
അനിശ്ചിതാവസ്ഥകളിൽ സംരക്ഷണം ഉറപ്പാക്കുന്ന ആസ്തി എന്ന നിലയിൽ സ്വർണത്തിന് എപ്പോഴും പ്രാധാന്യമുണ്ട്. മാത്രമല്ല, സമീപകാലത്തായി ഓഹരിയെയും വെല്ലുന്ന നേട്ടമാണ് നൽകുന്നത് എന്നതും സ്വർണം വാങ്ങാൻ പ്രേരണയാകുന്നു.
സ്വർണം പവന് 71,000 രൂപയും കടന്ന് കുതിക്കുകയാണ്. പത്ത് ആഴ്ചകൊണ്ട് 10,000 രൂപയിലധികമാണ് കൂടിയത്. 2020 ജനുവരിയിലെ 30,000 രൂപ നിലവാരത്തിൽനിന്ന് 135 ശതമാനത്തോളം ആണ് വർധന.
അതെ, സ്വർണം പൊള്ളുന്നു. ഇത്രയും ഉയർന്ന വിലയ്ക്ക് എങ്ങനെ വാങ്ങും എന്ന ചിന്തയിലാണ് സാധാരണക്കാർ. ഈ പൊള്ളുന്ന വിലയ്ക്ക് തൽക്കാലം വാങ്ങേണ്ട എന്നു തീരുമാനിച്ചാലോ? കേൾക്കുമ്പോൾ ബുദ്ധിമുട്ടുണ്ടെങ്കിലും അതാകും നല്ലത്. സാമ്പത്തിക ശാസ്ത്രം പറയുന്നതും ഒരു വസ്തുവിന്റെ വില കുതിച്ചുയരുമ്പോൾ അതു വാങ്ങാതിരിക്കുകയാണ് ഏറ്റവും ലളിതമായ തന്ത്രം എന്നാണ്. എന്നാല്‍ ഒഴിവാക്കാൻ സാധിക്കാത്തവയാണെങ്കിൽ എത്ര വിലയുണ്ടെങ്കിലും വാങ്ങാതെ തരമില്ല. പക്ഷേ, സ്വർണത്തിന്റെ കാര്യം അങ്ങനെയല്ല. ഈ പൊള്ളും വിലയ്ക്കു സ്വർണം വാങ്ങിയില്ലെങ്കിലും ജീവിക്കാൻ ബുദ്ധിമുട്ടൊന്നും വരില്ലല്ലോ?
പക്ഷേ, ഒന്നുണ്ട്, ഇങ്ങനെ ഏറെ പേർ വാങ്ങാതിരുന്നാൽ ഡിമാൻഡ് കുറയും, അതോടെ വിലയും ഇടിയും എന്ന സാമ്പത്തിക ശാസ്ത്രമൊന്നും സ്വർണത്തിന്റെ കാര്യത്തിൽ സംഭവിക്കാൻ സാധ്യതയില്ല. കാരണം ഈ വിലക്കുതിപ്പിന് ആഗോളതലത്തിൽ ഒട്ടേറെ കാരണങ്ങൾ ഉണ്ടെന്നതുതന്നെ. പക്ഷേ, ഉടനെ വിവാഹം നടത്തേണ്ടവർ എന്തു ചെയ്യും? ഏതു മതാചാരത്തിലായാലും സ്വർണാഭരണം ഇല്ലാതെ എന്തു വിവാഹം? അതുകൊണ്ട് വില എത്ര ഉയർന്നാലും വാങ്ങാതെ തരമില്ല എന്ന് അവർ ചിന്തിക്കും. അങ്ങനെയുള്ളവർ ഈ കണക്കുകൾ കൂടിയൊന്നു കാണുക.
