
ഒടുവിൽ, കടുംപിടിത്തം ഉപേക്ഷിച്ച് യുഎസ് കേന്ദ്രബാങ്കിന്റെ ചെയർമാൻ ജെറോം പവൽ. അമേരിക്കൻ സമ്പദ്മേഖലയിൽ നിന്ന് വെല്ലുവിളികൾ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനാകുംവിധം സാഹചര്യം മാറിയെന്ന് ഇന്നലെ ജാക്സൺ ഹോൾ സിംപോസിയത്തിൽ പവൽ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ മുതൽ പലിശനിരക്ക് 4.25-4.50 ശതമാനത്തിൽ തുടരുകയാണ്. ജനുവരിയിൽ പ്രസിഡന്റ് പദത്തിൽ ഏറിയതുമുതൽ ഡോണൾഡ് ട്രംപ് പലതവണ പലിശനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പവൽ വഴങ്ങിയിരുന്നില്ല.
അമേരിക്കൻ സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിശ ശത്രുവാണെന്ന് ഇതോടെ പവലിനെ ട്രംപ് വിശേഷിപ്പിച്ചിരുന്നു. പുറമെ, ‘മണ്ടൻ’, ‘ടൂ ലേറ്റ് പവൽ’ എന്നിങ്ങനെ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ബാഹ്യസമ്മർദത്തിന് ഫെഡറൽ റിസർവിന്റെ പണനയ നിർണയ സമിതി (എഫ്ഒഎംസി) വഴങ്ങുന്ന കീഴ്വഴക്കമില്ലെന്നും വിപണി സാഹചര്യങ്ങൾ വിലയിരുത്തിയാണ് പണനയം പ്രഖ്യാപിക്കുകയെന്നുമാണ് പവൽ പറഞ്ഞത്.
പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയങ്ങൾ അമേരിക്കയിൽ പണപ്പെരുപ്പം കൂടാനിടയാക്കുമെന്ന തന്റെ വാദം പവൽ ഇന്നലെയും ആവർത്തിച്ചു. എങ്കിലും, താരിഫ് സൃഷ്ടിക്കുന്ന ആഘാതം ഹ്രസ്വകാലത്തേക്കു മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയാണ് പലിശനിരക്ക് കുറയ്ക്കാനാകുമെന്നും എന്നാൽ കരുതലോടെയായിരിക്കും തീരുമാനമെന്നും പവൽ ഇന്നലെ വ്യക്തമാക്കിയത്.
സെപ്റ്റംബറിലാണ് ഫെഡറൽ റിസർവിന്റെ അടുത്ത യോഗം. സെപ്റ്റംബറിൽ പലിശനിരക്ക് കുറയാനുള്ള സാധ്യതയാണ് തെളിഞ്ഞത്.
കുതിച്ചുകയറി ഓഹരി വിപണി
ജെറോം പവൽ പലിശനിരക്ക് കുറയ്ക്കാമെന്ന നിലപാടിലേക്ക് കളംമാറ്റിയത്, തന്റെ വിജയമായി ഉയർത്തിക്കാട്ടാൻ ട്രംപ് ശ്രമിക്കും.
ട്രംപ് മാസങ്ങളായി ആവശ്യപ്പെടുന്ന കാര്യവുമാണ് പലിശയിൽ ഇളവ് വേണമെന്നത്. താരിഫ് നയം മൂലം യുഎസിൽ അവശ്യവസ്തുക്കൾക്ക് വില കൂടിയതിന്റെ നീരസം ജനങ്ങൾക്കുണ്ട്.
പലിശയിളവ് ഉറപ്പാക്കുകവഴി ഈ നീരസം കുറയ്ക്കാനാകുമെന്ന് ട്രംപ് കരുതുന്നു.
യുഎസിൽ പുതിയ തൊഴിലവസരങ്ങൾ കുത്തനെ ഇടിഞ്ഞത് സാമ്പത്തിക രംഗത്ത് പ്രതിസന്ധികളുണ്ടെന്നതിന്റെ സൂചനയായിരുന്നു. പണപ്പെരുപ്പം പക്ഷേ, ഫെഡറൽ റിസർവിന്റെ 2% എന്ന ‘ലക്ഷ്മണരേഖ’ ഭേദിച്ച് ഉയരത്തിലേക്ക് കയറി.
റീട്ടെയ്ൽ, ഹോൾസെയിൽ പണപ്പെരുപ്പങ്ങൾ പരിധിവിട്ടുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കരുതലോടെയാകും പലിശനയമെന്ന് പവൽ പറഞ്ഞത്.
അതേസമയം, പവൽ മനസ്സുമാറ്റുകയും പലിശയിറക്കത്തിന് കളമൊരുങ്ങുകയും ചെയ്തതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള നഷ്ടയാത്രയ്ക്ക് ബ്രേക്കിട്ട്, യുഎസ് ഓഹരി സൂചികകൾ ഇന്നലെ വൻ നേട്ടത്തിലേക്ക് കുതിച്ചുകയറി.
ഡൗ ജോൺസ് സൂചിക 846.24 പോയിന്റാണ് (+1.89%) മുന്നേറിയത്. എസ് ആൻഡ് പി500 സൂചിക 1.52% നേട്ടവുമായി റെക്കോർഡിലെത്തി.
