പശ്ചാത്തല സൗകര്യ വികസനത്തിൽ കേരളം മികച്ച പുരോഗതിയാണ് നേടുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. തദ്ദേശഭരണ വകുപ്പിന് കീഴിലെ കിലയുടെ പിന്തുണയോടെ സംസ്ഥാനത്തെ സ്കൂൾ കെട്ടിട നിർമാണ പദ്ധതികളും പുരോഗമിക്കുകയാണ്. ഈ വർഷം മാർച്ച് 31 അനുസരിച്ച് ഒരു കോടി രൂപ വീതമുള്ള 26 സ്കൂൾ പദ്ധതികൾ പൂർത്തിയാക്കി. മൂന്നു കോടി രൂപ വീതമുള്ള ഏഴ് പ്രവൃത്തികളും പൂർത്തീകരിച്ചു. 254 പദ്ധതികളുടെ വിവിധ ഘട്ടങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

116 നിർമാണ പ്രവൃത്തികൾക്ക് ടെൻഡറും നൽകി. ടെൻഡർ ചെയ്യാൻ ബാക്കിയുള്ളത് 11 എണ്ണം മാത്രം. മറ്റ് എസ്പിവികളെല്ലാം ഏറ്റെടുക്കാൻ മടിച്ച പദ്ധതികളാണ് കില ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2026 മാർച്ചോടെ 190 സ്കൂൾ കെട്ടിടങ്ങൾ കൂടി പൂർത്തിയാക്കാനാകുമെന്ന് കരുതുന്നു. ഇപ്പോൾ കരാർവച്ചിട്ടുള്ളവ 15 മാസത്തിനകം പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്നും എം.ബി. രാജേഷ് പറഞ്ഞു.

കിഫ്ബിയുടെ സഹായത്തോടെയാണ് കില സ്കൂൾ കെട്ടിട നിർമാണ പദ്ധതികൾ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കിഫ്ബി 25-ാം വാർഷികനിറവിലാണ്. വികസനത്തിന് ഒരു ബദൽ മാതൃകയാണ് കിഫ്ബി സൃഷ്ടിക്കുന്നത്. ദേശീയപാതാ വികസനം ഉൾപ്പെടെ വൻകിട പശ്ചാത്തല സൗകര്യ വികസനത്തിന് 87,521 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന നടപ്പാക്കി. 

പൊതു വിദ്യാഭ്യാസം, പൊതുജനാരോഗ്യം, റോഡുകൾ, പാലങ്ങൾ എന്നീ മേഖലകളിലും കിഫ്ബി വലിയ സംഭാവന നൽകി. തന്റെ നിയമസഭാ മണ്ഡലത്തിൽ മാത്രം 250 കോടിയിലേറെ രൂപയുടെ കിഫ്ബി പദ്ധതികൾ പുരോഗമിക്കുകയാണെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

English Summary:

Minister MB Rajesh Highlights Kerala’s Rapid Infra Progress.