നഷ്ടത്തിന്റെ കണക്കുകൾ
പവന് 70,000 രൂപ വച്ച് ഒന്നു കണക്കുകൂട്ടിയാൽ 10 പവന് ഏഴുലക്ഷം രൂപ. വിവാഹാഭരണമാകുമ്പോൾ 20% എങ്കിലും പണിക്കൂലി വരും. അങ്ങനെ 1.4 ലക്ഷം രൂപ അടക്കം 8.4 ലക്ഷം രൂപയ്ക്ക് മൂന്നു ശതമാനം (25,200) നികുതികൂടി നൽകണം. 10 പവൻ ആഭരണത്തിന് മൊത്തം 8.65 ലക്ഷം രൂപയോളം നൽകണം.
ഇനി വധുവിനു ഇഷ്ടപ്പെട്ടത് ഡിസൈനർ ആഭരണങ്ങളാണെങ്കിൽ 35% വരെ പണിക്കൂലി ഉയരാം. അതായത്, പണിക്കൂലി (2.45 ലക്ഷം രൂപ)യും നികുതി (28,350 രൂപ)യും അടക്കം പോക്കറ്റിൽനിന്ന് പോകുന്നത് ഏതാണ്ട് 9.5 ലക്ഷം രൂപ. ഇവിടെയാണ് വാങ്ങുന്ന രീതി ഒന്ന് മാറ്റിപ്പിടിക്കുന്നതിനെക്കുറിച്ചു ചിന്തിക്കേണ്ടത്.
1. കുറയ്ക്കാം കാരറ്റ്
916 (22 കാരറ്റ്) ആഭരണത്തിനു പകരം പുതിയ ട്രെൻഡായ 18 കാരറ്റ് ആഭരണങ്ങൾ വാങ്ങുക എന്നതാണ് ഒരു മാർഗം. അതിലൂടെ കിട്ടുന്ന നേട്ടം ഒന്നു മനസ്സിലാക്കാം. 18 കാരറ്റിന് ഒരു പവന്റെ വില 57,240 രൂപ. 10 പവന് 20% പണിക്കൂലിയും (114480 രൂപ) 3% നികുതിയും അടക്കം 7,07,486 രൂപ. അതായത്, 10 പവൻ വാങ്ങാൻ 22 കാരറ്റിനു നൽകുന്ന 8.65 ലക്ഷത്തിനു പകരം ഏഴു ലക്ഷം രൂപയ്ക്കു കാര്യം നടക്കും. ലാഭം 1.65 ലക്ഷം രൂപ!
18 കാരറ്റിനു പകരം 14 കാരറ്റ് തിരഞ്ഞെടുത്താല്‍ കൂടുതൽ ലാഭം നേടാം. പവന് 45,000 രൂപ വച്ച് 10 പവന് 4.5 ലക്ഷം രൂപ. 20% പണിക്കൂലികൂടി ആകുമ്പോൾ 90,000 രൂപ. നികുതി (16,200) അടക്കം മൊത്തം 5.56 ലക്ഷം രൂപയാകും വില. 22 കാരറ്റിന്റെ 10 പവനെക്കാൾ മൂന്നു ലക്ഷം രൂപയോളം കുറവ്.
18 കാരറ്റിന്റെ മികവുകൾ
ഇവിടെ ആഭരണങ്ങളുടെ മോടി ഒട്ടും കുറയില്ല. 18 കാരറ്റ് ആഭരണങ്ങൾ അത്യാകർഷക ഡിസൈനുകളിൽ ലഭ്യമാണ്. ആവശ്യത്തിന് ചെമ്പ് ചേർത്തുണ്ടാക്കുന്നതിനാൽ 22 കാരറ്റ് ആഭരണങ്ങളെ അപേക്ഷിച്ച് കേടുപറ്റാനുള്ള സാധ്യത തുലോം കുറവാണ്. ആവശ്യമുള്ളപ്പോൾ വിറ്റു പണമാക്കാനും ബുദ്ധിമുട്ടില്ല. മാത്രമല്ല, ഇപ്പോൾ 18 കാരറ്റ് പണയമായി സ്വീകരിച്ച് വായ്പയും നൽകിത്തുടങ്ങിയിട്ടുണ്ട്.