1.88% നേട്ടത്തിലാണ് നാസ്ഡാക് കോംപസിറ്റ് സൂചികയുമുള്ളത്.
എൻവിഡിയ 1.7%, മെറ്റ 2%, ആൽഫബെറ്റ് (ഗൂഗിൾ) 3%, ആമസോൺ 3%, ടെസ്ല 6% എന്നിങ്ങനെ മുന്നേറി നേട്ടത്തിന് ചുക്കാൻ പിടിച്ചു. യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമ്പോൾ അമേരിക്കൻ ബാങ്കുകൾ വായ്പാപ്പലിശ നിരക്കിലും ആനുപാതികമായ ഇളവ് വരുത്തും.
ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡ് പലിശനിരക്കുമെല്ലാം കുറയാൻ സഹായിക്കും. ഇതാണ്, ഓഹരി വിപണികളിൽ കുതിപ്പിനുള്ള ഉത്തേജകമായത്.
വീണുടഞ്ഞ് ഡോളറും ബോണ്ടും
പലിശനിരക്ക് കുറയാനുള്ള വഴിതെളിഞ്ഞത് യുഎസ് ഡോളറിനും യുഎസ് കടപ്പത്രങ്ങൾക്കും തിരിച്ചടിയായി.
കാരണം, പലിശനിരക്ക് താഴുമ്പോൾ ആനുപാതികമായി യുഎസ് ട്രഷറി യീൽഡ് (കടപ്പത്രങ്ങളിൽ നിക്ഷേപിക്കുമ്പോൾ കിട്ടുന്ന ആദായനിരക്ക്) താഴും. ഇത് നിക്ഷേപം കുറയാനിടയാക്കും.
ബാങ്ക് നിക്ഷേപ പലിശനിരക്ക് കുറയുമെന്നത് അവയെയും അനാകർഷകമാക്കും. നിക്ഷേപമൊഴുക്ക് തളരുമ്പോൾ ഡോളറും ദുർബലമാകും.
പവലിന്റെ ജാക്സൺ ഹോൾ സിംപോസിയത്തിലെ പ്രഭാഷണത്തിന് പിന്നാലെ യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് 4.34 ശതമാനത്തിൽ നിന്നൊരുവേള 4.24 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ഇപ്പോഴുള്ളത് 4.26 ശതമാനത്തിൽ. യൂറോ, പൗണ്ട്, യെൻ തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 98.82ൽ നിന്ന് 97.56 വരെ താഴ്ന്നു, നിലവിലുള്ളത് 97.73ൽ.
പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ ഡോളറിനെയും ബോണ്ടിനെയും കൂടുതൽ തളർത്തിയേക്കാം.
കുതിച്ചുയർന്ന് സ്വർണം; കേരളത്തിലും വില കൂടും
പലിശനിരക്കിൽ ഇളവുണ്ടാകാനുള്ള സാധ്യതകൾ രാജ്യാന്തര സ്വർണവിലയിൽ പുതിയ കുതിപ്പിന് വഴിയൊരുക്കി. ഇന്നലെ ഔൺസിന് 3,322 ഡോളർ വരെ താഴ്ന്ന വില ഇന്ന് 3,378 ഡോളറിലേക്ക് കുതിച്ചുകയറി.
ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 34.11 ഡോളർ നേട്ടവുമായി 3.372.64 ഡോളറിൽ.
∙ രാജ്യാന്തരവില ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് 2-2.50 രൂപ വരെ കൂടാനാണ് സാധ്യത. അതായത്, ഇന്നു കേരളത്തിൽ വൻ വർധനതന്നെ സ്വർണവിലയിലുണ്ടായേക്കും.
∙ ഡോളർ, യുഎസ് കടപ്പത്ര ആദായനിരക്ക്, യുഎസ് ബാങ്ക് നിക്ഷേപം എന്നിവ അനാകർഷകമാകുമ്പോൾ ഓഹരികൾക്കും ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികൾക്കും പ്രിയമേറും.
∙ ഗോൾഡ് ഇടിഎഫിന് സ്വീകാര്യത കൂടുന്നത് സ്വർണവിലയും കൂടാനിടയാക്കും.
∙ ഡോളറിലാണ് രാജ്യാന്തര സ്വർണ വ്യാപാരം.
ഡോളർ ഇടിയുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ സ്വർണം രാജ്യാന്തര വിപണിയിൽ നിന്ന് വാങ്ങാനാകും. ഇത്തരത്തിൽ ഡിമാൻഡ് കൂടുന്നതും സ്വർണവിലയെ മുന്നോട്ട് നയിക്കും.
രാജ്യാന്തരവില വൈകതെ 3,400 ഡോളർ ഭേദിച്ചേക്കുമെന്നാണ് നിരീക്ഷകവാദങ്ങൾ.
അങ്ങനെയെങ്കിൽ, കേരളത്തിലും വില ആനുപാതികമായി മുന്നേറ്റം നടത്തും. പവലിന്റെ പ്രഭാഷണത്തിനു പിന്നാലെ െവള്ളി വിലയും കൂടിയിട്ടുണ്ട്.
ഔൺസിന് 2.08% കുതിപ്പുമായി രാജ്യാന്തരവില 38.89 ഡോളറിൽ എത്തി. കേരളത്തിൽ ഇന്നു വെള്ളിവിലയും വർധിക്കാനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]