റഷ്യയുടെ രണ്ട് വമ്പൻ എണ്ണക്കമ്പനികൾക്കുമേൽ ഉപരോധം ഏർപ്പെടുത്തി യുഎസ്. യുക്രെയ്നെതിരായ പുട്ടിന്റെ യുദ്ധം അവസാനിപ്പിക്കാനായി റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ 25% അധിക തീരുവ ചുമത്തിയിട്ടും ഫലമുണ്ടാകാത്ത പശ്ചാത്തലത്തിലാണ്, സമ്മർദം ശക്തമാക്കാനായി ട്രംപിന്റെ ഉപരോധതന്ത്രം.
യുക്രെയ്നിലെ കൊലപാതകങ്ങൾ അവസാനിപ്പിക്കേണ്ട
സമയം അതിക്രമിച്ചെന്നും വെടിനിർത്തൽ അനിവാര്യമാണെന്നും ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കണമെന്ന ചിന്തയേ പുട്ടിനില്ലെന്നും യുഎസ് വിമർശിച്ചു.
50 ബില്യൻ ഡോളറിനുമേൽ (ഏകദേശം 4.4 ലക്ഷം കോടി രൂപ) മൂല്യമുള്ള കമ്പനികളായ റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നിവയ്ക്കാണ് ഉപരോധം.
ഇതോടെ, ഇനി ഇവയിൽ നിന്ന് എണ്ണ, വാതകം, മറ്റ് പെട്രോളിയം ഉൽപന്നങ്ങൾ തുടങ്ങിയവ വാങ്ങുന്ന കമ്പനികൾക്കും രാജ്യങ്ങൾക്കും ഇവയുടെ എണ്ണ നീക്കം ചെയ്യുന്ന കപ്പലുകൾക്കും യുഎസിന്റെ ഉപരോധം ബാധകമാകും. ഈ 2 എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ട
വ്യക്തികൾക്കും (50 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ളവർ) കമ്പനികളുടെ ഉപസ്ഥാപനങ്ങൾക്കും ഉപരോധം ബാധകമാണ്.
ഇതിനിടെ, റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ പടിപടിയായി നിർത്തുമെന്ന തന്റെ വാദം പ്രസിഡന്റ് ട്രംപ് ഇന്നലെയും ആവർത്തിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടത്താമെന്ന് തീരുമാനിച്ച ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയ്ക്കുള്ള നീക്കം പൊളിഞ്ഞതിനു പിന്നാലെയാണ് റഷ്യയ്ക്ക് കൂടുതൽ പ്രഹരമേൽപ്പിച്ച് ട്രംപിന്റെ ഉപരോധപ്പൂട്ട്.
വെടിനിർത്തലിന് താൽപര്യമില്ലെന്ന് റഷ്യ വ്യക്തമാക്കിയതും യുഎസിനെ ചൊടിപ്പിച്ചു. ചർച്ചയ്ക്കുള്ള സാധ്യത പൊളിഞ്ഞതിനു പിന്നാലെ യുക്രെയ്നിൽ റഷ്യ ആക്രമണം ശക്തമാക്കുകയും ചെയ്തിരുന്നു.
ട്രംപ്-പുട്ടിൻ കൂടിക്കാഴ്ചയ്ക്ക് മുൻപ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, റഷ്യൻ വിദേശകാര്യ മന്ത്രി സെർഗേയ് ലവ്റോവ് എന്നിവർ തമ്മിൽ ഫോണിൽ സംസാരിക്കാൻ തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം ഫോൺ സംഭാഷണം നടന്നെങ്കിലും മുൻകൂട്ടി തീരുമാനിച്ചപോലെ, ലവ്റോവ് ‘‘വെടിനിർത്തൽ ഇല്ല… വെടിനിർത്തൽ ഇല്ല’’ എന്ന് തുടക്കംമുതലേ ആവർത്തിക്കുകയായിരുന്നു എന്ന് യുഎസ് ആരോപിച്ചു. തൊട്ടുപിന്നാലെ, പുട്ടിനുമായി ചർച്ചയ്ക്ക് പോയി സമയം കളയാനില്ലെന്ന് ട്രംപ് പറയുകയും ചെയ്തു.
ചൈന-യുഎസ് വ്യാപാരയുദ്ധം സോഫ്റ്റ്വെയറിലേക്കും
ദക്ഷിണ കൊറിയയിൽ വൈകാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്.
മറുവശത്ത് പക്ഷേ, ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ മുറുകുകയാണ്.
