
കൊച്ചി ∙ പോളിഷ് ബവ്റിജ് ബ്രാൻഡായ ‘മലയാളി’ കേരളത്തിലേക്കു വരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ‘മലയാളി’ ബീയർ ലഭ്യമാകും.
പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരും സർഗീവ് സുകുമാരനും ചേർന്നു 2022ൽ പോളണ്ടിൽ തുടക്കമിട്ട ബവ്റിജ് സ്റ്റാർട്ടപ് ഹെക്സഗൺ സ്പിരിറ്റ്സ് ഇന്റർനാഷനലിന്റെ മലയാളി ബീയർ ശ്രേണി ചുരുങ്ങിയ കാലംകൊണ്ടെത്തിയത് 17 രാജ്യങ്ങളിലാണ്.
ഇന്ത്യയ്ക്കു പിന്നാലെ ഒമാനിലും ‘മലയാളി’യെത്തും. ഈ വർഷം ലക്ഷ്യമിടുന്ന വിറ്റുവരവ് 3.3 മില്യൻ യൂറോയാണ്.
ഇൻഡോ പോളിഷ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഐപിസിസിഐ) ബിസിനസ് റിലേഷൻഷിപ് ഡയറക്ടറായിരുന്ന ചന്ദ്രമോഹന്റെയും സുഹൃത്ത്, സ്റ്റാർട്ടപ് മെന്ററും സാംസങ്ങിൽ ഡിസൈനറുമായിരുന്ന സർഗീവിന്റെയും സ്വപ്നങ്ങളിൽ പോലും ബീയർ കമ്പനി ഉണ്ടായിരുന്നില്ല.
വാരാണസിയിലെ ഒരു കമ്പനി അയച്ച 5 ടൺ അവൽ, ഹാംബുർഗ് തുറമുഖത്ത് എത്തുന്നതിനു 4 ദിവസം മുൻപാണു റഷ്യ – യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. അതോടെ, കറൻസിയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടായി.
വിൽക്കാൻ കഴിയാതെ കെട്ടിക്കിടന്ന അവൽ എന്തു ചെയ്യുമെന്ന ആലോചനകൾക്ക് ഒടുവിലാണു ബീയർ എന്ന ആശയത്തിൽ എത്തിയതെന്ന് ചന്ദ്രമോഹനും സർഗീവും പറയുന്നു.
യുദ്ധം തുടങ്ങിയപ്പോൾ ഇന്ത്യക്കാരെ യുക്രെയ്നിലെ യുദ്ധ മേഖലയിൽ നിന്നു രക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ നടത്തിയ ‘ഓപ്പറേഷൻ ഗംഗ’യുടെ വൊളന്റിയർമാരിൽ ബഹുഭൂരിപക്ഷവും മലയാളികളായിരുന്നു. ബീയറിന് എന്തുകൊണ്ടു ‘മലയാളി’ എന്നു പേരിട്ടു കൂടാ എന്നു തോന്നിയത് അങ്ങനെയാണ്.
മലയാളികൾക്കൊരു ആദരം. പക്ഷേ, വിചാരിച്ചതിലുമപ്പുറം വൈകാരികതയും കരുത്തും ആ പേരിനുണ്ടെന്നും ഇവർ പറയുന്നു.
വെയറെവർ യു ഗോ അയാം ദെയർ എന്ന ടാഗുള്ള ‘മലയാളി’ ബീയർ കൊച്ചിയിലെത്തുമ്പോൾ കാനിൽ പച്ച മലയാളത്തിൽ ഒരെഴുത്തുമുണ്ടാകും; സാധനം കയ്യിലുണ്ടോ? …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]