2. വേണ്ടെന്നു വയ്ക്കാം സ്വർണം
വിവാഹത്തിന് സ്വർണംതന്നെ അണിയണം എന്നു നിർബന്ധമില്ലാത്തവർക്ക് ഏറ്റവും പുതിയതും ട്രെൻഡിയുമായ മറ്റ് ആഭരണങ്ങൾ ഉപയോഗിക്കാം. സ്വർണത്തെക്കാൾ വളരെ കുറഞ്ഞ വിലയ്ക്കോ വാടകയ്ക്കോ ഇവ ലഭിക്കും. ഓരോ ആഘോഷവേളയിലും പുതിയ ഫാഷനിലുള്ളവ വാങ്ങി ഉപയോഗിക്കാം. ഇനി വിവാഹത്തിനു സ്വർണം കൊടുക്കണം എന്നു നിർബന്ധം ഉളളവർക്ക് അത് ഡിജിറ്റല്‍/നാണയം/ബാർ ആയി നൽകാം. പണിക്കൂലിയിനത്തിൽ വലിയ തുക പോക്കറ്റിൽ കിടക്കും.
3. ആവാം ആഭരണങ്ങൾ വെള്ളിയിലും
വെള്ളി ആഭരണങ്ങളും ഇപ്പോൾ ട്രെൻഡാണ്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം വെള്ളി ആഭരണങ്ങൾക്ക് ആവശ്യക്കാർ കൂടുന്നുണ്ട്. വെള്ളി ആഭരണങ്ങൾക്ക് വിവാഹത്തിന് അത്ര സ്വീകാര്യത ഇതുവരെ ലഭിച്ചിട്ടില്ല എന്നത് യാഥാർഥ്യം തന്നെ. പക്ഷേ, വേറിട്ടു ചിന്തിക്കുന്നവർക്ക് അതു പരിഗണിക്കാവുന്നതേയുള്ളൂ.
4. സ്വർണം പേപ്പറിലാക്കാം
വില കുതിച്ചുയരുന്നതിന്റെ നേട്ടം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സ്വർണം വാങ്ങാതിരിക്കാനാകില്ല. അത്തരക്കാർ സ്വർണം നിക്ഷേപം പേപ്പർ രൂപത്തിൽ ആക്കുന്നതാണ് നല്ലത്. അതായത്, ഡിജിറ്റൽ രൂപത്തിൽ നിക്ഷേപിക്കുക. വിവിധ ബാങ്കിങ് ആപ്ലിക്കേഷനിലൂടെ ഡിജിറ്റൽ ഗോൾഡ് വാങ്ങാം. അല്ലെങ്കില്‍ ഗോൾഡ് ഇടിഎഫ്, ഗോൾഡ് മ്യൂച്വൽ ഫണ്ട് എന്നിവ ഇതിനായി പരിഗണിക്കാം.ഗവൺമെന്റ് ഇഷ്യൂ ചെയ്തിരുന്ന സോവറിൻ ഗോൾഡ് ബോണ്ടുകൾ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. പക്ഷേ, ലിസ്റ്റു ചെയ്തിട്ടുള്ളതിനാൽ അവ ഡീമാറ്റ് അക്കൗണ്ട് വഴി വാങ്ങാം.
ഡിജിറ്റലിന്റെ മെച്ചം
ഡിജിറ്റൽ സ്വർണത്തിലേക്കു മാറിയാൽ പണിക്കൂലിയും അതിനു മേലുള്ള നികുതിയും അടക്കം വരുന്ന വലിയ നഷ്ടം ഒഴിവാക്കാം. എന്നാൽ 3% നികുതി നൽകണം. എത്ര ചെറിയ തുകയ്ക്കും മൊബൈൽ ആപ്പിലൂടെ എപ്പോൾ വേണമെങ്കിലും വാങ്ങാം എന്നതാണ് പ്രത്യേകത. ഡിജിറ്റൽ സ്വർണം ലോക്കറിൽ സൂക്ഷിക്കേണ്ട, ഇൻഷ്വർ ചെയ്യേണ്ട. അതിനുള്ള തുകയും ലാഭിക്കാം. ആവശ്യമെങ്കിൽ ഫിസിക്കൽ ഗോൾഡാക്കി മാറ്റാനും സാധിക്കും.
