ഒടുവിൽ, തീരുവയ്ക്ക് പിന്നാലെ ‘ഉപരോധം’ ആയുധമാക്കിയ ട്രംപിന്റെ തന്ത്രം ഏശുന്നു. റഷ്യയുടെ രണ്ട് വമ്പൻ എണ്ണക്കമ്പനികളെ ഉപരോധപ്പൂട്ടിട്ട് ട്രംപ് പൂട്ടിയതോടെ, റഷ്യൻ എണ്ണ വാങ്ങുന്നത് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലേക്ക് കടന്ന് ഇന്ത്യ.
നിലവിൽ ഇന്ത്യയ്ക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ നൽകുന്ന റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ കമ്പനികൾക്കാണ് യുഎസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചത്.
നേരത്തേ ഇന്ത്യയ്ക്കുമേൽ 25% പിഴച്ചുങ്കം പ്രഖ്യാപിച്ചിട്ടും ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി കുറച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ ഉപരോധം പ്രാബല്യത്തിൽ വന്നതിനാൽ ഇനി എണ്ണ ഇറക്കുമതി എളുപ്പമല്ല.
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യൻ കമ്പനികൾക്കും അവ നീക്കംചെയ്യുന്ന കപ്പലുകൾക്കും ഇടപാടുമായി ബന്ധപ്പെട്ട വ്യക്തികൾക്കുമെല്ലാം യുഎസിന്റെ ഉപരോധം ബാധകമാകും.
റഷ്യയിൽ നിന്ന് എറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്തിരുന്ന റിലയൻസ് ഇൻഡസ്ട്രീസും ഇറക്കുമതി പുനഃപരിശോധിക്കും.
ഇക്കാര്യം സ്ഥിരീകരിച്ച കമ്പനി കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ചാകും തുടർ തീരുമാനമെന്നും വ്യക്തമാക്കി. റഷ്യയിൽ നിന്ന് പ്രതിദിനം 5 ലക്ഷം ബാരൽ വീതം അടുത്ത 25 വർഷത്തേക്ക് വാങ്ങാൻ കഴിഞ്ഞ ഡിസംബറിൽ റോസ്നെഫ്റ്റുമായി റിലയന്സ് ധാരണയിലെത്തിയിരുന്നു.
ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഈ ധാരണയിൽ നിന്ന് റിലയൻസിന് പിൻവാങ്ങേണ്ടിവരും.
പ്രതിദിനം ശരാശരി 17 ലക്ഷം ബാരൽ വീതം റഷ്യൻ എണ്ണയാണ് ഇന്ത്യ ഇപ്പോൾ വാങ്ങുന്നത്. ഇതിന്റെ പാതിയും ഇറക്കുമതി ചെയ്തിരുന്നത് റിലയൻസ് ആയിരുന്നു.
ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ, മാംഗ്ലൂർ റിഫൈനറി തുടങ്ങിയവയും ഗൾഫ്, പടിഞ്ഞാറൻ ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലെ കമ്പനികളുമായി കരാറിൽ ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്. റഷ്യൻ എണ്ണക്കമ്പനികൾക്ക് നിലവിൽ യൂറോപ്യൻ യൂണിയന്റെ ഉപരോധമുണ്ട്.
കഴിഞ്ഞയാഴ്ച ബ്രിട്ടനും രണ്ട് റഷ്യൻ കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഉപരോധം ബാധകമല്ലാത്ത യൂറോപ്യൻ വിതരണക്കാർ വഴി റഷ്യൻ എണ്ണ വാങ്ങുന്നത് തുടരാൻ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ആലോചനയുണ്ടെങ്കിലും ഇത് നടപ്പാക്കാനുള്ള സാധ്യത വിരളം.
യുക്രെയ്ൻ യുദ്ധം വരുത്തിവച്ച ഉപരോധം
2022ലാണ് യുക്രെയ്നെതിരെ റഷ്യ ആക്രമണം ആരംഭിച്ചത്.
അതുവരെ ഇന്ത്യയിലേക്കുള്ള മൊത്തം എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു. യുദ്ധ പശ്ചാത്തലത്തിൽ റഷ്യയ്ക്കുമേൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു.
യൂറോപ്യൻ യൂണിയനിലെ ഒട്ടുമിക്ക രാജ്യങ്ങളും റഷ്യൻ ഉൽപന്നങ്ങൾ വാങ്ങുന്നത് നിർത്തി. റഷ്യൻ എണ്ണയുടെ വില ബാരലിന് 47 ഡോളറിലേക്കും യൂറോപ്യൻ യൂണിയൻ വെട്ടിക്കുറച്ചിരുന്നു.
ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ വൻതോതിൽ ഡിസ്കൗണ്ട് നൽകിയാണ് റഷ്യൻ കമ്പനികൾ ഇന്ത്യയെയും ചൈനയെയും ആകർഷിച്ചത്.
നിലവിൽ ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളാണ് യഥാക്രമം ചൈനയും ഇന്ത്യയും. എന്നാൽ, ചൈനയ്ക്കുമേൽ ട്രംപ് പിഴച്ചുങ്കം പ്രഖ്യാപിച്ചിട്ടില്ല.
ബാരലിന് 20 ഡോളറിലധികമായിരുന്നു ഇന്ത്യയ്ക്ക് റഷ്യ തുടക്കത്തിൽ നൽകിയിരുന്നത്. ഇതുപ്രയോജനപ്പെടുത്തി ഇന്ത്യൻ കമ്പനികൾ റഷ്യൻ എണ്ണ വാങ്ങിക്കൂട്ടുകയുമായിരുന്നു.
അതോടെ, ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 40 ശതമാനം വരെ കുതിച്ചുയർന്നു. നിലവിൽ ഇത് 33-34 ശതമാനമാണ്.
ഡിസ്കൗണ്ട് ഇപ്പോൾ 3-5 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്.
പുട്ടിനെ മെരുക്കുക ലക്ഷ്യം
റിലയൻസിന് പുറമേ നയാര എനർജിയായിരുന്നു ഏറ്റവുമധികം റഷ്യൻ എണ്ണ വാങ്ങിയിരുന്ന ഇന്ത്യൻ കമ്പനി. റോസ്നെഫ്റ്റിന് മുഖ്യ ഓഹരിപങ്കാളിത്തമുള്ള ഇന്ത്യൻ കമ്പനിയായ നയാര എനർജിക്കും യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
റഷ്യയുടെ വരുമാനത്തിന്റെ മുഖ്യപങ്കും അവർ നേടുന്നത് ക്രൂഡ് ഓയിൽ, എൽഎൻജി തുടങ്ങിയവയുടെ വിൽപനയിലൂടെയാണ്. ഉപരോധവും തീരുവകളും ഏർപ്പെടുത്തി റഷ്യയുടെ വരുമാനത്തിന് തടയിടുകയാണ് യൂറോപ്പിന്റെയും അമേരിക്കയുടെയും ലക്ഷ്യം.
എണ്ണവിൽപന വഴി കിട്ടുന്ന വരുമാനമാണ് യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യ പ്രയോജനപ്പെടുത്തുന്നതെന്ന് യൂറോപ്യൻ യൂണിയനും അമേരിക്കയും ആരോപിച്ചിരുന്നു.
പുട്ടിനെ സമ്മർദത്തിലാക്കി സമാധാന ചർച്ചയ്ക്ക് പ്രേരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉപരോധം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്ന് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

