
കൊച്ചി ∙ അപ്രതീക്ഷിത വേനൽ മഴയിലും മൺസൂണിന്റെ നേരത്തേയുള്ള വരവിലും ‘ഫ്രീസ് ’ ആയി കേരളത്തിലെ ഐസ്ക്രീം വിപണി. ഉഷ്ണതരംഗം ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ഐസ്ക്രീം കമ്പനികൾ നടത്തിയ ഒരുക്കങ്ങളെല്ലാം സായാഹ്നക്കുളിരിൽ അലിഞ്ഞുപോയി.
ദേശീയ തലത്തിലെ വമ്പൻ ബ്രാൻഡുകൾ നാട്ടിലെ മികച്ച ബ്രാൻഡുകളോട് കടുത്ത മത്സരം നേരിടുന്നതാണ് 800 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള ഐസ്ക്രീമിന്റെ കേരള വിപണി. ഇതിൽ 40% ബിസിനസും മാർച്ച് മുതൽ മേയ് വരെയാണ്. കഴിഞ്ഞ വർഷത്തെ വേനൽ കണക്കുകൂട്ടി വലിയ തയാറെടുപ്പുകളാണ് ഐസ്ക്രീം –സോഫ്റ്റ് ഡ്രിങ്ക്സ് കമ്പനികൾ നടത്തിയത്. മൺസൂൺ 26ന് കേരളത്തിലെത്തുമെന്നാണ് അറിയിപ്പെങ്കിലും നിത്യവും പെയ്യുന്ന മഴ വിപണിയെ സാരമായി ബാധിച്ചു. വേനൽ ശക്തമാകുമെന്ന് കണക്കുകൂട്ടി പാലുൽപന്നങ്ങൾ വലിയ തോതിൽ സ്റ്റോക്ക് ചെയ്ത കമ്പനികളുമുണ്ട്.
‘‘ഐസ്ക്രീം ‘ഇംപൾസ് ബൈ’ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ആരും ഐസ്ക്രീം വാങ്ങാം എന്ന് രാവിലെ തന്നെ തീരുമാനിക്കുന്നില്ല. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും മറ്റുമെത്തുമ്പോൾ പെട്ടെന്നെടുക്കുന്ന ഒരു തീരുമാനമാണത്. വൈകിട്ട് 3 മുതൽ 8 വരെ മഴ പെയ്താൽ ഐസ്ക്രീമിനെ മാത്രമല്ല എല്ലാ എഫ്എംസിജി ബ്രാൻഡുകളെയും ബാധിക്കും ’’–പ്രമുഖ ഐസ്ക്രീം കമ്പനിയുടെ ബ്രാൻഡ് മാനേജർ ചൂണ്ടിക്കാട്ടുന്നു.
3 വർഷത്തിനുള്ളിൽ ഇന്ത്യൻ ഐസ്ക്രീം വിപണി 45000 കോടിയുടേതായി മാറുമെന്നാണ് ഐസ്ക്രീം നിർമാതാക്കളുടെ സംഘടനയുടെ കണക്ക്. മാർച്ച് 27 ഐസ്ക്രീം ദിനമായി ആചരിക്കുന്നതുൾപ്പെടെ വിപണിയുടെ വളർച്ച മുന്നിൽക്കണ്ട് പല പദ്ധതികളും കമ്പനികൾ ചെയ്യുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: