
കണ്ടില്ലേ.. സമാധാനമായല്ലോ? ലഞ്ച് ബ്രേക്കിന് എന്റെ കാബിന് മുമ്പിലൂടെ പോയ സുഹൃത്ത് ഡോര്‍ പകുതി തുറന്ന് തല അകത്തേക്ക് ഇട്ടിട്ട് എന്നോട് ചോദിച്ചു.
എന്നതാ സംഭവം? ഞാന്‍ ചോദിച്ചു
ഓ ഒന്നുമറിഞ്ഞില്ല. പാവം. അല്ലേലും ചുറ്റിലും നടക്കുന്നതൊന്നും അറിയാത്തത് തന്നാ നല്ലത്. എന്റെ നേരെ ഒരു പുച്ഛചിരിയും എറിഞ്ഞ് തോമസ് ഡോര്‍ അടയ്ക്കാന്‍ തുടങ്ങിയതും ഞാന്‍ അകത്തേക്ക് വിളിച്ചു.
അല്ല. എന്തിനേക്കുറിച്ചാണ് ഇന്നത്തെ പുച്ഛം. എനിക്ക മനസിലായില്ല. അതുകൊണ്ടാണ് ചോദിച്ചത്.
അല്ല പത്രമൊന്നും വായിക്കുന്നില്ലേ ഇപ്പോള്‍. ദാ ഇതുകണ്ടില്ലേ. കയ്യിലെ പത്രം തോമസ് എന്റെ നേരേ നീട്ടി. ഞാന്‍ തലക്കെട്ട് നോക്കി. ഓഹരി വിപണി ഇടിഞ്ഞു. നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ വെള്ളത്തിലായി.
ഓ ഇതാണോ കാര്യം. ഞാന്‍ നെറ്റിചുളിച്ചു.
തീര്‍ന്നില്ല. തോമസ് പറഞ്ഞു. മറ്റുതലക്കെട്ടുകള് കൂടി ഞാന്‍ വായിക്കാം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ പണം കൂട്ടത്തോടെ പിന്‍വലിക്കുന്നു. എസ്ഐപി അക്കൗണ്ടുകള്‍ കൂട്ടത്തോടെ ക്ലോസ് ചെയ്യുന്നു, പുതിയ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിന്റെ എണ്ണവും കുറഞ്ഞു….തോമസ് നിര്‍ത്തി. തോമസ് അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് പ്രേമിയും സ്വര്‍ണ കാമിയുമാണ്. നിക്ഷേപമെന്നാല്‍ ഇതില്‍ രണ്ടിലും മതി. ബാക്കിയൊക്കെ വെറും പാഴ് എന്ന വിശ്വാസക്കാരന്‍, പ്രമാണക്കാരന്‍. എപ്പോഴൊക്കെ ഓഹരി വിപണിക്ക് തീ പിടിക്കുന്നോ അപ്പോഴൊക്കെ വാഴവെട്ടാന്‍ വരുന്നവന്.
തീര്‍ന്നോ? ഞാന്‍ ചോദിച്ചു. ഇതൊക്കെ എപ്പോഴും പതിവാണ്. ഓഹരി വിപണി കയറുകയും ഇടിയുകയും ചെയ്യും. കോവിഡിലെ ഓഹരി വിപണി തകര്‍ച്ചയ്ക്ക്ശേഷം വിപണി കയറിക്കൊണ്ടേയിരിക്കുകയായിരുന്നു. ഏതു കയറ്റത്തിനും ഒരു ഇറക്കമുണ്ടാകുമല്ലോ. കോവിഡിനുശേഷം ഇതാദ്യമായാണ് ഇത്രയും വലിയ ഇടിവ് ഓഹരി വിപണിയിലുണ്ടാകുന്നത്. ഞാന്‍ പറഞ്ഞു.
