വാഷിങ്ടൻ ∙ ഗൂഗിൾ ഗോലിയാത്തെങ്കിൽ ദാവീദാകാൻ ഓപ്പൺഎഐക്ക് ആകുമോ? അറ്റ്ലസ് എന്ന പുതിയ വെബ് ബ്രൗസറുമായെത്തി ഗൂഗിളിനെ നേർക്കുനേർ വെല്ലുവിളിക്കുകയാണ് ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐ.
ആപ്പിൾ ലാപ്ടോപ്പുകളിൽ ‘അറ്റ്ലസ്’ ചൊവ്വാഴ്ച ലഭ്യമാകുമെന്ന് ഓപ്പൺഎഐ അറിയിച്ചു. പിന്നീട് മൈക്രോസോഫ്റ്റിന്റെ വിൻഡോസ്, ആപ്പിളിന്റെ ഐഒഎസ്, ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ലഭ്യമാകും.
ഇന്റർനെറ്റ് ഉപയോക്താക്കൾ കൂടുതലായി നിർമിതബുദ്ധിയെ ആശ്രയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അട്ടിമറിയുണ്ടാകുമോയെന്ന് ഉറ്റുനോക്കുകയാണ് സാങ്കേതികലോകം.
ചാറ്റ്ജിപിടിയെ ഓൺലൈൻ തിരയലുകൾക്കുള്ള കവാടമാക്കുന്നതിലൂടെ കൂടുതൽ ഇന്റർനെറ്റ് ട്രാഫിക്കും പരസ്യവരുമാനവും നേടാൻ ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പായ ഓപ്പൺഎഐക്ക് കഴിഞ്ഞേക്കും.
അതേസമയം, ചാറ്റ്ജിപിടി ഫലപ്രദമായി വിവരങ്ങൾ സംഗ്രഹിച്ചു നൽകിയാൽ ആളുകൾ ഇന്റർനെറ്റിൽ സമയം ചെലവിടുന്നതും പരമ്പരാഗത വെബ് ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതും നിർത്തിയേക്കാം. ഇത് ഓൺലൈൻ പ്രസാധകരുടെ നിലനിൽപ്പിനെ ബാധിച്ചേക്കാം.
ചാറ്റ്ജിപിടിക്ക് നിലവിൽ 80 കോടി ഉപയോക്താക്കളുണ്ടെങ്കിലും പലരും സൗജന്യമായാണ് ഉപയോഗിക്കുന്നത്.
വരുമാനത്തേക്കാൾ കൂടുതൽ പണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കമ്പനി.
ഒരു ബ്രൗസർ എങ്ങനെയുള്ളതായിരിക്കണമെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും പുനരാലോചിക്കാൻ പതിറ്റാണ്ടിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ അവസരമാണിതെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്മാൻ പറഞ്ഞു. പരമ്പരാഗത ബ്രൗസറിലെ യുആർഎൽ ബാറിന് പകരം ചാറ്റ്ബോട്ട് ഇന്റർഫെയ്സ് വരുമെന്നാണ് ആൾട്മാൻ കരുതുന്നത്.
എന്നാൽ, ഗൂഗിളുമായി മത്സരിക്കുന്നത് വലിയ വെല്ലുവിളിയാകും.
ലോകമെമ്പാടുമായി ഗൂഗിൾ ക്രോമിന് 300 കോടി ഉപയോക്താക്കളാണുള്ളത്. ജെമിനൈയുടെ മികവു കൂടി ചേരുമ്പോൾ ഓപ്പൺഎഐക്കു കാര്യങ്ങൾ എളുപ്പമാകില്ല.
ഗൂഗിളിന്റെ കുത്തക തടയാനായി ക്രോം ബ്രൗസർ വിൽക്കാൻ കോടതി ഉത്തരവിട്ടാൽ അതു വാങ്ങാൻ താൽപര്യമുണ്ടെന്ന് ഓപ്പൺഎഐ വ്യക്തമാക്കിയിരുന്നു.
എന്നാൽ കോടതി വിൽപനയ്ക്ക് ഉത്തരവിട്ടില്ല. ഇതിന് ഏതാനും മാസങ്ങൾക്കു ശേഷമാണ് ഓപ്പൺഎഐയുടെ സ്വന്തം ബ്രൗസർ പുറത്തിറങ്ങുന്നത്.
ബ്രൗസർ വിപണിയിലേക്ക് പ്രവേശിക്കുമ്പോൾ ഓപ്പൺഎഐക്ക് മാതൃകയാക്കാവുന്നത് ഗൂഗിൾ ക്രോമിനെത്തന്നെയാണ്.
2008 ൽ ഗൂഗിൾ ക്രോം പുറത്തിറക്കുമ്പോൾ, മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് എക്സ്പ്ലോററിനായിരുന്നു ആധിപത്യം.
ഒരു പുതിയ ബ്രൗസറിന് ഭീഷണി ഉയർത്താൻ കഴിയുമെന്ന് അന്നു പലരും വിശ്വസിച്ചിരുന്നില്ല. എന്നാൽ ഇന്റർനെറ്റ് എക്സ്പ്ലോററിനെക്കാൾ മികവു പ്രകടിപ്പിച്ച് ക്രോം വിപണി കയ്യിലെടുത്തു.
ഒടുവിൽ മൈക്രോസോഫ്റ്റിന് എക്സ്പ്ലോറർ ഉപേക്ഷിക്കേണ്ടി വന്നു.
മറ്റൊരു ചെറിയ എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി, ഈ വർഷം ആദ്യം ‘കോമറ്റ്’ എന്ന ബ്രൗസർ പുറത്തിറക്കിയിരുന്നു. അവരും ക്രോം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