വില വല്ലാതെ ഉയർന്നു നിൽക്കുന്നതിനാൽ ഒന്നിച്ചു വാങ്ങുന്നതു മണ്ടത്തരമാകും. അതിനാൽ വാങ്ങണം എന്നുള്ളവർ വില കുറയുന്ന ഓരോ അവസരവും നോക്കി വാങ്ങുന്നതാണു നല്ലത്. ഗോൾഡ് മ്യൂച്വൽ ഫണ്ടിലാണെങ്കില്‍ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനും (എസ്ഐപി) പരിഗണിക്കാം. വില ചാഞ്ചാട്ടം മൂലമുള്ള റുപ്പി കോസ്റ്റ് ആവറേജിങ്ങിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. ഡിജിറ്റൽ ഗോൾഡ് സ്വർണാഭരണംപോലെതന്നെ പണയം വയ്ക്കാം, എപ്പോൾ േവണമെങ്കിലും വിറ്റു പണമാക്കാം. അവിടെ പണിക്കൂലിയിലെ നഷ്ടം ബാധകമാകില്ല എന്ന മെച്ചവും ഉണ്ട്.
സ്വർണം തന്നെ വേണോ?
സ്വർണാഭരണം ഇല്ലാതെ എന്തു വിവാഹം എന്നു ചിന്തിക്കുന്നവർ ചില കാര്യങ്ങൾ ഓർക്കണം.
∙ വിവാഹദിവസം അണിയുന്ന ആഭരണങ്ങൾ പിന്നെ അണിയുന്നവർ വിരളമാണ്. വിശേഷാവസരങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നോ രണ്ടോ എണ്ണം അണിഞ്ഞാലായി.
∙ പുതിയ തലമുറയിലെ പെൺകുട്ടികളിൽ ഭൂരിപക്ഷത്തിനും സ്വർണാഭരണത്തോടു താൽപര്യം കുറഞ്ഞുവരികയാണ്. അവരതു ധരിക്കാൻ ഇഷ്ടപ്പെടുന്നതേയില്ല.
∙ ആഭരണം കൈവശം വയ്ക്കുന്നതിൽ റിസ്കുണ്ട്. ലോക്കറിൽ സൂക്ഷിക്കണമെങ്കിൽ അതിനു ഫീസ് നൽകണം. ലോക്കറിൽനിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദിത്തം എടുക്കില്ല. അതിനാൽ ഇൻഷ്വർ ചെയ്യേണ്ടിവരും. അതിനു നല്ല തുക പ്രീമിയം കൊടുക്കണം.
അതായത്, വലിയ നഷ്ടം സഹിച്ചും താങ്ങാനാകാത്ത വില കൊടുത്തും വാങ്ങിയ ആഭരണങ്ങൾ പിന്നെ ഉപയോഗിക്കുന്നേയില്ല. പിന്നെന്തിനു വാങ്ങണം എന്ന് സ്വയം ചോദിക്കുക.
പണിക്കൂലിയിലെ ഓഫറുകൾ
വില ഉയർന്നതോടെ പല ജ്വല്ലറികളും പണിക്കൂലിയിൽ വലിയ ഓഫർ നൽകുന്നുണ്ടെങ്കിലും പല നിബന്ധനകളുമുണ്ടാകും. ഉദാഹരണത്തിന്, നിശ്ചിത തൂക്കത്തിനുമേൽ അല്ലെങ്കിൽ രൂപയ്ക്കുമേൽ ആഭരണം വാങ്ങുമ്പോഴാകും ഓഫർ ബാധകമാകുക. അതിനാൽ ചെറു പർച്ചേസുകൾക്ക് ഓഫര്‍ ലഭിക്കില്ല.
