
കൊച്ചി∙ ട്രോയ് എന്ന നിർണായക നിലവാരത്തിലേക്ക് സ്വർണവിലയെ എത്തിച്ചത് തീരുവ യുദ്ധം മാത്രമല്ല, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ചെയർപഴ്സനോടുള്ള ട്രംപിന്റെ ഭീഷണി കൂടിയാണ്. നിരക്കു കുറയ്ക്കണമെന്നും ഇല്ലെങ്കിൽ സാമ്പത്തികമാന്ദ്യം സംഭവിക്കുമെന്നും പറഞ്ഞ ട്രംപ്, വമ്പൻ പരാജയമെന്നാണ് ഫെഡ് ചെയർ ജെറോം പവലിനെ വിശേഷിപ്പിച്ചത്.
സാമ്പത്തിക കാര്യങ്ങളോട് പ്രതികരിക്കാൻ ഫെഡ് ചെയർമാൻ പിന്നിലാണെന്നും പലിശ ഉടൻ കുറച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഫെഡ് ചെയർമാനെ പുറത്താക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
ട്രംപിന്റെ ഭീഷണി പുറത്തുവന്നതിനു തൊട്ടുപിന്നാലെ യുഎസ് ഓഹരി വിപണികളിൽ വലിയതോതിലുള്ള വിറ്റൊഴിക്കൽ നടന്നു. വ്യാപാരത്തിനിടെ സ്വർണവില 3500 ഡോളർ നിലവാരം തൊട്ടു. ഫെഡുമായുള്ള തുറന്ന യുദ്ധം സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധി സുരക്ഷിത നിക്ഷേപമെന്ന തരത്തിലുള്ള സ്വർണ ഡിമാൻഡ് കുതിച്ചുയരാനിടയാക്കിയതാണു വില വർധനയ്ക്കു കാരണം. ഉത്തരവാദിത്തം ഫെഡ് റിസർവിന്റെ ചുമലിലേക്കു വയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും സാമ്പത്തികമാന്ദ്യമുണ്ടാകുമെന്ന് ട്രംപ് പറഞ്ഞത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തി.
ഡോളർ ഇൻഡക്സ് 3 വർഷത്തെ കുറഞ്ഞ നിരക്കായ 98.12ലേക്ക് ഇടിഞ്ഞതും സ്വർണ ഡിമാൻഡ് ഉയർത്തി. ട്രംപിന്റെ തീരുവ യുദ്ധം മൂലം അനുദിനമെന്നോണം പുതിയ റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണു സ്വർണം. ഈ വർഷം ഇതുവരെ വിലയിലുണ്ടായ വർധന 33 ശതമാനമാണ്. കഴിഞ്ഞ വർഷം 38 ശതമാനം വർധനയുണ്ടായിരുന്നു.
വില ഇനിയും ഉയരുമോ?
തീരുവ യുദ്ധം– ചൈനയുമായി നേരിട്ടുള്ള വ്യാപാരയുദ്ധം ആഗോള സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന അസ്ഥിരത സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണ ഡിമാൻഡ് ഉയർത്തും.
ആഗോള സാമ്പത്തിക മാന്ദ്യ സാധ്യതകൾ– സാമ്പത്തികമാന്ദ്യം സ്വർണത്തിന്റെ ഡിമാൻഡ് വലിയ തോതിൽ ഉയർത്തും. രാജ്യാന്തര നാണ്യനിധിയുടെ പുതിയ പ്രവചനമനുസരിച്ച് ആഗോള സാമ്പത്തിക വളർച്ച 2.8 ശതമാനത്തിലേക്കു ചുരുങ്ങും. മുൻപത്തെ അനുമാനം 3.3 ശതമാനമെന്നായിരുന്നു. 1.8 ശതമാനമായി കുറയുമെന്നും ഐഎംഎഫ് അനുമാനിക്കുന്നു. നേരത്തെ ഇത് 2.7 ശതമാനമായിരുന്നു. വളർച്ച തുടർച്ചയായ പാദങ്ങളിൽ കുറയുന്നത് മാന്ദ്യ ലക്ഷണമാണ്.
ദുർബലമാകുന്ന ഡോളർ– 2022നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് യുഎസ് ഡോളർ. ഡോളർ ദുർബലമാകുമ്പോൾ സ്വാഭാവികമായി സ്വർണവില ഉയരും. സ്വർണവില ഡോളറിലായതിനാൽ നിക്ഷേപകർക്കു കൂടുതൽ സ്വർണം വാങ്ങാനാകുന്നുണ്ട്.
സ്വർണത്തിന്റെ സാങ്കേതിക പിന്തുണ 3450 ഡോളർ, 3400 ഡോളർ തുടങ്ങിയ നിലവാരത്തിലാണ്. വലിയ ഇടിവിനുള്ള സാധ്യതകളില്ല.
അടുത്ത ലക്ഷ്യം 3600 ഡോളറാണെങ്കിലും വലിയ പ്രതിസന്ധികളോ പ്രഖ്യാപനങ്ങളോ ഉണ്ടായാൽ വൻ വില വർധന പ്രതീക്ഷിക്കണം.
ഓഹരി വിപണികളിലെ നഷ്ടം– ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനു ശേഷം യുഎസ് വിപണികൾ 20 ശതമാനത്തിലേറെ ഇടിഞ്ഞു. ഈ ഇടിവു നികത്തിയിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച സൂചികകളിലെ ഇടിവ് 2.4 ശതമാനമായിരുന്നു.
ഫെഡ് പലിശനിരക്ക്– പലിശ കുറച്ചാൽ, ബാങ്ക് നിക്ഷേപങ്ങളുടെ ആകർഷണീയത വീണ്ടും കുറയുകയും സ്വർണ ഡിമാൻഡ് ഉയരുകയും ചെയ്യും.
വിവിധ കേന്ദ്രബാങ്കുകളിൽ നിന്നുള്ള ഡിമാൻഡ് ഉയർന്നു നിൽക്കുന്നത്.
സ്വർണ ഇടിഎഫുകളിലേക്കുള്ള പണമൊഴുക്ക്.
വില കുറയാൻ സാധ്യതയുണ്ടോ?
വൻതോതിലുള്ള മുന്നേറ്റം നടത്തിയതിനാൽ ലാഭമെടുപ്പിനുള്ള സാധ്യതയുണ്ട്. വൻനിക്ഷേപകർ സ്വർണം വിൽക്കാൻ തയാറായാൽ വില കുറയും.
വ്യാപാരക്കരാറുകൾ തീരുവ യുദ്ധത്തിന്റെ ആഘാതം കുറച്ചേക്കുമെന്ന പ്രതീക്ഷ.