
സംസ്ഥാനത്തെ വെള്ളി വിലയും സ്വർണത്തിനൊപ്പം സർകാല റെക്കോർഡ് വിലയായ ഗ്രാമിന് 127 രൂപ എന്ന നിലയിലെത്തി. നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടൊപ്പം വെള്ളി വില കുതിക്കുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്.
ഒരു ഗ്രാം വെള്ളിക്ക് ഇന്നലെ 126 രൂപയായിരുന്നു. ഒരാഴ്ച മുമ്പ് 122 രൂപ വിലയായിരുന്ന വെള്ളിയാണ് ഇപ്പോൾ പുതിയ റെക്കോർഡ് ഇട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇതേ ദിവസം 86 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില. ഇന്ന് രാജ്യാന്തര വിപണിയിൽ ഔൺസിന് 39 ഡോളറിന് മുകളിലേക്ക് ഉയർന്ന വെള്ളിയുടെ വിലയിൽ ശക്തമായ മുന്നേറ്റ പ്രവണതയാണിപ്പോൾ ഉള്ളത്.
സിൽവർ ഇടിഎഫ് നിക്ഷേപങ്ങൾക്ക് പ്രിയമേറുന്നതും വ്യാവസായിക ആവശ്യത്തിനുള്ള വെള്ളിക്ക് ആവശ്യമേറുന്നതുമാണ് വിലയുയരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുതിയ ഉയരത്തിലേയ്ക്ക്
വെള്ളി വില ഇനിയും പുതിയ ഉയരത്തിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധർ പറയുന്നത്. വെള്ളി 39 ഡോളറിന് മുകളിൽ സ്ഥിരതയാർജിക്കുകയാണെങ്കിൽ ഈ വർഷം അവസാനത്തോടെ 50 ഡോളറിലേക്ക് വില ഉയരാൻ സാധ്യത ഉണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ സ്വർണ വിലയിലെ തുടർന്നുള്ള മുന്നേറ്റം ഇതേ നിലയിൽ തന്നെയാകണമെന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വെള്ളിയാകട്ടെ വേറിട്ട പ്രകടനം കാഴ്ചവയ്ക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അതു കൊണ്ട് സ്വർണത്തിനൊപ്പം വെള്ളിയും നിക്ഷേപ പോർട്ട് ഫോളിയോയിൽ ഉൾപ്പടുത്തണമെന്ന് വിദഗ്ധർ പറയുന്നു. സർക്കാരിന്റെ കടപ്പത്രങ്ങളുടെ വില കുറയുന്നതും ഡോളറിന്റെ ചാഞ്ചാട്ടവും വ്യവസായ രംഗത്ത് ഡിമാൻഡേറുന്നതും വെള്ളിയുടെ മുന്നേറ്റത്തിന് ഇനി വേഗത പകരുമെന്നും അതു കൊണ്ട് വെള്ളി നിക്ഷേപ പോർട്ട് ഫോളിയോയിൽ ഉൾപ്പടുത്തണമെന്നും ടാറ്റ മ്യൂച്ചൽ ഫണ്ട് പറയുന്നു.
ഉയർന്ന നിലയിലെത്തിയ സ്വർണത്തിൽ ഇടിവിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എന്നാൽ വെള്ളിയുടെ വ്യാവസായിക സാധ്യത എപ്പോഴും ആവശ്യകത ഉയർത്തുന്നതാണ്.
പൊതുവേ സുരക്ഷിത നിക്ഷേപ മാര്‍ഗമായാണ് വെള്ളിയും പരിഗണിക്കപ്പെടുന്നത്.
അതേ സമയം വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളി ഉപയോഗിക്കുന്നതിനാല്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോൾ ഈ ലോഹത്തിന് ഡിമാന്റ് ഉയരാറുമുണ്ട്. വെള്ളിയുടെ ആഗോള ഡിമാന്റിന്റെ 50 ശതമാനവും വ്യാവസായിക ഉല്‍പ്പാദനത്തിനു വേണ്ടിയുള്ളതാണ്.
അതേ സമയം സ്വര്‍ണത്തിന്റെ 10-15 ശതമാനം മാത്രമാണ് വ്യാവസായിക ആവശ്യത്തിനായി വിനിയോഗിക്കപ്പെടുന്നത്. വെള്ളിയുടെ വിതരണം കുറവാണെന്നതും വില ഉയർത്തുന്ന ഘടകമാണ്
പൊതുവെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ഒരേ സമയം ഉയരുന്നത് കാണാറുണ്ട്. അതേ സമയം സ്വര്‍ണത്തിലുണ്ടാകുന്ന മുന്നേറ്റം അതേ പടി വെള്ളിയില്‍ പ്രതിഫലിക്കാറില്ല.
സ്വര്‍ണത്തിലാണ് ആദ്യം മുന്നേറ്റമുണ്ടാകാറുള്ളത്. പിന്നീട് വെള്ളി മുന്നേറ്റ പാതയിലെത്തുന്നതാണ് കണ്ടുവരാറുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/സ്വർണം/വെള്ളി/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല.
പ്രസ്തുത നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]