എന്നുമുണ്ടാകുന്നതുപോലുള്ള ഇടിവല്ല. സംഭവം വളരെ ഗൗരവമുള്ളതാണ്. തോമസ് പറഞ്ഞു.
ഗൗരവത്തെയൊന്നും കുറച്ചുകാണുന്നില്ല. അമേരിക്കയില്‍ പുതിയ പ്രസിഡന്റ് വന്നതോടെ ലോക രാഷ്ട്രീയത്തിലും ലോക ക്രമത്തിലുമൊക്കെ മാറ്റങ്ങള്‍ വന്നു. അതിന്റെ അലയൊലികള്‍ ഉടനെ അടങ്ങുകയുമില്ല. പക്ഷേ അത് എല്ലാക്കാലത്തും അങ്ങനെ തന്നെയായിരിക്കും എന്നല്ല. മാറ്റം സാധാരണമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കെണ്ട് നാല് ലക്ഷം കോടി രൂപ ഇന്ത്യന്‍ നിക്ഷേപകര്‍ വിപണിയിലിറക്കിയതായാണ് കണക്ക്. ഈ തുക അഞ്ചു വര്‍ഷം കൊണ്ട് 40 ലക്ഷം കോടി രൂപയായി വളര്‍ന്നു എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കാലയളവില്‍ ഓഹരിയില്‍ നിന്നും മ്യൂച്വല്‍ ഫണ്ടില്‍ നിന്നുമൊക്കെ ഭൂരിഭാഗം പേര്‍ക്കും നല്ല ലാഭം തന്നെയാണ് കിട്ടിയത്.
തിരുത്തല്‍ മാത്രമോ?
മതിമതി. തോമസ് ഇടയ്ക്കുകയറി.ഇതൊരു തിരുത്തലാണ് എന്നും ഓരോ തിരുത്തലിലും വലിയ അവസരമാണ് ഒളിഞ്ഞിരിക്കുന്നതെന്നും പറയാനാണ് ഭാവമെങ്കില്‍ അതിവിടെ വേണ്ട. കഴിഞ്ഞ അഞ്ച് മാസമായി തിരുത്തല്‍ മാത്രമേ മാര്‍ക്കറ്റില്‍ കാണുന്നുള്ളൂ. തിരുത്തി തിരുത്തി റീറ്റെയ്ല്‍ നിക്ഷേപകരുടെ കയ്യിലുള്ളതെല്ലാം തീരാറായി. തോമസ് ഒന്ന് നിര്‍ത്തി.
ഓഹരി വിപണി ക്ഷമയുള്ളവരുടെ മാത്രം വിപണിയാണ്. വിപണി ഉയരുമ്പോള്‍ ഓടിക്കൂടുകയും വിപണി തകരുമ്പോള്‍ ഓടിയകലുകയും ചെയ്യുന്നവരാണ് ഭൂരിഭാഗവും. അവര്‍ക്കുളളതല്ല ഓഹരി വിപണി. വിപണി തകരുമ്പോള്‍ നല്ല അടിസ്ഥാന ഗൂണമുള്ള ഓഹരികള്‍ വാങ്ങുന്നവരാണ് യഥാര്‍ത്ഥ ഓഹരി നിക്ഷേപകര്‍. ക്ഷമയില്ലാത്തവരുടെ കയ്യിലുള്ള പണം ക്ഷമയുള്ളവരുടെ കയ്യിലെത്തിക്കുന്ന സംവിധാനമാണ് ഓഹരി വിപണി. ഞാന്‍ പറഞ്ഞു.
മനസിലായില്ല. തോമസ് നെറ്റിചുളിച്ചു.
മനസിലാക്കാനൊന്നുമില്ല. സംഭവം വെറും സാമാന്യ ബുദ്ധിമാത്രമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓഹരി വിപണിയും ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടും ഏതു കാലത്തും ക്ഷമയുള്ള നിക്ഷേപകര്‍ക്ക് നേട്ടം തരും.