ആഭരണങ്ങൾ അലങ്കാരം
മുടക്കുന്ന പണത്തിനു തക്ക മൂല്യം കിട്ടണം എന്നു കരുതുമ്പോഴും നിക്ഷേപമായി സ്വർണത്തെ പരിഗണിക്കുമ്പോഴും ആണ് ഇവിടെ പറയുന്ന നഷ്ടങ്ങൾക്കു പ്രസക്തി. അതേസമയം വ്യത്യസ്തവും സവിശേഷവുമായ ആഭരണങ്ങള്‍ അണിഞ്ഞ് സ്വന്തം വ്യക്തിത്വവും സ്റ്റാറ്റസും സമൂഹത്തിനു മുന്നിൽ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊന്നും പ്രശ്നമോ നഷ്ടമോ അല്ല. അതിനായി ചെലവാക്കുന്ന പണമോ അതിലെ നഷ്ടമോ അവർ പരിഗണിക്കുകയുമില്ല.
നാണയമോ ബാറോ ആകാം
മികച്ച നിക്ഷേപം എന്ന നിലയിൽ സ്വർണം ഫിസിക്കൽ രൂപത്തിൽതന്നെ വേണം എന്നാഗ്രഹിക്കുന്നവർക്ക് പണിക്കൂലിയിലെ നഷ്ടം ഒഴിവാക്കാൻ വഴിയുണ്ട്. ആഭരണത്തിനു പകരം ഗോർഡ് ബാർ വാങ്ങാം. 24 കാരറ്റിലാണ് ബാറുകള്‍ ലഭിക്കുന്നത്. എന്നാൽ അവിടെയും നികുതി (3%) ഉണ്ടാകും. സ്വർണനാണയവും പരിഗണിക്കാം. എന്നാൽ ഭൂരിഭാഗം ജ്വല്ലറികളിലും ഡിസൈനുകൾ ചെയ്ത നാണയങ്ങളാണു ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ചിലപ്പോൾ പണിക്കൂലി ഉണ്ടായേക്കാം. നാണയങ്ങള്‍ 22 കാരറ്റിൽ ലഭിക്കും.
കേരളത്തിലെ പ്രമുഖ ജ്വല്ലറികളിൽ ഓൺലൈനായും വിവിധ തൂക്കത്തിൽ ഇവ ലഭ്യവുമാണ്. പോക്കറ്റിനിണങ്ങുന്ന തുകയ്ക്കു വാങ്ങാം. എന്നാൽ, ബാറോ നാണയമോ ആയി വാങ്ങുന്ന സ്വർണം നിലവിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഈടായി സ്വീകരിച്ച് വായ്പ നൽകുന്നില്ല. അതേസമയം ഡിസൈന്‍ വർക്കുള്ള നാണയങ്ങളിൽ കൊളുത്തു പിടിപ്പിച്ചാൽ ലോക്കറ്റ് ആയി പരിഗണിച്ച് പണയം വയ്ക്കാവുന്നതാണ്.
പണിക്കൂലിയും പരിശുദ്ധിയും
സ്വർണത്തിന് എന്നപോലെ വെള്ളി ആഭരണങ്ങൾക്കുമുണ്ട് പണിക്കൂലിയും അതിനുമേൽ നികുതിയും. അതുപോലെ സ്വർണത്തിനെന്നപോലെ പരിശുദ്ധി വെള്ളിക്കും ബാധകമാണ്. 999 ശുദ്ധതയാണ് ഏറ്റവും ഉയർന്നത്. അതായത് 99.9 ശതമാനവും വെള്ളി ആയിരിക്കും. ബാക്കി ലെഡ്, കോപ്പർ, നിക്കൽ അലൂമിനിയം എന്നിവയിൽ ഏതെങ്കിലും ആയിരിക്കും. 925, 900 തുടങ്ങിയ ശുദ്ധതകളിലും വെള്ളി ലഭിക്കും. എന്നാൽ സ്വർണത്തിൽ ഹാൾമാർക്കിങ് നിയമപരമായി നിർബന്ധമാക്കിയതുപോലെ ഇപ്പോൾ വെള്ളിയിൽ ബാധകമാക്കിയിട്ടില്ല.
