
കഴിഞ്ഞ ജൂലൈയിലാണ് മുത്തൂറ്റ് ഫിനാൻസിനെ പിന്തള്ളി കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ലിസ്റ്റഡ് (ഓഹരി വിപണിയിൽ വ്യാപാരം ചെയ്യുന്ന) കമ്പനിയെന്ന നേട്ടം കൊച്ചിൻ ഷിപ്പ്യാർഡ് സ്വന്തമാക്കിയത്. ജൂലൈ എട്ടിന് കമ്പനിയുടെ ഓഹരിവില സർവകാല റെക്കോർഡായ 2,979.45 രൂപയിലുമെത്തി. ഇന്ന് ഓഹരി വിപണിയിൽ കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത് പക്ഷേ 1,421 രൂപയിൽ. ഇന്നൊരുവേള വില 5% ഇടിഞ്ഞ് ലോവർ-സർക്യൂട്ടായ 1,381.40 രൂപയിലേക്ക് കൂപ്പുംകുത്തിയിരുന്നു.
എന്താണ് കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികൾക്ക് സംഭവിക്കുന്നത്?
കഴിഞ്ഞ 6 പ്രവൃത്തിദിനങ്ങൾക്കിടെ 5ലും കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി നഷ്ടത്തിലായിരുന്നു. തുടർച്ചയായ രണ്ടാംദിവസമാണ് ഓഹരി ലോവർ-സർക്യൂട്ടിൽ തട്ടുന്നത്. ജൂലൈയിൽ രേഖപ്പെടുത്തിയ റെക്കോർഡുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ പകുതിയിലേറെ ഇടിവിലാണ് ഓഹരിവിലയുള്ളത്. ജൂലൈയിൽ കമ്പനിയുടെ വിപണിമൂല്യം 80,000 കോടി രൂപയ്ക്കടുത്ത് എത്തിയിരുന്നു. നിലവിൽ മൂല്യം 37,100 കോടി രൂപ മാത്രം. 4 മാസത്തിനിടെ ഇടിഞ്ഞത് 40,000 കോടി രൂപയിലധികം.
ഇക്കഴിഞ്ഞ 16, 17 തീയതികളിലാണ് കേന്ദ്രസർക്കാർ ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) വഴി കൊച്ചിൻ ഷിപ്പ്യാർഡിന്റെ 5% ഓഹരികൾ വിറ്റഴിച്ച് 2,000 കോടി രൂപയോളം സമാഹരിച്ചത്. നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറിയ പശ്ചാത്തലത്തിൽ പൊതുമേഖലാ ഓഹരികൾ പൊതുവേ കാഴ്ചവച്ച മുന്നേറ്റ ട്രെൻഡായിരുന്നു കഴിഞ്ഞ ജൂൺ-ജൂലൈയിൽ കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരികളുടെ കുതിപ്പിനും പ്രധാനമായും കരുത്തായത്.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നും സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ മറ്റ് ആഭ്യന്തര ഉപയോക്താക്കളിൽ നിന്നും യൂറോപ്പിൽ നിന്നടക്കമുള്ള വിദേശ ഉപയോക്താക്കളിൽ നിന്നും കൂടുതൽ ഓർഡറുകൾ കിട്ടുമെന്ന പ്രതീക്ഷകളും പുതിയ വികസന പദ്ധതികളും കൊച്ചി കപ്പൽശാലയുടെ ഓഹരികളെ പുതിയ ഉയരത്തിലേക്ക് നയിക്കുകയായിരുന്നു.
22,500 കോടിയോളം രൂപയുടെ ഓർഡറുകൾ നിലവിൽ കൊച്ചിൻ ഷിപ്പ്യാർഡിന്റെ കൈവശമുണ്ട്. എറണാകുളം വെല്ലിങ്ടൺ ഐലൻഡിൽ സജ്ജമാക്കിയ 970 കോടി രൂപയുടെ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിശാല (ഐഎസ്ആർഎഫ്), 1,800 കോടി രൂപ ചെലവിട്ട് തേവരയിൽ സജ്ജമാക്കുന്ന പുതിയ ഡ്രൈഡോക്ക് എന്നീ പദ്ധതികളും ഓഹരിക്ക് ഉണർവായി. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2028-29ഓടെ 50,000 കോടി രൂപയിലേക്ക് ഉയർത്തുമെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവനയും ഗുണം ചെയ്തിരുന്നു.
എന്നാൽ, ഓഹരിവില റെക്കോർഡ് ഉയരത്തിൽ നിന്ന് ആ സാഹചര്യത്തിൽ ഒഎഫ്സിന് ശ്രമിക്കാതിരുന്ന കേന്ദ്രം 1,540 രൂപയ്ക്കാണ് ഓഹരി വിൽപന സംഘടിപ്പിച്ചത്. അന്ന് കമ്പനിയുടൈ ഓഹരിക്ക് വിപണിവില 1,673 രൂപയായിരുന്നു. വിപണിവിലയേക്കാൾ വൻതോതിൽ താഴ്ന്ന വിലയ്ക്ക് ഒഎഫ്എസ് സംഘടിപ്പിച്ചത് വിലയിൽ പിന്നീട് പ്രതിഫലിച്ചിരുന്നു. കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരിക്ക് അധികരിച്ച വിലയാണുള്ളതെന്ന (ഓവർവാല്യൂഡ്) ചില നിരീക്ഷകരുടെ വിലയിരുത്തലും ഓഹരിയിൽ വിൽപനസമ്മർദ്ദത്തിനും വിലയിടിവിനും വഴിവച്ചിരുന്നു.
വിപണിമൂല്യത്തിൽ ഫെഡറൽ ബാങ്കിനും പിന്നിലായി
വിപണിമൂല്യത്തിൽ ജൂലൈയിൽ ഒന്നാമതായിരുന്ന കൊച്ചിൻ ഷിപ്പ്യാർഡ് നിലവിൽ ഫെഡറൽ ബാങ്കിനും പിന്നിലായി 5-ാം സ്ഥാനത്താണ്. 77,500 കോടി രൂപയുമായി മുത്തൂറ്റ് ഫിനാൻസ് ആണ് ഒന്നാമത്. 71,975 കോടി രൂപയുമായി കല്യാൺ ജ്വല്ലേഴ്സ് രണ്ടാമതുണ്ട്. ഫാക്ട് 55,210 കോടി രൂപയുമായി മൂന്നാംസ്ഥാനത്തും ഫെഡറൽ ബാങ്ക് 46,431 കോടി രൂപയുമായി 4-ാം സ്ഥാനത്തുമാണ്. അപ്പോളോ ടയേഴ്സ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, വി-ഗാർഡ് എന്നിവയാണ് 18,800 കോടി മുതൽ 31,500 കോടി രൂപവരെ മൂല്യവുമായി കൊച്ചിൻ ഷിപ്പ്യാര്ഡിന് പിന്നാലെയുള്ളത്.
കൊച്ചിയിലെ ഫെഡറൽ ബാങ്ക് മന്ദിരം (Photo courtesy: AjayTvm/ShutterStock)
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]