മലയാളികൾക്ക് അധികം പരിചിതമല്ലാതിരുന്ന ഒരു ഓൺലൈൻ ബിസിനസ് മോഡൽ ആണ് ഡ്രോപ്പ്ഷിപ്പിങ്. ഒരു ഉൽപന്നം പോലും കൈകൊണ്ട് തൊടാതെ അത് വിറ്റ് ലാഭം നേടാം എന്നതാണ് ഡ്രോപ്ഷിപ്പിങിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഇപ്പോൾ കേരളത്തിലെ യുവാക്കളുടെ ഇടയിലും ഡ്രോപ്ഷിപ്പിങ് തരംഗമായിരിക്കുകയാണ്. കോവിഡിനു ശേഷം ഒരുപാട് മലയാളികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചും യൂട്യൂബ് ചാനൽ തുടങ്ങിയും ഓൺലൈൻ മണി മേക്കിങ് മേഖലകളിലേക്ക് കടന്നെങ്കിലും ഡ്രോപ്ഷിപ്പിങ് പിന്തുടർന്ന ആളുകൾ വളരെ ചുരുക്കമാണ്.
അങ്ങനെ ഈ മോഡലിനെ തന്റെ വിജയമാർഗമാക്കി മാറ്റിയ ഒരു മലയാളിയുണ്ട്, ജിന്റോ ടോണി. ഡ്രോപ്ഷിപ്പിങ് മേഖലയിൽ റീസെല്ലർ ആയി തുടങ്ങി ഇന്ന് ഇന്ത്യൻ ഡ്രോപ്ഷിപ്പിങ്ങിലും ഇന്റർനാഷണൽ ഡ്രോപ്ഷിപ്പിങ്ങിലും ഒരു സപ്ലയറായി ജെവികോം ബിടുബി എന്ന ബ്രാൻഡിന്റെ സ്ഥാപകനുമായ ടോണിയോട് കേരളത്തിലെ ഡ്രോപ്ഷിപ്പിങ് സാധ്യതകൾ എന്താണെന്ന് ചോദിച്ചറിയാം.
ഒരു ലാപ്ടോപ്പും ഇന്റർനെറ്റുമുള്ള ഏതൊരാൾക്കും ഓൺലൈനായി ആമസോണും ഫ്ലിപ്കാർട്ടും പോലെ ഒരു പ്രൊഡക്റ്റ് വിൽക്കാൻ കഴിയുന്ന ബിസിനസാണ് ഡ്രോപ്പ്ഷിപ്പിങ്ങ്.
മാർക്കറ്റിലുള്ള ഒരു ഉൽപന്നത്തെ നിങ്ങൾ ഒരു ഇടനിലക്കാരനായി നിന്നുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നൽകി നിങ്ങളുടെ വെബ്സൈറ്റിലൂടെ വിറ്റ് ലാഭമുണ്ടാക്കുന്ന രീതിയാണിത്. ഇതിനായി മികച്ച ഒരു പ്രൊഡക്റ്റ് കണ്ടെത്തുക എന്നതാണ് ആദ്യത്തെ കാര്യം.
ആ പ്രൊഡക്റ്റ് ഹോൾസെയിലായി വിൽക്കുന്ന ആളാണ് സപ്ലെയർ. പ്രൊഡക്റ്റിനെ മാർക്കറ്റ് ചെയ്യാനായി നമുക്ക് ഒരു സ്റ്റോർ ആവശ്യമുണ്ട്.
സ്റ്റോർ നിർമിക്കുന്നതിനായി ഓൺലൈനിൽ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളുണ്ട്. ഷോപ്പിഫൈ എന്ന പ്ലാറ്റ്ഫോമിലൂടെയോ, വൂ കൊമേഴ്സിലൂടെയോ സ്റ്റോർ നിർമ്മിക്കാം.
ഒരു മികച്ച ഉൽപന്നത്തെ വിതരണക്കാരിൽ നിന്നും ലഭിക്കുന്ന തുകയ്ക്കു പുറമേ ഡെലിവറി ചാർജും നമ്മുടെ ലാഭവും കൂട്ടിയ വിലയിൽ വെബ്സൈറ്റിൽ പ്രദർശിപ്പിക്കാം. പിന്നീട് ഇത് സോഷ്യൽ മീഡിയയിലൂടെയും മറ്റും മാർക്കറ്റും ചെയ്യാം.
