
കേന്ദ്രസർക്കാരിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ലാഭവിഹിതമായി (RBI Dividend) 2.69 ലക്ഷം കോടി രൂപ നൽകാൻ റിസർവ് ബാങ്കിന്റെ (RBI) തീരുമാനം. 2023-24ൽ കൈമാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ഇതോടെ പഴങ്കഥയാകും. ഇതിനേക്കാൾ 27.37% അധിക തുകയാണ് ഇക്കുറി കൈമാറുക. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡാണ് ബംപർ ലാഭവിഹിതം കൈമാറാൻ തീരുമാനിച്ചത്.
കേന്ദ്രത്തിന് ധനക്കമ്മി (Fiscal deficit) നിയന്ത്രിക്കാനും ക്ഷേമ, വികസന പദ്ധതികൾക്ക് പണം ഉറപ്പാക്കാനും റിസർവ് ബാങ്കിന്റെ ഈ പിന്തുണ വലിയ സഹായമാകും. നടപ്പുവർഷം (2025-26) ധനക്കമ്മി ജിഡിപിയുടെ 4.4 ശതമാനമായി നിയന്ത്രിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. 5.6 ശതമാനമായിരുന്നു കഴിഞ്ഞവർഷം.
അതേസമയം, അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന സാമ്പത്തിക ആഘാതങ്ങൾ (economic shocks) നേരിടാനുള്ള കരുതൽപ്പണ (Contingency Risk Buffer /CRB) അനുപാതം നിലവിലെ 6.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി ഉയർത്താനും റിസർവ് ബാങ്ക് തീരുമാനിച്ചു. ഇത്തരത്തിൽ സിആർബി അനുപാതം ഉയർത്തിയിട്ടും കേന്ദ്രത്തിന് ബംപർ ലാഭവിഹിതം പ്രഖ്യാപിക്കാൻ റിസർവ് ബാങ്കിന് കഴിഞ്ഞത് വരുമാനത്തിൽ കുതിപ്പുണ്ടായതുവഴിയാണ്.
റിസർവ് ബാങ്കിൽ നിന്ന് കേന്ദ്രം ബജറ്റിൽ പ്രതീക്ഷിച്ച 2.56 ലക്ഷം കോടി രൂപയേക്കാൾ കൂടുതലാണ് ഇപ്പോൾ പ്രഖ്യാപിച്ച ലാഭവിഹിതമെന്ന (2,68,590.07 കോടി രൂപ) പ്രത്യേകതയുമുണ്ട്. ചെലവുകൾ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് (Revenue Surplus) റിസർവ് ബാങ്ക് പൂർണമായും ലാഭവിഹിതമായി കേന്ദ്ര സർക്കാരിന് കൈമാറുന്നത്.
വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന അടിയന്തര വായ്പകളിൽ നിന്നുള്ള പലിശ, നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടം, കരുതൽ വിദേശനാണയ ശേഖരത്തിൽ നിന്നുള്ള ഡോളർ വിറ്റഴിക്കൽ എന്നിവ വഴിയാണ് റിസർവ് ബാങ്ക് പ്രധാനമായും വരുമാനം നേടുന്നത്. ഇതിൽ നിന്ന് ചെലവ് കിഴിച്ചുള്ള തുകയാണ് വരുമാന സർപ്ലസ്.
നേരത്തേ യുപിഎ സർക്കാരിന്റെ കാലത്ത് ജിഡിപിയുടെ 0.1% വരെ മാത്രമാണ് സർപ്ലസ് ഇനത്തിൽ റിസർവ് ബാങ്ക് കൈമാറിയിരുന്നത്. മോദി സർക്കാർ വന്നശേഷം 0.5 മുതൽ 0.55% വരെയായി. ഇക്കുറി റിസർവ് ബാങ്കിന് ഡോളർ വിറ്റൊഴിയൽ, വിപണിയിൽ പണലഭ്യത വർധിപ്പിക്കാനുള്ള നടപടികൾ എന്നിവവഴി കൂടുതൽ വരുമാനം നേടാനായിട്ടുണ്ട്. ഇതാണ്, കേന്ദ്രത്തിനുള്ള ലാഭവിഹിതം ഉയരാനും കാരണം. കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ ‘വരുമാന സ്രോതസ്സുകളിൽ’ ഒന്നായി മാറുക കൂടിയാണ് വമ്പൻ ലാഭവിഹിതം നൽകുന്നതിലൂടെ റിസർവ് ബാങ്ക്.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം (Forex Reserves) റെക്കോർഡ് 70,400 കോടി ഡോളറിൽ എത്തിയിരുന്നു. അതിനുശേഷം ഇതുവരെ റിസർവ് ബാങ്ക് ഈ ശേഖരത്തിൽ നിന്ന് 12,500 കോടി ഡോളറെങ്കിലും വിറ്റഴിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതായത്, മൂല്യം കുറവായിരുന്നപ്പോൾ വാങ്ങിയ ഡോളറാണ് മൂല്യം കൂടിയപ്പോൾ വിറ്റഴിച്ചത്. ഇതുവഴി വൻ ലാഭം നേടാൻ റിസർവ് ബാങ്കിന് കഴിഞ്ഞു. ഇത് കേന്ദ്രത്തിന് ഉയർന്ന ലാഭവിഹിതം പ്രഖ്യാപിക്കാനും വഴിയൊരുക്കി.
കേന്ദ്രത്തിന് റിസർവ് ബാങ്ക് നൽകിയ ലാഭവിഹിതം
(കോടി രൂപയിൽ)
2015-16: 65,876
2016-17: 30,659
2017-18: 50,000
2018-19: 1,75,987
2019-20: 57,128
2020-21: 99,122
2021-22: 30,307
2022-23: 87,416
2023-24: 2,10,874
2024-25: 2,68,590
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: