രാജ്യാന്തരതലത്തിൽ നിന്നുള്ള അനുകൂലക്കാറ്റ് ഊർജമായതോടെ ഇന്നും മുന്നേറി കേരളത്തിലെ സ്വർണവില. ഗ്രാമിന് 75 രൂപ ഉയർന്ന് വില 7,300 രൂപയായി. 600 രൂപ വർധിച്ച് പവൻ വില 58,400 രൂപയിലെത്തി. നവംബർ 9ന് ശേഷം ആദ്യമായാണ് പവൻ 58,000 രൂപ ഭേദിക്കുന്നത്. കഴിഞ്ഞ 6 ദിവസത്തിനിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കൂടി. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 60 രൂപ വർധിച്ച് 6,020 രൂപയായി. വെള്ളിവില ഗ്രാമിന് 98 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവ ചേരുമ്പോൾ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 63,215 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,902 രൂപയും. 6 ദിവസം മുമ്പ് വാങ്ങിയവർ നൽകിയത് പവന് 60,056 രൂപയും ഗ്രാമിന് 7,507 രൂപയുമായിരുന്നു. അതായത്, 6 ദിവസത്തെ വ്യത്യാസം പവന് 3,159 രൂപയും ഗ്രാമിന് 395 രൂപയും.
യുദ്ധവും പലിശയും സ്വർണക്കുതിപ്പും
രാജ്യാന്തര സ്വർണവിലയുടെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ സ്വർണവില രാജ്യാന്തര തലത്തിൽ ഏറ്റവുമധികം വർധന കുറിച്ച ആഴ്ചയാണ് കടന്നുപോകുന്നതും. കഴിഞ്ഞവാരം ഔൺസിന് 2,560 ഡോളറായിരുന്ന വില ഇന്നുള്ളത് 2,715.28 ഡോളറിൽ. ഇന്നുമാത്രം കൂടിയത് 42 ഡോളർ. വില വരുംദിവസങ്ങളിലും കൂടിയേക്കാമെന്ന് നിരീക്ഷകർ പറയുന്നു. വഷളാകുന്ന റഷ്യ-യുക്രെയ്ൻ യുദ്ധമാണ് മുഖ്യകാരണം. യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ സംഘർഷവേളകളിൽ സ്വർണം മുന്നേറുന്നത് പതിവാണ്. മറ്റൊന്ന്, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിലെ സാമ്പത്തികരംഗത്തെ ചലനങ്ങളാണ്. പണപ്പെരുപ്പം വെല്ലുവിളിയാകുമെന്ന ഭീതിയുണ്ടെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കണമെന്ന നിലപാടിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിലെ ചില അംഗങ്ങൾ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഡിസംബറിലും പലിശ കാൽശതമാനം കുറച്ചേക്കും.
പലിശ കുറഞ്ഞാൽ ആനുപാതികമായി യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്), യുഎസ് ഡോളറിന്റെ മൂല്യം, ബാങ്ക് നിക്ഷേപ പലിശനിരക്ക് എന്നിവ താഴും. ഇത് സ്വർണനിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപകർ കൂടുമാറാനിടയാക്കും. വിലയും വർധിക്കും. സെപ്റ്റംബറിൽ അടിസ്ഥാനപലിശ നിരക്ക് 0.50%, ഈമാസം 0.25% എന്നിങ്ങനെ പലിശ വെട്ടിക്കുറച്ചിരുന്നു. യുഎസ് ഫെഡിന്റെ കഴിഞ്ഞ പണനയ നിർണയ യോഗത്തിന്റെ മിനിട്ട്സ്, യുഎസിന്റെ പണപ്പെരുപ്പക്കണക്ക്, സെപ്റ്റംബർപാദ ജിഡിപി വളർച്ചാക്കണക്ക് എന്നിവ അടുത്തയാഴ്ച പുറത്തുവരുമെന്നതും സ്വർണവിലയെ സ്വാധീനിക്കും. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണവില വൈകാതെ ഔൺസിന് 2,800 ഡോളർ ഭേദിക്കുമെന്നാണ് വിലയിരുത്തൽ.
അതായത്, കേരളത്തിൽ പവൻവില 60,000 രൂപ ഭേദിച്ചേക്കാം. അതേസമയം, പണപ്പെരുപ്പം കൂടുതൽ ശക്തമാവുകയും പലിശകുറയ്ക്കുന്നതിൽ നിന്ന് യുഎസ് ഫെഡ് പിന്നാക്കം പോകുകയും ചെയ്താൽ രാജ്യാന്തര സ്വർണവില 2,560 ഡോളർ വരെ താഴുകയും ചെയ്യാം. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 56,000 രൂപ നിലവാരത്തിലേക്കും ഇറങ്ങും. എന്നാൽ, ഇതിനുള്ള സാധ്യത വിരളമാണെന്നും നിരീക്ഷകർ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]