നമ്മുടെ വെബ്സൈറ്റിലൂടെ ആളുകള് വാങ്ങുന്നതിലാണ് ലാഭം.
പ്രൊഡക്റ്റും സപ്ലയറും
നമ്മുടെ മാർക്കറ്റിൽ ലഭിക്കാത്ത ഏതൊരു വസ്തുവും വിൽപനയ്ക്കായി തിരഞ്ഞെടുക്കാം. ആ ഉൽപന്നം നൽകുന്ന ആളാണ് സപ്ലയർ.
ആവശ്യക്കാരൻ പ്രൊഡക്റ്റ് ഓർഡർ ചെയ്യുമ്പോൾ അത് അവരിലേയ്ക്കെത്തിക്കുന്നത് സപ്ലയറാണ്. സപ്ലയറുടെ ഗോഡൗണിൽ നിന്ന് അത് പാക്ചെയ്ത് ഓർഡർ ചെയ്ത ആളിലേയ്ക്ക് എത്തുന്നു.
പ്രൊഡക്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ ചില മാനദണ്ഡങ്ങളുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കാത്ത ഒരു ഉൽപ്പന്നമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
ആസമോൺ, ഫ്ലിപ്കാർട് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യത കുറവുള്ള ഉൽപന്നങ്ങൾ നോക്കി തിരഞ്ഞെടുക്കാം. ആളുകളുടെ പ്രശ്നം പരിഹരിക്കുന്നതോ ആദ്യ കാഴ്ചയിൽ തന്നെ കൗതുകം തോന്നിക്കുന്നതോ ആയ ഉൽപന്നങ്ങൾ വിപണിയില് വിജയിക്കാൻ സാധ്യത കൂടുതലാണ്.
ഇന്ത്യനും വിദേശിയും
ഡ്രോപ്പ്ഷിപ്പിങ്ങ് രണ്ട് തരത്തിലാണ് ഉള്ളത്.
ഇന്ത്യൻ ഡ്രോപ്പ്ഷിപ്പിങ്ങും ഇന്റർനാഷണൽ ഡ്രോപ്പ്ഷിപ്പിങ്ങും. ഇന്ത്യൻ മാർക്കറ്റിലുള്ള ഉൽപന്നങ്ങൾ സപ്ലയറിൽ നിന്നും കണ്ടെത്തി രാജ്യത്തു തന്നെ വിൽക്കുന്ന രീതിയാണ് ആദ്യത്തേത്.
ഇതിനായി ഇന്ത്യമാർട്ട്, റൊപ്പോസോ ക്ലൗട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഉൽപന്നങ്ങളും വിതരണക്കാരെയും കണ്ടെത്താൻ കഴിയും. അതിനു പുറമേ മറ്റുള്ള വിതരണക്കാരിൽ നിന്നും മികച്ച ഉൽപന്നങ്ങള് കണ്ടെത്താൻ കഴിയും.
ഇതിലെ ഏറ്റവും വലിയ വെല്ലുവിളി ആളുകൾ കൂടുതലായി ക്യാഷ്ഓൺ ഡെലിവറിയിലൂടെ ഉൽപന്നങ്ങൾ ഓർഡർ ചെയ്യുന്നു എന്നതാണ്. ഇത് കൂടുതൽ റിട്ടേൺ ഓർഡറുകൾക്ക് കാരണമാകുന്നു.
എന്നാൽ ഇന്റർനാഷണൽ ഡ്രോപ്ഷിപ്പിങ്ങിൽ കാര്യങ്ങൾ കുറച്ചുകൂടെ വ്യത്യസ്തമാണ്.
ഡോളറിൽ വിനിമയം നടക്കുന്നതിൽ നമുക്ക് ലഭിക്കുന്ന ലാഭവും കൂടുതലായിരിക്കും. അതുപോലെ ഒരുപാട് വ്യത്യസ്തമായ ഉൽപന്നങ്ങൾ നമുക്ക് കണ്ടെത്താനും കഴിയും.
