
രണ്ടാഴ്ചത്തെ ഉയരത്തിലേക്ക് കുതിച്ചുകയറിയ സ്വർണത്തിൽ (gold) നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ, കേരളത്തിലും വില (Kerala gold price) താഴേക്ക്. സംസ്ഥാനത്ത് ഗ്രാമിന് (gold rate) ഇന്ന് 35 രൂപ കുറഞ്ഞ് വില (Today’s gold price) 8,940 രൂപയും പവന് 280 രൂപ കുറഞ്ഞ് 71,520 രൂപയുമായി. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 2,900 രൂപയിലധികം കൂടിയശേഷമാണ് ഇന്നത്തെ നേരിയ വിലക്കുറവ്. രാജ്യാന്തര വില ഇന്നലെ കുറിച്ച ഔൺസിന് 3,344 ഡോളർ നിലവാരത്തിൽ നിന്ന് കനത്ത ലാഭമെടുപ്പിനെ (profit taking) തുടർന്ന് ഇന്ന് 3,290 ഡോളർ നിലവാരത്തിലേക്ക് വീണതാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്.
അതേസമയം, രാജ്യാന്തര വില 3,308 ഡോളർ നിലവാരത്തിലേക്ക് അൽപം കരകയറിയതും ഡോളറിനെതിരെ (dollar) രൂപയുടെ (Rupee) മൂല്യം ഇന്നലെ 37 പൈസയും ഇന്ന് രാവിലെ വ്യാപാരത്തുടക്കത്തിൽ 15 പൈസയും ഇടിഞ്ഞ് 86.10ൽ എത്തിയതും കേരളത്തിൽ സ്വർണവിലക്കുറവിന്റെ ആക്കംകുറച്ചു. അല്ലായിരുന്നെങ്കിൽ ഇന്ന് പവന് 500 രൂപയിലധികം കുറയേണ്ടതായിരുന്നു.
കേരളത്തിൽ ചില കടകളിൽ 18 കാരറ്റ് (18 carat gold) സ്വർണവില ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 7,370 രൂപയായപ്പോൾ മറ്റു ചില ജ്വല്ലറികൾ ഈടാക്കുന്നത് ഗ്രാമിന് 30 രൂപ കുറച്ച് 7,325 രൂപയാണ്. വെള്ളിക്ക് (Silver price) ചില കടകളിൽ ഗ്രാമിന് 111 രൂപയും മറ്റ് കടകളിൽ 110 രൂപയുമാണ് വില. വെള്ളിവില ഇന്നു മാറിയിട്ടില്ല. സ്വർണവില നിർണയത്തിൽ സംസ്ഥാനത്തെ വ്യാപാരി അസോസിയേഷനുകൾക്കിടയിൽ അഭിപ്രായ ഭിന്നത ഇപ്പോഴും നിലനിൽക്കുകയാണ്.
ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ
യുഎസിൽ ആഭ്യന്തര നികുതികൾ വെട്ടിക്കുറയ്ക്കാനും ക്ഷേമപദ്ധതികൾക്ക് ഗവൺമെന്റിന്റെ ചെലവ് കൂട്ടാനും വഴിതുറക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) ‘ബിഗ് ബ്യൂട്ടിഫുൾ’ നികുതി ബിൽ (Bid beautiful tax bill) യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് പാസാക്കിയിട്ടുണ്ട്. നിലവിൽ തന്നെ യുഎസ് 36.2 ട്രില്യൻ ഡോളർ കടക്കെണിയിലാണ്. ഇതോടൊപ്പം 3.8 ട്രില്യൻ ഡോളർ കൂടി അധികമായി ചേർക്കാൻ വഴിവയ്ക്കുന്നതാണ് ഈ ബിൽ.
അതായത്, യുഎസ് ഗവൺമെന്റ് ഇനിയും കടപ്പത്രങ്ങളിറക്കി കടം വാരിക്കൂട്ടും. ഇത് യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കിനെയും (ട്രഷറി ബോണ്ട് യീൽഡ്) ഡോളറിനെയും മുന്നോട്ട് നയിക്കുകയാണ്. കടപ്പത്രങ്ങൾ കുറഞ്ഞ വിലയിലും ഉയർന്ന പലിശ വാഗ്ദാനത്തിലും വിൽക്കാൻ യുഎസ് നിർബന്ധിതരാകും.
ഇത് സ്വർണത്തിന് തിരിച്ചടിയാണെങ്കിലും കടപ്പത്രങ്ങളിലും ഡോളറിലും അസ്ഥിരതയ്ക്ക് സാധ്യതയുള്ളതിനാലും യുഎസിന്റെ കടം വർധിക്കുന്നത് സാമ്പത്തികമേഖലയ്ക്ക് തിരിച്ചടിയായതിനാലും സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ കിട്ടാനും വില തിരികെക്കയറാനും സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. ഫലത്തിൽ, സ്വർണവില അൽപം താഴേക്ക് നീങ്ങാനും പിന്നീട് കൂടുതൽ ഉയരാനുമാണ് സാധ്യത.
അതേസമയം, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി യുഎസ് വ്യാപാര ചർച്ചകളിലേക്ക് (Trade deals) കടക്കുന്നത് സ്വർണവിലയ്ക്ക് പ്രതികൂലവുമാണ്. ചർച്ചകളിൽ സമവായമുണ്ടായാൽ അതു സാമ്പത്തികരംഗത്ത് ആശ്വാസം വിതറും. കമ്പനികൾക്ക് നേട്ടമാവുകയും നിക്ഷേപങ്ങളും ഓഹരി വിപണികളും ഉഷാറാവുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധികൾ അകന്നാൽ സ്വർണനിക്ഷേപത്തിന്റെ ആകർഷണീയത മങ്ങും. വില താഴേക്കും നീങ്ങും. അതായത്, സ്വർണത്തെ വരുംദിനങ്ങളിൽ കാത്തിരിക്കുന്നത് വൻ കയറ്റിറക്കം തന്നെയായിരിക്കുമെന്ന് നിരീക്ഷകർ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: