
പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് കേന്ദ്രസർക്കാർ നിയമംവഴി പൂട്ടിട്ടതോടെ തുലാസിലായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സ്പോൺസർഷിപ്പ് കരാറുകളും. പ്രമുഖ ഗെയിമിങ് കമ്പനിയായ ഡ്രീം11 പണസമ്പാദനം ലക്ഷ്യമിടുന്ന ഗെയിമുകൾ (റിയൽ മണി ഓൺലൈൻ ഗെയിം – ആർഎംജി) അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞു.
പണമിടപാടില്ലാത്ത, സൗജന്യമായി കളിക്കാവുന്ന ഗെയിം മാത്രമാകും കമ്പനി ഇനി തുടരുക. കമ്പനിയുടെ സ്പോർട്സ് ടെക് ഉപബിസിനസുകളായ ഫാൻകോഡ്, ഡ്രീം സെറ്റ് ഗോ, ഡ്രീം ഗെയിം സ്റ്റുഡിയോസ് എന്നിവ തുടർന്നും പ്രവർത്തിക്കും.
സുപ്പി, പോക്കർബാസി തുടങ്ങിയ ഗെയിമിങ് കമ്പനികളും റിയൽ-മണി ഓൺലൈൻ ഗെയിമുകൾ നിർത്തുന്നതായി അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർമാരായ ഡ്രീം11 പ്രതിസന്ധിയിലായതോടെ ക്രിക്കറ്റ് ബോർഡായ ബിസിസിഐയും വെട്ടിലായി. നിയമംപാലിച്ചുതന്നെ ബിസിസിഐ മുന്നോട്ടുപോകുമെന്ന് സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞിട്ടുണ്ട്.
എന്നാൽ, സെപ്റ്റംബർ 9ന് ആരംഭിക്കുന്ന ഏഷ്യ കപ്പ് ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം സ്പോൺസറുടെ പേരില്ലാത്ത ജഴ്സി ധരിച്ച് കളത്തിലിറങ്ങുമെന്നാണ് സൂചനകൾ.
ബിസിസിഐയുമായി 358 കോടി രൂപയുടെ ജഴ്സി സ്പോൺസർഷിപ്പ് കരാറാണ് ഡ്രീം11നുള്ളത്. 2026 മാർച്ചുവരെയാണ് കരാർ.
ഡ്രീം11ന്റെ പ്രധാന വരുമാനമാർഗം തന്നെ കേന്ദ്രത്തിന്റെ നിയമത്തിലൂടെ അടഞ്ഞസ്ഥിതിക്ക് സ്പോൺസർഷിപ്പ് തുടരാനുള്ള സാധ്യത മങ്ങി. ഇതിനുപുറമെ ഐപിഎല്ലുമായി 2028 വരെ നീളുന്ന 625 കോടി രൂപയുടെ കരാറും ഡ്രീം11നുമായുണ്ട്.
അതും തുലാസിലായി. ഐപിഎല്ലിന്റെ അടുത്ത സീസൺ ആരംഭിക്കാൻ ഇനിയും സമയമുണ്ടെന്നിരിക്കെ, പുതിയ സ്പോൺസറെ ടെൻഡർ വിളിച്ച് കണ്ടെത്താനാകും.
അദാനി, റിലയൻസ് ജിയോ, ടാറ്റ തുടങ്ങിയവ സ്പോൺസർഷിപ്പിന് മോഹിക്കുന്നുണ്ടെന്നും ചില റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഏഷ്യ കപ്പിന് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതെന്നതിനാൽ പുതിയ സ്പോൺസറെ കണ്ടെത്തുക പ്രയാസമാണ്. ഈ സാഹചര്യത്തിൽ, സ്പോൺസറുടെ പേരില്ലാത്ത ജഴ്സിയായേക്കും ഏഷ്യ കപ്പിൽ ഇന്ത്യൻ ടീം ധരിക്കുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]