ചൈനയിൽ പ്രവർത്തിക്കുന്ന പല വെബ്സൈറ്റുകളിൽ നിന്നും നമുക്ക് ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്യാം. ക്യാഷ്ഓൺ ഡെലിവറി ഉപയോഗിക്കുന്നില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇന്റർനാഷണൽ ഡ്രോപ്ഷിപ്പിങ് ആരംഭിക്കാൻ താരതമ്യേന ചെലവ് വളരെ കൂടുതലാണ്. കൂടാതെ റജിസ്ട്രേഷൻ മറ്റു പല രാജ്യങ്ങളിലും ചെയ്യണമെന്നതും തുടക്കക്കാർക്ക് ബുദ്ധിമുട്ടാണ്.
ഈസിയല്ല?
ഇന്ന് ഓൺലൈനായി ഒരുപാട് ആളുകൾ എളുപ്പത്തിൽ കോടികൾ സമ്പാദിക്കാൻ ഈ മേഖലയിലേയ്ക്ക് എത്തുന്നുണ്ട്.
അങ്ങനെ ഒരു ലക്ഷ്യത്തോടെ എത്തുന്നവർ എല്ലാം ഈ മേഖലയിൽ വിജയിക്കണമെന്നില്ല. ഏതൊരു ബിസിനസ് പോലെ തന്നെ ഇതിനും റിസ്ക്കുകളുണ്ട്.
വീട്ടിലിരുന്നുകൊണ്ട് എവിടേയ്ക്കു വേണമെങ്കിലും വിൽക്കാമെന്നതും ഇവ നമ്മൾ സൂക്ഷിക്കേണ്ടതില്ലെന്നുമൊഴിച്ചാൽ സാധാരണ കച്ചവടത്തിലുള്ള എല്ലാ ജോലികളും ഇതിലും ഉൾപ്പെട്ടിട്ടുണ്ട്, മാർക്കറ്റിങ്, കസ്റ്റമർ മാനേജ്മെന്റ് എല്ലാം നമ്മൾ ചെയ്യേണ്ടതുണ്ട്. ഡ്രോപ്പ്ഷിപ്പിങ്ങിൽ എളുപ്പത്തിൽ പണമുണ്ടാക്കാമെന്നു കരുതി ഒരുപാട് ആളുകൾ എത്തുന്നുണ്ട് അവരിൽ ഭൂരിഭാഗം പേരും പറ്റിക്കപ്പെടാറാണ് പതിവ്.
അതുപോലെ തന്നെ പൂജ്യം രൂപയിൽ ഡ്രോപ്പ്ഷിപ്പിങ് ചെയ്യാമെന്നു പറഞ്ഞ് ആളുകൾ ഓൺലൈനിൽ പല പ്രചരണങ്ങളും നടത്തുന്നുണ്ട്. ഒരു സാധാരണക്കാരനെ സംബന്ധിച്ച് അത് അത്ര എളുപ്പമല്ല.
ഈമേഖലയിലും തട്ടിപ്പുകാർ ഒരുപാടുണ്ട്.
ഒരാൾക്ക് വളരെ എളുപ്പത്തിൽ ആരംഭിക്കാന് കഴിയുന്ന ബിസിനസ് ആണെങ്കിലും കുറച്ചധികം കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ കഴിഞ്ഞാലെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാകൂ. വെബ്സൈറ്റ് ഡിസൈൻ ഷോപ്പിഫൈവഴി ചെയ്യാമെങ്കിലും അതിന്റെ അടിസ്ഥാനം നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
അതുപോലെ തന്നെ പരസ്യങ്ങൾ നിർമ്മിക്കാനും മറ്റു കാര്യങ്ങൾക്കുമായി വിഡിയോ എഡിറ്റിങ്ങിലും കണ്ടന്റ് ക്രിയേഷനിലും വ്യക്തമായ ധാരണയുണ്ടാകണം. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്യാൻ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങും അറിയുന്നത് നല്ലതാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