വെള്ളി ആഭരണങ്ങൾക്ക് പൊതുവേ മേക്കിങ് ചാർജ് ഗ്രാമിന് 10–15 രൂപവരെയാണ്. നിലവിൽ ഗ്രാമിന് 100– 110 രൂപ വില കണക്കാക്കിയാൽ ഒരു കിലോയ്ക്ക് ഒരു ലക്ഷത്തോളം രൂപയാകും.
വില വർധന
10 ഗ്രാം സ്വർണം VS ഒരു കിലോ വെള്ളി
സ്വർണം വെള്ളി വില വർധന പട്ടികയിൽ കാണുക. 10 ഗ്രാം സ്വർണം (24 കാരറ്റ്), ഒരു കിലോ വെള്ളി എന്നിവയുടെ നിരക്കാണ് നൽകിയിരിക്കുന്നത്.
പൊള്ളൽ കൂട്ടാൻ പണിക്കൂലി
സ്വർണവില വർധനയുടെ പൊള്ളൽ കൂട്ടുന്നതാണ് ആഭരണത്തിന്റെ പണിക്കൂലി. അതായത്, ഒരു ആഭരണത്തിന്റെ പണിക്കൂലി നിശ്ചിത തുകയല്ല. മറിച്ച്, ആഭരണവിലയുടെ നിശ്ചിത ശതമാനമാണ്. അതായത്, സ്വർണവില കൂടുന്നതനുസരിച്ച് പണിക്കൂലിയും കൂടും. മാത്രമല്ല, അതടക്കമുള്ള വിലയിലാണു നികുതി കണക്കാക്കുന്നത്.
2020ൽ 30,000 രൂപ നിലവാരത്തിൽ 10 പവൻ വാങ്ങാൻ 20% പണിക്കൂലി (60,000)യും 3% നികുതിയും (10,800) അടക്കം 3,70,800 രൂപയേ ആകുമായിരുന്നുള്ളൂ. അതായത്, പണിക്കൂലിയും നികുതിയും കൂടി 70,800 രൂപ. നിലവിലെ 70,000 രൂപ വിലയിൽ പണിക്കൂലിയും നികുതിയും മാത്രം 1,65,200 രൂപ വരും. അതായത്, സ്വർണവില വർധന മാറ്റിനിർത്തിയാൽ, പണിക്കൂലിയും നികുതിയും അടക്കം ഒരു ലക്ഷത്തി ലധികം രൂപ അധികമായി പോക്കറ്റിൽനിന്നു പോകും. ഇവിടെയാണ് ആഭരണം ഒഴിവാക്കി ഡിജിറ്റൽ സ്വർണം വാങ്ങുന്നതിന്റെ പ്രസക്തി.
സ്വർണത്തിന് വില കുതിച്ചുയരുകയല്ലേ, അതിനാൽ നഷ്ടം വരില്ല എന്നാണോ ചിന്തിക്കുന്നത്? പക്ഷേ, പണിക്കൂലിയും നികുതിയും ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടംതന്നെയാണ്. അതായത്, ഇന്നു വാങ്ങിയ അതേ വിലയ്ക്ക് നാളെ വിറ്റാലും ഈ നഷ്ടം സംഭവിക്കും. അതുകൊണ്ടാണ് ഒരു പവൻ ആഭരണം വാങ്ങിയാൽ കാൽ പവന്റെ തുക നഷ്ടമാണെന്നു പറയുന്നത്. വാങ്ങിയ വിലയെക്കാൾ 20–25% വില വർധിച്ചാൽപോലും നിങ്ങൾക്ക് നേട്ടം ഒന്നും കിട്ടില്ലെന്നു ചുരുക്കം.
