ശബരിമല സീസണായതിനാൽ തമിഴ്നാടം, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഡിമാൻഡ് കുറഞ്ഞിട്ടും ചരിത്രത്തിലെ ഏറ്റവും ഉയരത്തിലേക്ക് കുതിച്ചുയർന്ന് കോഴിമുട്ട വില.
രാജ്യത്തെ ഏറ്റവും പ്രധാന മുട്ട കയറ്റുമതി കേന്ദ്രമായ തമിഴ്നാട് നാമക്കലിലെ ഉൽപാദന ഫാമുകളിൽ ഒരു കോഴിമുട്ടയ്ക്ക് വില 6.05 രൂപ കടന്നു; ഇതു റെക്കോർഡാണ്.
2024 ഡിസംബർ 9ലെ 5.90 രൂപയെന്ന റെക്കോർഡ് ഇനി പഴങ്കഥ.
നവംബറിന്റെ ആദ്യദിവസങ്ങളിൽ 5.40 രൂപയായിരുന്ന വിലയാണ് പിന്നീട് ഓരോ ദിവസവും മുന്നേറി 6 രൂപ ഭേദിച്ചത്. ഏതാണ്ട് എല്ലാ ദിവസവും 5 പൈസ വീതം കൂടി.
അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം മുട്ട ഉൽപാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിലേക്കും വിദേശത്തേക്കുമുള്ള കയറ്റുമതി വർധിക്കുകയും ചെയ്തത് വില കൂടാനിടയാക്കുന്നു.
ശബരിമല സീസണിൽ പൊതുവേ ഡിമാൻഡ് താഴുകയും വില കുറയുകയും ചെയ്യേണ്ടതാണ്. എന്നാൽ, ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്നും പല സംസ്ഥാനങ്ങളിലും മികച്ച ഡിമാൻഡ് ഉള്ളതിനാൽ തണുപ്പുകാലം അവസാനിക്കുംവരെ വില ഉയർന്ന് നിൽക്കാനാണ് സാധ്യതയെന്നും വ്യാപാരികൾ വ്യക്തമാക്കി.
വരുംദിവസങ്ങളിലും വില കൂടാനാണ് സാധ്യത.
ദേശീയ എഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (എൻഇസിസി) വിലയിരുത്തൽപ്രകാരം ദേശീയതലത്തിൽതന്നെ മുട്ട ഉൽപാദനം വലിയതോതിൽ കുറഞ്ഞിട്ടുണ്ട്.
അതേസമയം, ഗൾഫിലേക്കും മറ്റുമുള്ള കയറ്റുമതി ഉയരുകയും ചെയ്തു. പ്രതിദിനം 60 മുതൽ 80 ലക്ഷം മുട്ടകൾവരെയാണ് ഗൾഫിലേക്ക് പറക്കുന്നതെന്ന് കർണാടകയിലെ കണക്കുകൾ വ്യക്തമാക്കുന്നു.
കേരളത്തിൽ മുട്ടയുടെ ചില്ലറവില ശരാശരി 7.50 രൂപ കടന്നു.
കർണാടകയിലെ മംഗളൂരുവിൽ ചില്ലറവില 8 രൂപയ്ക്കും മൊത്തവില 7.50 രൂപയ്ക്കും മുകളിലാണ്. കഴിഞ്ഞയാഴ്ച 6.70 രൂപയായിരുന്നു മൊത്തവില.
കഴിഞ്ഞ മേയിൽ 5 രൂപയ്ക്കും താഴെയുമായിരുന്നു. ചിലയിടങ്ങളിൽ സ്കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ നിന്ന് മുട്ടയ്ക്ക് വലിയ ഡിമാൻഡ് കിട്ടുന്നതും വിലയെ മേലോട്ട് നയിക്കുന്നു.
മഹാരാഷ്ട്രയിൽ തക്കാളി വില കത്തിനിൽക്കുന്നതിനിടെ മുട്ട
വിലയും കൂടിയത് ഗാർഹിക ഉപഭോക്താക്കൾക്ക് പുറമേ റസ്റ്ററന്റുകൾ, തട്ടുകടകൾ തുടങ്ങിയവയ്ക്കും തിരിച്ചടിയായി. തക്കാളി ‘സെഞ്ചറി’ ലക്ഷ്യമാക്കി കുതിക്കുകയാണ്.
മഴക്കെടുതിമൂലം വിളവ് നശിച്ചതാണ് തിരിച്ചടി. മുട്ടയ്ക്ക് ചില്ലറവില 8 രൂപ കടന്നു.
ചിലയിടങ്ങളിൽ പക്ഷിപ്പനിപ്പേടി മൂലം ഉൽപാദനം കുറഞ്ഞതും വില കൂടാനൊരു കാരണമാണെന്ന് മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പ് പ്രതികരിച്ചു. ആന്ധ്രയിലെയും തമിഴ്നാട്ടിലെയും കർഷകർ രോഗബാധയുള്ള പക്ഷികൾക്ക് ബദൽ ഉറപ്പാക്കാത്തതും ഉൽപാദനത്തെ ബാധിച്ചെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞവർഷം ഇതേ സീസണിൽ 6.10-6.30 രൂപയായിരുന്ന മൊത്തവില ഇത്തവണ 7.10 രൂപയിലെത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