നവംബർ ഒന്നുമുതൽ ചൈനയിലേക്കുള്ള യുഎസ് സോഫ്റ്റ്വെയർ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവരാനാണ് ട്രംപിന്റെ പുതിയ നീക്കം. അപൂർവ ധാതുക്കളുടെ (റെയർ എർത്ത്) കയറ്റുമതി നിയന്ത്രണം ചൈന എടുത്തുകളയണമെന്നും വ്യാപാരക്കരാറിന് വഴങ്ങിയില്ലെങ്കിൽ നവംബർ മുതൽ ചൈനയ്ക്കുമേൽ 155% അധികത്തീരുവ ഏർപ്പെടുത്തുമെന്നും ട്രംപിന്റെ മുന്നറിയിപ്പുണ്ട്.
യുഎസ് സോഫ്റ്റ്വെയർ കയറ്റുമതിക്ക് പൂട്ടിട്ടാൽ ചൈനയുടെ ലാപ്ടോപ്പ് മുതൽ വിമാന എൻജിൻ നിർമാണത്തിനുവരെ തിരിച്ചടിയുണ്ടാകും.
ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, യുഎസിന്റെ പുതിയനീക്കം ഓഹരികളിൽ ആശങ്ക വിതച്ചിട്ടുണ്ട്.
യുഎസ് ഓഹരി സൂചികകളായ എസ് ആൻഡ് പി500 0.53%, നാസ്ഡാക് 0.93%, ഡൗ ജോൺസ് 0.71% എന്നിങ്ങനെ നഷ്ടം നേരിട്ടു.
ജാപ്പനീസ് നിക്കേയ് 1.27%, ടോപിക്സ് 0.71%, ചൈനയിൽ ഷാങ്ഹായ് 0.72%, ഹോങ്കോങ് സൂചിക 0.53%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.03%, ദക്ഷിണ കൊറിയയുടെ കോസ്പി 1.5%, യൂറോപ്പിൽ ഡാക്സ് 0.74% എന്നിങ്ങനെ താഴ്ന്നു. എഫ്ടിഎസ്ഇ 0.93% കയറി.
യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ 87 പോയിന്റ് നഷ്ടത്തിലായി. എസ് ആൻഡ് പിയും നാസ്ഡാക്കും കാര്യമായ മാറ്റമില്ലാതെ നിന്നു.
യുഎസിൽ ഐബിഎം, ടെസ്ല തുടങ്ങിയവ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിട്ടതും ഓഹരികളെ ഉലച്ചു.
ടെസ്ലയുടെ വരുമാനം ഉയർന്നെങ്കിലും അധികരിച്ച പ്രവർത്തനച്ചെലവിനെ തുടർന്ന് ലാഭം ഇടിഞ്ഞത് ഓഹരികളിൽ 5% വരെ ഇടിവിന് വഴിവച്ചു.
റെക്കോർഡ് തകർക്കുമോ ഇന്ത്യൻ ഓഹരി?
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വൈകാതെ യാഥാർഥ്യമാകുമെന്നും ഇന്ത്യയ്ക്കുമേലുള്ള തീരുവ ട്രംപ് 50ൽ നിന്ന് 15-16 ശതമാനത്തിലേക്ക് കുറച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് ആവേശമായേക്കും. ദീപാവലി-ധൻതേരസ് വിൽപന പൊടിപൊടിച്ചത് എഫ്എംസിജി, ഇലക്ട്രോണിക്സ്, വാഹനം തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരികൾക്ക് കരുത്താവും.
രാവിലെ ഗിഫ്റ്റ് നിഫ്റ്റി 340 പോയിന്റ് (+1.33%) ഉയർന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
നിഫ്റ്റി50 പുതിയ റെക്കോർഡിലേക്ക് 409 പോയിന്റ് മാത്രം അകലെയാണ് ഇപ്പോഴുള്ളത്. 2024 സെപ്റ്റംബർ 27ലെ 26,277 ആണ് നിലവിലെ റെക്കോർഡ്.
ദീപാവലി പ്രമാണിച്ചുള്ള 2 ദിവസത്തെ തുടർച്ചയായ അവധിയുടെ ആലസ്യത്തിൽ നിന്നാണ് ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് കളത്തിലിറങ്ങുന്നത്. ഇത്തവണത്തെ മുഹൂർത്ത വ്യാപാരം മികവുറ്റതാക്കാൻ വിപണിക്ക് സാധിച്ചിരുന്നില്ല.
അതേസമയം, ഞായറാഴ്ച മലേഷ്യയിൽ തുടങ്ങുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനിൽക്കുന്നത് ആശങ്കയാണ്.