∙ദീര്‍ഘകാലത്തേക്ക് ആവശ്യമുള്ള പണം മാത്രമേ ഓഹരിയില്‍ നിക്ഷേപിക്കാവൂ എന്നതാണ് ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം.
∙ഏത് ഓഹരിയില്‍ നിക്ഷേപിച്ചാലും എത്രരൂപവരെ ഉയര്‍ന്നാല്‍ വില്‍ക്കും എന്ന കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകണം. ആ വിലയിലേക്ക് എത്തുമ്പോള്‍ വിറ്റ് നിക്ഷേപ തുകയെങ്കിലും തിരികെയെടുക്കണം എന്നതാണ് രണ്ടാമത്തേത്.
∙എല്ലാ നിക്ഷേപവും ഓഹരിയില്‍ മാത്രമായി ഇടരുത് എന്നതാണ് മൂന്നാമത്തേത്.
ചുരുങ്ങിയത് ഇത്രയും കാര്യങ്ങളെങ്കിലും ശ്രദ്ധിച്ചാല്‍ ഓഹരി വിപണിയിലെ കയറ്റിറക്കങ്ങള്‍ ഒരു കളിക്കാരന്റെ മനസോടെ രസകരമായി കണ്ടുനില്ക്കാം. ആധിയും വേണ്ട വ്യാധിയും വേണ്ട. ഓഹരി വിപണിയെക്കുറിച്ച് എവിടെ നോക്കിയാലും ഇപ്പോള്‍ മുന്നിറിയിപ്പുകളുടെ പ്രളയമാണ്. നമ്മളാരും കരുതുന്ന ഘടകങ്ങളൊന്നുമല്ല ഓഹരി വിപണിയെ സ്വാധീനിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സ് എന്ന ഒരു ജാതി നിക്ഷേപകരുണ്ട്. ലാഭം മാത്രം നോക്കി നടക്കുന്നവര്‍. ഒരു രാജ്യത്തോടും ഒരു വിപണിയോടും പ്രതിബദ്ധത ഇല്ലാത്തവര്‍. പത്തായത്തിലെവിടെയങ്കിലും നഷ്ടത്തിന്റെ ലക്ഷണം കണ്ടാല്‍ മൂന്നാറില്‍ നിന്നുവരെ എലിയെ കൊണ്ടുവരുന്നവര്‍. അത്തരക്കാരുടെ കയ്യില്‍ പെട്ട് വിപണി ചാഞ്ചാടുമ്പോള്‍ നെഞ്ചുംവിരിച്ച് നിന്ന് കളി കാണമെങ്കില്‍ ഓഹരി വിപണിയിലെ അടിസ്ഥാന തത്വങ്ങള്‍ മറക്കാത്ത നിക്ഷേപകനായി മാറണം. എങ്കിലേ ലാഭവും കൂടെ വരൂ. ഞാന്‍ പറഞ്ഞു.
തോമസ് വാച്ചില്‍ നോക്കി ഒന്നും മിണ്ടാതെ എഴുന്നേറ്റ് ഡോര്‍ തുറന്നു. എന്നിട്ട് എന്നെ നോക്കി പറഞ്ഞു. യോദ്ധ സിനിമയിലെ ജഗതിയെനോക്കി മോഹന്‍ലാല്‍ പറഞ്ഞ ഡയലോഗ്. വാദിച്ചുജയിച്ചു എന്നുറപ്പിക്കാന്‍ വരട്ടെ. ഇനിയും തകര്‍ച്ചയ്ക്കുള്ള അവസരം മലവെള്ളം പോലെ കിടപ്പുണ്ട്. ചലഞ്ച് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിനുവേണ്ടി അരശുംമൂട്ടില്‍ അപ്പുക്കുട്ടന് ചലഞ്ച് ചെയ്യുന്നു. അടുത്ത ഇടിവിലും ഈ ആത്മവിശ്വാസം കാണണം.
(പെഴ്സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല് [email protected])