
പ്രവാസികൾക്ക് തിരിച്ചടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ‘വൺ ബിഗ്, ബ്യൂട്ടിഫുൾ ബിൽ’ നിയമം (One Big, Beautiful Bill Act). പ്രവാസികൾ സ്വന്തം നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ (Remittance) 3.5% യുഎസ് നികുതിയായി (US Remittance Tax) പിടിക്കും. ആദ്യം 5 ശതമാനം നികുതിയാണ് ശുപാർശ ചെയ്തതെങ്കിലും നിലവിൽ അത് 3.5 ശതമാനമായി കുറച്ചുവെന്നത് മാത്രമാണ് പ്രവാസികൾക്ക് ആശ്വാസം. എക്സൈസ് നികുതി (Excise Tax) ആയാണ് ഇത് ഈടാക്കുക. ട്രംപിന്റെ ഈ നികുതി ഏറ്റവുമധികം തിരിച്ചടിയാവുക യുഎസിലെ ഇന്ത്യൻ സമൂഹത്തിനായിരിക്കും. 2026 ജനുവരി ഒന്നുമുതലാണ് നികുതി പ്രാബല്യത്തിലാവുക.
യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റ ട്രംപിന്റെ ഈ ടേമിലെ ഏറ്റവും നിർണായക ചുവടുവയ്പായാണ് ‘വൺ ബിഗ്, ബ്യൂട്ടിഫുൾ ബിൽ’ നിയമത്തെ കാണുന്നത്. യുഎസിൽ നികുതി വ്യവസ്ഥകളിലും ഗവൺമെന്റിന്റെ ക്ഷേമ പ്രവർത്തനച്ചെലവുകളിലും കാതലായ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്ന നിയമമാണിത്. ഗവൺമെന്റിന്റെ ചെലവുകൂടുകയും നികുതിയിളവ് മൂലം വരുമാനം ഇടിയുകയും ചെയ്യുമെന്നതിനാൽ കടബാധ്യത കുത്തനെ ഉയരുമെങ്കിലും അത് ഗൗനിക്കാതെയാണ് ട്രംപ് ഭരണകൂടം ബില്ലുമായി മുന്നോട്ടുപോയത്.
യുഎഇ കഴിഞ്ഞാൽ ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാരുള്ള രാജ്യങ്ങളിലൊന്നാണ് യുഎസ്. മെക്സിക്കോക്കാർ കഴിഞ്ഞാൽ യുഎസിൽ ഏറ്റവുമധികമുള്ള പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യവുമാണ് ഇന്ത്യ. നിലവിൽ ഇന്ത്യയിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത് യുഎസിൽ നിന്നാണ് (27.7%). യുഎഇ (19.2%) രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഏകദേശം 45 ലക്ഷം ഇന്ത്യക്കാർ യുഎസിലുണ്ട്. ഇതിൽ നല്ലൊരു പങ്ക് മലയാളികളുമാണ്. 2023-24 സാമ്പത്തികവർഷം മാത്രം യുഎസിലെ ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത് ഏകദേശം 2.7 ലക്ഷം കോടി രൂപയാണ്. ട്രംപിന്റെ പുതിയ ബില്ലിൽ നികുതിവിധേയമായ തുകയുടെ പരിധി പറഞ്ഞിട്ടില്ല. ഫലത്തിൽ, ചെറിയതുക നാട്ടിലേക്ക് അയച്ചാലും 3.5% നികുതി ബാധകമായിരിക്കും. ഉദാഹരണത്തിന് 1,000 ഡോളർ ഇന്ത്യയിലേക്ക് അയച്ചാൽ 35 ഡോളർ നികുതിയായി പിടിക്കും.
കേരളത്തിനും തിരിച്ചടിയോ?
റിസർവ് ബാങ്കിന്റെ റിപ്പോർട്ടുപ്രകാരം നിലവിൽ ഏറ്റവുമധികം പ്രവാസിപ്പണം നേടുന്നത് മഹാരാഷ്ട്രയാണ് (20.5%). കേരളത്തിൽ നിന്നാണ് ഒന്നാംസ്ഥാനം മഹാരാഷ്ട്ര പിടിച്ചെടുത്തത്. രണ്ടാമതായ കേരളത്തിലേക്ക് എത്തുന്നത് 2023-24ലെ കണക്കുപ്രകാരം 19.7 ശതമാനം. തമിഴ്നാട് (10.4%), തെലങ്കാന (8.1%), കർണാടക (7.7%), ആന്ധ്രാപ്രദേശ് (4.4%), ഡൽഹി (4.3%) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം പ്രവാസിപ്പണം എത്തുന്നത്. എന്നിരുന്നാലും, യുഎസിന്റെ നികുതി നിർദേശം അമേരിക്കൻ മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തെയും ബാധിച്ചേക്കാം. ഇത് കേരളത്തിനു തിരിച്ചടിയാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
English Summary:
Trump’s Tax Bill: A Blow to Indian Expats Sending Money Home As It Imposses Tax on Remittances