഖലകളിൽ നിന്ന് ഏതാണ്ട് വിച്ഛേദിക്കപ്പെട്ടു. എണ്ണ, വാതകം, ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കൾക്കായി രാജ്യം റഷ്യയുമായുള്ള കരാറുകളെ ആശ്രയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ രണ്ടാം കാലാവധി ആരംഭിച്ചപ്പോൾ അഫ്ഗാനിസ്ഥാനുള്ള 100 കോടി ഡോളറിലധികം വിദേശ സഹായം നിർത്തലാക്കിയതിനെത്തുടർന്ന്, അഫ്ഗാനിസ്ഥാൻ കൂടുതൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായി. സമ്പദ്വ്യവസ്ഥയെ സ്ഥിരപ്പെടുത്തുന്നതിന് കാബൂൾ ഇപ്പോൾ ബദൽ വ്യാപാര ക്രമീകരണങ്ങൾ തേടുകയാണ്.
സെപ്റ്റംബറിൽ, ഡോളറിനെ ആഗോളമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ പ്രവർത്തിച്ച റഷ്യയും ചൈനയും ഉൾപ്പെടെയുള്ള പ്രധാന സമ്പദ്വ്യവസ്ഥകളുടെ യോഗമായ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ താലിബാൻ ശ്രമിച്ചിരുന്നു. ഭീകര സംഘടനയായി താലിബാനെ പട്ടികപ്പെടുത്തിയത് റഷ്യ അടുത്തിടെ നീക്കം ചെയ്തു. താലിബാനിൽ നിന്നുള്ള ഒരു അംബാസഡറെ ചൈന ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാൽ ഇരു രാജ്യങ്ങളും താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല.
English Summary:
Facing Western sanctions and aiming to reduce reliance on the US dollar, Russia and China are engaging in bilateral trade with Afghanistan’s Taliban government using their local currencies. This significant move offers an economic lifeline to Afghanistan and represents a growing trend of de-dollarization.
mo-news-common-taliban mo-business-us-dollar mo-news-world-countries-russia 223akrf2s9d7a124cu8gtiqk8t 74at65i9lnnnob9av8n2nocf3j-list mo-news-world-countries-china 7q27nanmp7mo3bduka3suu4a45-list mo-news-world-countries-afghanistan