ഡോണൾഡ് ട്രംപ് ലോക രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച പകരം തീരുവകൾ (റെസിപ്രോക്കൽ താരിഫ്) ‘ചവറ്റുകുട്ടയിലെറിഞ്ഞ’ യുഎസ് സുപ്രീം കോടതിയുടെ വിധി ഇനിയും നടപ്പായില്ല. സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നവർ ഇപ്പോഴും ട്രംപിന്റെ പകരംതീരുവ തന്നെയാണ് അടയ്ക്കുന്നത്.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഇനിയും അവരുടെ കാർഗോ സിസ്റ്റം മാനേജ്മെന്റ് സർവീസ് പുതുക്കിയ തീരുവപ്രകാരം അപ്ഡേറ്റ് ചെയ്യാത്തതാണ് കാരണം.
ട്രംപ് പ്രഖ്യാപിച്ച പുതിയ 15% ആഗോള തീരുവ പ്രകാരം സിസ്റ്റം അപ്ഡേറ്റ് ചെയ്യുന്ന പ്രവൃത്തി നടക്കുന്നുണ്ടെന്ന് മാത്രമാണ് കസ്റ്റംസ് നൽകുന്ന വിവരമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ട്രംപിനെ മെരുക്കാൻ ഇന്ത്യൻ തന്ത്രം
അതേസമയം, സുപ്രീം കോടതിയിൽ നിന്ന് ട്രംപിന് ഏറ്റ കനത്ത തിരിച്ചടി മികച്ച അവസരമായി എടുക്കാനുള്ള തന്ത്രപൂർവമായ തീരുമാനത്തിലേക്ക് ഇന്ത്യ ചുവടുമാറ്റി. ഈയാഴ്ച വാഷിങ്ടണിൽ ഇന്ത്യ-യുഎസ് പ്രതിനിധികൾ തമ്മിൽ ഇടക്കാല വ്യാപാരക്കരാർ ചർച്ച നടക്കേണ്ടതാണ്. എന്നാൽ, വാഷിങ്ടണിലേക്ക് തൽക്കാലം ഇല്ലെന്നും ചർച്ച പിന്നീടാകാമെന്നും ഇന്ത്യ തീരുമാനിച്ചെന്നാണ് വിവരം.
ഇടക്കാല കരാർ പ്രകാരം ഇന്ത്യയ്ക്കുള്ള തീരുവ 50ൽ നിന്ന് 18 ശതമാനത്തിലേക്ക് ട്രംപ് കുറച്ചിരുന്നു. സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇത് ആഗോള താരിഫ് പ്രകാരം 10 ശതമാനമാക്കി; പിന്നീട് 15% ആയി ഉയർത്തി.
ഈ 15 ശതമാനത്തിനും മാറ്റമുണ്ടായേക്കാം.
1974ലെ ട്രേഡ് ആക്ട് സെക്ഷൻ 122 പ്രകാരം 150 ദിവസത്തേക്കാണ് ട്രംപ് 15% ആഗോള തീരുവ പ്രഖ്യാപിച്ചത്. ഈ ചട്ടപ്രകാരം എല്ലാ രാജ്യങ്ങൾക്കുംമേൽ തീരുവ പ്രഖ്യാപിക്കാൻ ട്രംപിന് അധികാരമുണ്ടോയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
വെറുതേ ഇരിക്കില്ല ട്രംപ്
സുപ്രീം കോടതിയിൽ നിന്നേറ്റ ആഘാതം മറികടക്കാൻ ട്രംപ് പുതിയ വഴികൾ തേടുന്നുണ്ട്.
ചൈന, യുകെ, യൂറോപ്യൻ യൂണിയൻ, മെക്സിക്കോ, ഇന്ത്യ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ താരിഫ് ആയുധം ചുഴറ്റി നേടിയ മേൽക്കൈയാണ് കോടതി വിധിയോടെ നഷ്ടമായത്. ഇതു ട്രംപിനെ കടുത്ത അമർഷത്തിലാക്കിയിട്ടുമുണ്ട്.
ഇടക്കാല വ്യാപാരക്കരാർ ചർച്ചയിൽ ഇന്ത്യൻ പ്രതിനിധികൾ ഇനി യുഎസിനോട് കൂടുതൽ ഇളവുകളും തേടിയേക്കും. ഇന്ത്യയ്ക്ക് അനുകൂലമായ കരാറിന് യുഎസ് തയാറാകുംവരെ കാത്തിരിക്കാനും കേന്ദ്ര സർക്കാർ മടിച്ചേക്കില്ല.
ഒറ്റദിവസം മൂന്ന് ഷോക്ക് കിട്ടിയത് ട്രംപിനെ അലോസരപ്പെടുത്തിയിരുന്നു.
യുഎസ് ജിഡിപി പ്രവചനങ്ങളെയെല്ലാം പൊളിച്ച് കുത്തനെ ഇടിഞ്ഞതും പണപ്പെരുപ്പം കത്തിക്കയറിയതും താരിഫുകൾ സുപ്രീം കോടതി റദ്ദാക്കിയതും ഒറ്റദിവസം ( ). ജിഡിപി ഇടിഞ്ഞതിന് ട്രംപ് പ്രതിപക്ഷത്തെ പഴിചാരി.
