
മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിനു ഓരോകാലത്തും വഴിതെളിച്ചത് വിവിധ ഊർജസ്രോതസ്സുകളാണ്. അഗ്നിയിൽ തുടങ്ങി നീരാവിയും പിന്നിട്ട് അണു വിഘടനം വരെയെത്തി.
എന്നാൽ, ഇന്നു നമ്മൾ ഒരു പുതുയുഗത്തിന്റെ പുലരിയിലാണ്. ക്ലീൻ എനർജി യുഗത്തിലേക്ക് സൂര്യൻ ഉദിച്ചുയരുന്നു.
പുനരുപയോഗ സ്രോതസ്സുകളിൽ നിന്നുള്ള ഊർജ ഉൽപാദനം വലിയതോതിൽ വർധിച്ചു. ക്ലീൻ എനർജി മേഖലയിലേക്കുള്ള നിക്ഷേപം 2 ട്രില്യനായാണ് ഉയർന്നിരിക്കുന്നത്.
ഇത് ഫോസിൽ ഇന്ധനങ്ങളെക്കാൾ 800 ബില്യൻ ഡോളർ അധികമാണ്.
സൗരോർജവും കാറ്റിൽ നിന്നുള്ള ഊർജവുമാണ് ഇപ്പോൾ ഏറ്റവും ചെലവു കുറഞ്ഞ ഊർജസ്രോതസ്സുകൾ. ഫോസിൽ ഇന്ധനങ്ങൾക്ക് വലിയ സബ്സിഡി ലഭിക്കുണ്ടെങ്കിലും ക്ലീൻ എനർജി മേഖല വളരെയേറെ തൊഴിലുകൾ സൃഷ്ടിക്കുന്നുണ്ട്.
അതു വളർച്ചയ്ക്കും പുരോഗതിക്കും കരുത്തേകുന്നു.
ഫോസിൽ ഇന്ധനങ്ങളിൽ പിടിച്ചുതൂങ്ങുന്ന രാജ്യങ്ങൾ അവരുടെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുകയല്ല, അട്ടിമറിക്കുകയാണ്. മത്സരക്ഷമതയ്ക്ക് തുരങ്കം വയ്ക്കുകയും 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക അവസരം നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ക്ലീൻ എനർജി ഒരേസമയം ഊർജ പരമാധികാരവും സുരക്ഷയും നൽകുന്നു.
ഭൗമരാഷ്ട്രീയ പ്രതിസന്ധികളോ വിലയിലെ ആഘാതമോ വിതരണശ്യംഖലയിലെ പ്രതിസന്ധികളോ ഇവയെ ബാധിക്കുന്നില്ല. റഷ്യ- യുക്രെയ്ൻ യുദ്ധംമൂലം ക്രൂഡ് വില കുതിച്ചുയർന്നു, ഇന്ധന വിതരണശൃംഖലയുടെ താളംതെറ്റി.
എന്നാൽ സൂര്യപ്രകാശത്തിന്റെ വില കൂടിയോ? കാറ്റിനെ ആരെങ്കിലും തടഞ്ഞുവച്ചോ? ഊർജോൽപാദനത്തിൽ സ്വയംപര്യാപ്തമാകാനുള്ള പുനരുപയോഗ ഊർജസ്രോതസ്സുകൾ എല്ലാ രാജ്യങ്ങൾക്കുമുണ്ട്.
ക്ലീൻ എനർജി വികസനത്തിന്റെ വേഗം കൂട്ടും. ഇപ്പോഴും വൈദ്യുതിയില്ലാതെ ജീവിക്കുന്ന കോടിക്കണക്കിനു ജനങ്ങളിലേക്ക്, ചെറുകിട
സോളർ സാങ്കേതികവിദ്യകൾ വഴി കുറഞ്ഞ ചെലവിൽ സുസ്ഥിരമായി ഇതിന് എത്താൻ കഴിയും.
ഇതെല്ലാം സൂചിപ്പിക്കുന്നത് ക്ലീൻ എനർജി യുഗത്തെ ഇനി തടയാനാകില്ലെന്നാണ്. എന്നാൽ ഈ മാറ്റത്തിന് വേണ്ടത്ര വേഗം കൈവരിക്കാനായിട്ടില്ല.
വികസ്വര രാജ്യങ്ങൾ പലപ്പോഴും തഴയപ്പെടുന്നു. ഊർജമേഖലയിൽ മേൽക്കൈ ഇപ്പോഴും ഫോസിൽ ഇന്ധനങ്ങൾക്കാണ്.
എന്നാൽ ഇവ സൃഷ്ടിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണണമെങ്കിൽ കാർബൺ പുറന്തള്ളുന്നതിന്റെ തോത് കുറയേണ്ടിയിരിക്കുന്നു. ഇതിനായി ആറ് കാര്യങ്ങൾ ഉടൻ ചെയ്തേതീരൂ.
1. ക്ലീൻ എനർജിക്കായി സർക്കാരുകൾ പ്രതിജ്ഞാബദ്ധരാകണം.
വരുന്ന മാസങ്ങളിൽ എല്ലാ രാജ്യങ്ങളും അവരുടെ പുതിയ ദേശീയ കാലാവസ്ഥാ പദ്ധതികൾ സമർപ്പിക്കണം. അടുത്ത 10 വർഷത്തിൽ താപനില വർധന 1.5 ഡിഗ്രി സെൽഷ്യസ് പരിധിയിലേക്കു നിയന്ത്രിക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, ക്ലീൻ എനർജിയിലേക്കുള്ള പാത തെളിക്കുക തുടങ്ങിയയായിരിക്കണം പദ്ധതിയുടെ കാതൽ.
80% ആഗോള കാർബൺ പുറന്തള്ളലിനും ഉത്തരവാദികളായ G20 രാജ്യങ്ങൾ ഇവ നടപ്പാക്കുന്നതിനു മുൻകൈയെടുക്കണം. 2.
21-ാം നൂറ്റാണ്ടിന്റെ ഊർജ സംവിധാനങ്ങൾ പടുത്തുയർത്തുക. ആധുനിക ഗ്രിഡുകളും സംഭരണ സംവിധാനങ്ങളുമുണ്ടാകണം.
പുനരുപയോഗ ഊർജമേഖലയിലേക്കുള്ള നിക്ഷേപം ഉയർത്തണം. 3.വർധിച്ചുവരുന്ന ആവശ്യങ്ങൾ പുനരുപയോഗ ഊർജംകൊണ്ട് നിറവേറ്റാൻ ഭരണകൂടങ്ങൾ ലക്ഷ്യമിടണം.
വൻകിട ടെക് കമ്പനികളും അവരുടേതായ പങ്ക് വഹിക്കണം.
4.ഊർജ പരിവർത്തനത്തിൽ നമ്മൾ നീതി പുലർത്തണം. ഫോസിൽ ഇന്ധനത്തെ ആശ്രയിക്കുന്നതിനു പകരം ക്ലീൻ എനർജി ഉപയോഗിക്കാൻ എല്ലാവരെയും സജ്ജരാക്കണം.
5.വ്യാപാരത്തെ ഊർജപരിവർത്തനത്തിനുള്ള ഉപാധിയാക്കണം. 6.
വികസ്വര രാജ്യങ്ങളിലേക്കുള്ള ധനസഹായം ഊർജിതമാക്കണം. ലോകത്തെ ഏറ്റവും മികച്ച സൗരോർജത്തിന്റെ 60% ഉണ്ടായിട്ടും പുനരുപയോഗ ഊർജ നിക്ഷേപത്തിന്റെ വെറും 2 ശതമാനമാണ് ആഫ്രിക്കയ്ക്കു ലഭിച്ചത്.
നൂതന ഊർജത്തിന്റെ യുഗം എത്തിപ്പിടിക്കാവുന്ന അകലത്തിലാണ്. കുറഞ്ഞവിലയിൽ, സമൃദ്ധമായ ക്ലീൻ എനർജി മുന്നോട്ട് നയിക്കുന്ന ലോകത്ത് സാമ്പത്തിക അവസരങ്ങളും കൂടുതലായിരിക്കും. ക്ലീൻ എനർജിയിലേക്കുള്ള ആഗോള മാറ്റത്തെ സൂപ്പർചാർജ് ചെയ്യാനുള്ള അവസരമാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]