സ്വർണവില ഇടയ്ക്ക് ചില ദിവസങ്ങളിൽ അൽപ്പം താഴ്ന്നാലും ഈ വർഷം ഉയർന്നു കൊണ്ടേയിരിക്കുകയാണ്. ഇത്ര വില കൂടിയിട്ടും സ്വർണത്തോടുള്ള ആവേശം അൽപ്പം പോലും കുറയാത്തതെന്തുകൊണ്ടാണ്? സ്വർണം മറ്റ് ആസ്തികളെപ്പോലെ ഉൽപ്പാദനക്ഷമമായ ആസ്തിയല്ല, തികച്ചും വൈകാരികമായ മൂല്യമുള്ള ഒരു ആസ്തിയാണെന്നു പറയാം. സ്വർണത്തിന്റെ മൂല്യം എല്ലാക്കാലത്തും ഉയർന്നു നിൽക്കാനുള്ള ഒരു പ്രധാന കാരണം ഇതാണെന്ന് ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അലക്സ് കെ ബാബു പറയുന്നു.

സ്വർണമെന്ന കറൻസി

2000 വർഷമെങ്കിലും പഴക്കമുള്ള കറന്‍സിയാണ് സ്വർണം. ഇപ്പോഴത്തെ പേപ്പർ കറൻസികളായ രൂപ, ഡോളർ, യുവാൻ തുടങ്ങിയവയൊക്കെ അതിനും എത്രയോ കാലങ്ങൾക്ക് ശേഷം വന്നതാണ് എന്നോർക്കുക. അതായത് 2000 വർഷങ്ങളായിട്ട് ഇപ്പോഴും ഏറ്റവും വിശ്വാസ്യത നിലനിർത്തുന്ന കറൻസിയാണ് സ്വർണം. അപ്പോൾ പിന്നെ ലോകം യുദ്ധങ്ങള്‍ ഉൾപ്പടെ പ്രക്ഷുബ്ധമായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോൾ പ്രത്യേകിച്ച് പറയേണ്ടല്ലോ. അതിനു പുറമേ വ്യാപാരയുദ്ധവും മുറുകുന്നു. ഇത്തരം അവസ്ഥയിൽ നമ്മൾ സ്വർണത്തിൽ അല്ലാതെ എന്തിൽ വിശ്വസിക്കും? ഡോളർ, രൂപ തു‍ടങ്ങിയ ഏത് കറൻസിയിലാണിപ്പോൾ വിശ്വസിക്കുക. 

സ്വർണത്തെ ഒഴിവാക്കാനാകില്ല

ഈ വിശ്വാസ്യതയാണ് സ്വർണത്തിന്റെ മൂല്യം ഇങ്ങനെ കുതിച്ചുയരാൻ കാരണം. സ്വർണം വാങ്ങുന്നത് ഒട്ടും ഉൽപ്പാദനക്ഷമമല്ല. കാരണം നമ്മളത് വാങ്ങി വെറുതെ വയ്ക്കുകയാണ്. സമ്പദ് വ്യവസ്ഥയിലേയ്ക്ക് ഒന്നും നൽകുന്നില്ല. പക്ഷെ നമുക്ക് വേറെ മാർഗമില്ല. ഓഹരി, ബോണ്ട്, എഫ്ഡി ഇതെല്ലാം താഴേയ്ക്കാണ്. അതേസമയം കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ സ്വർണത്തിന്റെ വില 50 ശതമാനത്തോളം  ഉയർന്നിരിക്കുന്നു. ഇക്കാരണങ്ങളാൽ സ്വർണത്തെ നിക്ഷേപ പോർട്ട് ഫോളിയോയിൽ നിന്ന് ഒഴിവാക്കാനാകില്ല. നേരത്തെ ആകെ നിക്ഷേപത്തിന്റെ 10–15 ശതമാനം വിഹിതം സ്വർണത്തിൽ വേണമെന്ന് പറയുമായിരുന്നെങ്കിലും വില ഇത്രയും ഉയർന്ന നിലയിലായതു കൊണ്ട് നിക്ഷേപത്തിന്റെ 5 ശതമാനമെങ്കിലും സ്വർണത്തിലായിരിക്കണമെന്നാണ് വിദഗ്ധർ ഇപ്പോൾ പറയുന്നത്.

English Summary:

High gold prices haven’t dampened investor enthusiasm. This article explores the enduring appeal of gold, highlighting its historical significance as a stable currency, its role as a safe haven asset during times of global uncertainty, and its continued value in a diversified investment portfolio.