ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി. 25 പൈസ ഇടിഞ്ഞ് 88.53ലാണ് വ്യാപാരം പുരോഗമിക്കുന്നത്.
88.45 ആയിരുന്നു ഇതിനുമുൻപത്തെ താഴ്ച. ഇന്ത്യയ്ക്കുമേൽ 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇപ്പോൾ എച്ച്1ബി വീസയ്ക്ക് ഫീസ് കുത്തനെ കൂട്ടിയയുമാണ് രൂപയ്ക്ക് ഇരുട്ടടിയായത്.
താരിഫ് വർധന ഇന്ത്യയുടെ വിദേശനാണയ വരുമാനത്തെ സാരമായി ബാധിക്കും.
പുറമേ, എച്ച്1ബി വീസ ഫീസ് ഒരുലക്ഷം ഡോളറായി ഉയർത്തിയതും ഏറ്റവുമധികം ബാധിക്കുക ഇന്ത്യയെയാണ്. അമേരിക്കയിലെ ഇന്ത്യൻ പ്രഫഷണലുകൾക്കും അമേരിക്കയിൽ സാന്നിധ്യമുള്ള ഇന്ത്യൻ ഐടി കമ്പനികൾക്കും സാമ്പത്തികമായി കനത്ത തിരിച്ചടിയാണ് ട്രംപിന്റെ തീരുമാനം.
ഐടി കമ്പനികളുടെ പ്രവർത്തനത്തെ വീസ ഫീസ് വർധന ബാധിക്കുമെന്നതിനാൽ, ഇവയുടെ ഓഹരികളിൽ വിറ്റൊഴിയൽ സമ്മർദം ശക്തമാണ്. ഇതും ഓഹരി വിപണികളുടെ വീഴ്ചയും മറ്റ് ഏഷ്യൻ കറൻസികളും നേരിട്ട
തളർച്ചയും രൂപയ്ക്ക് ക്ഷീണമായി.
കോളടിച്ചത് പ്രവാസികൾക്ക്
രൂപയുടെ വീഴ്ച ഇന്ത്യയ്ക്ക് ഒരുപോലെ നേട്ടവും കോട്ടവുമാണ്. കയറ്റുമതി മേഖലയ്ക്ക് നേട്ടം ലഭിക്കേണ്ടതാണെങ്കിലും യുഎസിലേക്കുള്ള കയറ്റുമതിക്ക് ട്രംപ് 50% തീരുവ ചുമത്തിയതിനാൽ ഈ മേഖല കടുത്ത സമ്മർദത്തിലാണ്.
രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും.
ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും. സ്വർണവില നിലവിൽതന്നെ റെക്കോർഡ് തകർത്ത് പുതിയ ഉയരത്തിലെത്തിക്കഴിഞ്ഞു.
ഇറക്കുമതി ഉൽപന്നങ്ങൾക്ക് വില കൂടുന്നത് രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം എന്നിവ കൂടാനിടയാക്കും. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടുന്നത് സമ്പദ്വ്യവസ്ഥയെയും സമ്മർദത്തിലാക്കും.
വിദേശത്ത് പഠിക്കുന്നവർ, വിദേശയാത്ര ചെയ്യുന്നവർ എന്നിവർക്കും രൂപയുടെ വീഴ്ച തിരിച്ചടിയാണ്.
ഇവർ പഠന, യാത്രാച്ചെലവുകൾക്കായി കൂടുതൽ തുക കണ്ടെത്തേണ്ടിവരും. അതേസമയം, പ്രവാസികൾക്ക് രൂപയുടെ തളർച്ച നേട്ടമാണ്.
നാട്ടിലേക്ക് കൂടുതൽ പണം അയ്ക്കാനുള്ള സുവർണാവസരമാണിത്. ഉദാഹരണത്തിന് കഴിഞ്ഞമാസം ഇന്ത്യയിലേക്ക് ഒരു ഡോളർ അയച്ചാൽ 87 രൂപയാണ് കിട്ടിയിരുന്നതെങ്കിൽ ഇന്നത് 88.50 രൂപയിലധികമാണ്.
ജിസിസി കറൻസികളായ യുഎഇ ദിർഹം, സദി റിയാൽ, ഖത്തർ റിയാൽ തുടങ്ങിയവയുടെ മൂല്യവും രൂപയ്ക്കെതിരെ ഉയർന്നു.
യുഎഇ ദിർഹത്തിനെതിരെ രൂപയുടെ മൂല്യം 24 കടന്നു. ചില ഫോറക്സ് സ്ഥാപനങ്ങൾ 24.5 രൂപവരെ ദിർഹത്തിന് നൽകുന്നുണ്ട്.
ഡോളറിനെ അടിസ്ഥാനമാക്കിയാണ് ഒട്ടുമിക്ക ജിസിസി കറൻസികളുടെയും മൂല്യനിർണയം. ഡോളറിന്റെ മൂല്യത്തിലെ വ്യതിചലനത്തിന് അനുസൃതമായി ഇവയുടെ മൂല്യവും മാറും.
പ്രവാസിപ്പണത്തിൽ ഇന്ത്യ മുന്നിൽ
ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമാണ് ഇന്ത്യ.
പ്രവാസിപ്പണമൊഴുക്കിന്റെ വർധന ഇങ്ങനെ: (തുക കോടി ഡോളറിൽ)
∙ 2022 : 10,750
∙ 2023 : 11,030
∙ 2024 : 12,940
വിഹിതം കൂട്ടി യുഎസ്, രണ്ടാമതായി യുഎഇ
ഗൾഫ് രാഷ്ട്രങ്ങളെ മറികടന്ന്, ഇപ്പോൾ യുഎസിൽ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതൽ പ്രവാസിപ്പണം എത്തുന്നത്. വിഹിതക്കണക്ക് (2023-24 പ്രകാരം):
∙ യുഎസ് : 27.7%
∙ യുഎഇ : 19.2%
∙ യുകെ : 10.8%
∙ സൗദി അറേബ്യ : 6.7%
∙ സിംഗപ്പുർ : 6.6%
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]