കൊപ്രാ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ വെളിച്ചെണ്ണ വില വീണ്ടും കുതിച്ചുയരുന്നു. കൊച്ചി വിപണിയിൽ 100 രൂപ കൂടി വർധിച്ചു. വെളിച്ചെണ്ണയ്ക്ക് പുറമെ കൊപ്രയ്ക്കും റെക്കോർഡ് വിലയാണ്. അതേസമയം, ഡിമാൻഡ് കരുത്തോടെ തുടരുകയാണെങ്കിലും കുരുമുളക് വിലയിൽ ഇന്നു മാറ്റമില്ല.

ഒരിടവേളയ്ക്കുശേഷം റബർവില വീണ്ടും കൂടിത്തുടങ്ങി. കേരളത്തിലും ബാങ്കോക്ക് വിപണിയിലും ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ വർധിച്ചു. ഏലത്തിൽ വീണ്ടും പ്രതീക്ഷകൾ പൂക്കുകയാണ്. വരൾച്ച മാറുകയും നല്ല മഴ ലഭിക്കുകയും ചെയ്യുന്നതോടെ വിളവെടുപ്പ് ഉഷാറാകും. അടുത്ത സീസണിലേക്ക് ഉയർന്ന തോതിൽ സ്റ്റോക്ക് ഉറപ്പാക്കാൻ ഇതു സഹായിക്കും. ലേല കേന്ദ്രങ്ങളിൽ ഏലത്തിന് മെച്ചപ്പെട്ട വിലയും കിട്ടുന്നുണ്ട്.

കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളിൽ മാറ്റമില്ല. അതേസമയം, ഏറെക്കാലമായി താഴ്ന്നുനിന്ന കൊക്കോ വില ഉണർവ് നേടുന്ന സൂചനകൾ പ്രകടമാക്കി തുടങ്ങി. കട്ടപ്പന മാർക്കറ്റിൽ കൊക്കോയ്ക്ക് 10 രൂപയും കൊക്കോ ഉണക്കയ്ക്ക് 30 രൂപയും വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Coconut Oil price rises to new high, rubber also increases.