തീരുവ റദ്ദാക്കിയത് സുപ്രീം കോടതിയിലെ ചില ലജ്ജയില്ലാത്ത, അമേരിക്കാവിരുദ്ധ ജഡ്ജിമരാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
കത്തിക്കയറി സ്വർണം, എണ്ണ താഴേക്ക്
ട്രംപിന്റെ താരിഫ് പോര് പൊളിഞ്ഞതോടെ സ്വർണത്തിന് കിട്ടിയത് വീണ്ടും ‘സേഫ്-ഹാവൻ’ (സുരക്ഷിത നിക്ഷേപം) ഡിമാൻഡ്. ഗോൾഡ് ഇടിഎഫിലും ഒപ്പും സിൽവർ ഇടിഎഫിലും നിക്ഷേപമൊഴുക്ക് വീണ്ടും ശക്തമായി; വിലയും കുതിച്ചു തുടങ്ങി.
രാജ്യാന്തര സ്വർണവില ഇന്നു രാവിലെ ഔൺസിന് 5,165 വരെ എത്തി. 105 ഡോളറിലധികം ഉയർന്നാണ് വ്യാപാരം.
ഇതാണ് ട്രെൻഡ് എങ്കിൽ കേരളത്തിലും ഇന്നു രാവിലെ വില കുതിക്കുമെന്ന് ഉറപ്പായി. വെള്ളിയും മുന്നേറും.
അതേസമയം, ഇറാനും യുഎസും തമ്മിലെ അടുത്തഘട്ട
ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വ്യക്തമാക്കിയതിനു പിന്നാലെ രാജ്യാന്തര ക്രൂഡ് ഓയിൽ വില നഷ്ടത്തിലായി. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 0.86% താഴ്ന്ന് 65.91 ഡോളറിലെത്തി.
ബ്രെന്റ് ക്രൂഡ് വില 0.65% കുറഞ്ഞ് 71.29 ഡോളർ. ഇന്ത്യൻ കമ്പനികൾ ഇപ്പോൾ റഷ്യൻ എണ്ണയ്ക്ക് ബദലായി വലിയതോതിൽ വാങ്ങുന്ന യുഎഇയുടെ മർബൻ ക്രൂഡ് വിലയും നേരിയ ഇടിവോടെ 72.06 ഡോളർ ആയിട്ടുണ്ട്.
യുഎസ് ഓഹരി വീണു, ഇന്ത്യൻ ഓഹരി എങ്ങോട്ട്?
സുപ്രീം കോടതി വിധിക്ക് പിന്നാലെ വെള്ളിയാഴ്ച യുഎസ് ഓഹരി വിപണികൾ മികച്ച നേട്ടം കുറിച്ചിരുന്നു.
എന്നാൽ, ഇന്ന് യുഎസ് ഫ്യൂച്ചേഴ്സ് വിപണിയുള്ളത് നഷ്ടത്തിൽ.
ട്രംപ് ആഗോള തീരുവ 15 ശതമാനമാക്കിയെന്നും ഉടൻ പ്രാബല്യത്തിലാകുമെന്ന് പറഞ്ഞെങ്കിലും ഇനിയും ഇതു സംബന്ധിച്ച അന്തിമ ഓർഡർ പുറത്തിറങ്ങിയിട്ടില്ല. താരിഫ് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നത് ഓഹരി നിക്ഷേപകരെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 0.2%, എസ് ആൻഡ് പി500 സൂചിക 0.23%, നാസ്ഡാക് 0.34% എന്നിങ്ങനെ നഷ്ടത്തിലായി.
അധിക തീരുകൾ വരുംമാസങ്ങളിലായി കൊണ്ടുവരുമെന്ന് ട്രംപ് പറഞ്ഞതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയോടെ യുഎസും വ്യാപാര പങ്കാളികളും തമ്മിലെ ഭിന്നതകൾ മാറുമെന്നായിരുന്നു നിക്ഷേപകർ കരുതിയത്.
എന്നാൽ, ഇനിയും തീരുവ വരുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ അനിശ്ചിതത്വം വീണ്ടും തലപൊക്കി. ഇറാൻ-യുഎസ് ചർച്ചയിലേക്കും ഉറ്റുനോക്കുകയാണ് വിപണി.
ഗിഫ്റ്റ് നിഫ്റ്റിക്ക് മുന്നേറ്റം
യുഎസ് കോടതി വിധിയോടെ ഫലത്തിൽ ഇന്ത്യയ്ക്കുമേലുള്ള പകരംതീരുവ 50ൽ നിന്ന് കുറഞ്ഞത് 15 ശതമാനത്തിലേക്ക്.
ഇത് ഇന്ന് ഇന്ത്യൻ ഓഹരി വിപണി ആഘോഷമാക്കുമെന്ന സൂചനയാണ് രാവിലെ ഗിഫ്റ്റ് നിഫ്റ്റി നൽകുന്നത്. 190 പോയിന്റ് ഉയർന്നായിരുന്നു ഗിഫ്റ്റ് നിഫ്റ്റിയുടെ വ്യാപാരം.
സെൻസെക്സും നിഫ്റ്റിയും കുതിക്കുമെന്ന സൂചന ഇതു നൽകുന്നു.
∙ തീരുവയാശ്വാസം കിട്ടുമെന്ന ആവേശത്തിൽ വിദേശ ഓഹരി വിപണികളും കുതിക്കുകയാണ്. ദക്ഷിണ കൊറിയയുടെ കോസ്പി 1.7% ഉയർന്ന് റെക്കോർഡ് കുറിച്ചു.
തുടർച്ചയായ 3-ാം നാളിലാണ് റെക്കോർഡ് തിരുത്തൽ.
∙ ചൈനീസ്, ജാപ്പനീസ് ഓഹരി വിപണികൾക്ക് ഇന്ന് അവധിയാണ്. ∙ ഓസ്ട്രേലിയൻ സൂചിക 0.17% നേട്ടമുണ്ടാക്കി.
∙ ബിറ്റ്കോയിൻ വില 5% ഇടിഞ്ഞ് 65,000 ഡോളറിന് താഴെയെത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