ഉച്ചകോടിയിൽ ട്രംപും പങ്കെടുക്കുന്നുണ്ട്. മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുമന്നും ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനം അതോടനുബന്ധിച്ച് ഉണ്ടാകുമെന്നുമായിരുന്നു നേരത്തേ സൂചനകൾ.
എന്നാൽ, മോദിക്കുപകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാകും മലേഷ്യയിലെത്തുക.
ഇക്കാര്യം കേന്ദ്രം സ്ഥിരീകരിച്ചിട്ടില്ല.
ശ്രദ്ധയിൽ ഇവർ
പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത പ്രവർത്തനഫലമാണ് കഴിഞ്ഞവാരം ഫെഡറൽ ബാങ്ക് പുറത്തുവിട്ടത്. ഇന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച്യുഎൽ), കോൾഗേറ്റ് പാമോലീവ്, ലോറസ് ലാബ്സ്, ടാറ്റ ടെലി (മഹാരാഷ്ട്ര), ആന്ധ്ര സിമന്റ്സ്, സാഗർ സിമന്റ്സ്, വർധമാൻ ടെക്സ്റ്റൈൽസ് എന്നിവ പ്രവർത്തനഫലം പ്രസിദ്ധീകരിക്കും.
∙ ഇന്ത്യ-യുഎസ് വ്യാപാര ഡീലിന്റെ സാധ്യതകൾ യുഎസിലേക്കുള്ള കയറ്റുമതിയിൽ ഊന്നൽ കൊടുക്കുന്ന ഗാർമെന്റ്സ്, സീഫൂഡ് തുടങ്ങിയവ മേഖലകളിലെ കമ്പനികളുടെ ഓഹരികൾക്ക് കരുത്തായേക്കും.
കേരളത്തിൽ നിന്നുള്ള കിറ്റെക്സ് ഗാർമെന്റ്സ് ഇന്ന് നിക്ഷേപകരുടെ ശ്രദ്ധ നേടിയേക്കാം.
എണ്ണയും സ്വർണവും
റഷ്യൻ എണ്ണക്കമ്പനികൾക്കുമേൽ ട്രംപ് ഭരണകൂടം ഉപരോധപ്രഹരം ഏൽപ്പിച്ചതിന് പിന്നാലെ രാജ്യാന്തര എണ്ണവില കുതിച്ചുകയറി. ഒരുഘട്ടത്തിൽ 5% വരെയാണ് വില കൂടിയത്.
ഡബ്ല്യുടിഐ ക്രൂഡ് വില ഹാരലിന് നിലവിലുള്ളത് 2.39% ഉയർന്ന് 59.90 ഡോളറിൽ. ബ്രെന്റ് വില 2.33% വർധിച്ച് 64.05 ഡോളറിലും.
റഷ്യൻ എണ്ണ വൻതോതിൽ ഇപ്പോഴും വാങ്ങുന്ന ഇന്ത്യയ്ക്കും ഉപരോധം തിരിച്ചടിയാണ്.
പുറമേ, രാജ്യാന്തര എണ്ണ വില കൂടുന്നതും വലയ്ക്കും. ഉപഭോഗത്തിന്റെ 90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
ക്രൂഡ് ഓയിൽ വില വർധന രൂപയ്ക്കും സമ്മർദമാകും.
ട്രംപ് വീണ്ടും റഷ്യയ്ക്കും ചൈനയ്ക്കുംമേൽ കടുംപിടിത്തം തുടരുന്നത് യുഎസ് ഡോളർ ഇൻഡക്സിനും ആവേശമായിട്ടുണ്ട്. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 98ൽ നിന്ന് 99ന് മുകളിലേക്ക് കയറിയത് രൂപയെ ഇന്ന് സമ്മർദത്തിലാക്കും.
സ്വർണവില ലാഭമെടുപ്പിൽ തട്ടി ചാഞ്ചാട്ടത്തിലാണ്.
രാവിലെ രാജ്യാന്തരവിലയുള്ളത് ഔൺസിന് 15 ഡോളർ താഴ്ന്ന് 4,082 ഡോളറിൽ. കേരളത്തിൽ ഇന്നലെ സമീപകാല ചരിത്രത്തിലെ വമ്പൻ ഇടിവായിരുന്നു സ്വർണവില നേരിട്ടത്.
പവന് 97,000ന് മുകളിൽ നിന്ന് വില 92,000 നിലവാരത്തിലേക്ക് താഴ്ന്നു. ഇന്ന് വിലയിൽ സമാന മാറ്റത്തിന് സാധ്യതയില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer:
ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക
Disclaimer:
ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇത് X/Sumitൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