പഴയ സ്വർണം വിൽക്കുമ്പോൾ അന്നത്തെ നിരക്കിലും കുറവായിരിക്കും വില ലഭിക്കുക. ഉരുക്കുന്ന തോടെ ആഭരണത്തിന്റെ തൂക്കം കുറയാനും സാധ്യതയുണ്ട്. മാത്രമല്ല ജ്വല്ലറികളിൽ വിറ്റ് പണം കിട്ടാൻ പ്രയാസം നേരിടാം. സ്വർണം എക്സ്ചേഞ്ച് ചെയ്തു, പഴയതിനു പകരം പുതിയ ആഭരണം നൽകാനാണ് അവർക്കു താൽപര്യം.
സ്വർണനിക്ഷേപം പ്രധാനം
അനിശ്ചിതാവസ്ഥകളിൽ സംരക്ഷണം ഉറപ്പാക്കുന്ന ആസ്തി എന്ന നിലകളിൽ സ്വർണത്തിന് എപ്പോഴും പ്രധാന്യമുണ്ട്. മാത്രമല്ല സമീപകാലത്തായി ഓഹരിയെയും വെല്ലുന്ന നേട്ടമാണു നൽകുന്നത് എന്നതും സ്വർണം വാങ്ങാൻ പ്രേരണയാകുന്നു. അതുകൊണ്ട് ഭാവിയിലെ മൂലധനനേട്ടം പരിഗണിച്ച് സ്വർണം വാങ്ങാം. ഒരു വർഷം നിങ്ങൾ നടത്തുന്ന മൊത്തം നിക്ഷേപത്തിന്റെ 5 മുതൽ 20 % വരെ സ്വർണത്തിലാകാം എന്നാണ് ഫിനാൻഷ്യൽ പ്ലാനർമാർ നൽകുന്ന നിർദേശം. വില കുതിച്ചുയരുമെന്നുള്ള പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഹിതം അൽപം കൂട്ടാവുന്നതുമാണ്. പക്ഷേ, നിക്ഷേപം എന്ന നിലയിൽ സ്വർണം ആഭരണമായി വാങ്ങി വലിയ നഷ്ടം വരുത്തിവയ്ക്കേണ്ടതില്ല. പകരം ഡിജിറ്റലായി നിക്ഷേപിക്കുന്നതു പരിഗണിക്കുക.
പുതിയ സ്വർണമായി വെള്ളി വാങ്ങിയാൽ പലതുണ്ട് മികവുകൾ
സ്വർണവില കത്തിക്കയറിയതോടെ വെള്ളിക്കും (സില്‍വർ) പ്രാധാന്യം വർധിക്കുകയാണ്. 2025 മാർച്ച് അവസാനംവരെയുള്ള ഒരു വർഷത്തെ കണക്കെടു ത്താൽ വെള്ളി വിലയില്‍ 37 ശതമാനത്തോളം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ടവന്റെ സ്വർണം എന്ന വിളിപ്പേര് അന്വർഥമാക്കികൊണ്ട് കൊതിപ്പിക്കുന്ന നേട്ടമാണു സിൽവര്‍ നൽകുന്നത്.കുറഞ്ഞ തുകകൊണ്ട് നിക്ഷേപം നടത്താം എന്ന മെച്ചവുമുണ്ട്. ആഭരണമായി മാത്രമല്ല നാണയമായോ ബാറായോ വെള്ളി വാങ്ങാം. സ്വർണവില ഗ്രാമിന് പതിനായിരത്തിലേക്ക് അടുക്കുമ്പോൾ വെള്ളി ഗ്രാമിന് 110 രൂപയോളമേ വരുന്നുള്ളൂ.
വെള്ളിയിലെ നിക്ഷേപവും മികച്ച മൂലധനനേട്ടം തരും എന്ന തിരിച്ചറിവ്, പുതുതലമുറയ്ക്ക് ഡിസൈനർ വെള്ളി ആഭരണങ്ങളോടുള്ള പ്രിയം എന്നിവ ഡിമാൻഡ് ഉയർത്തുന്നുണ്ട്.