ഇന്ത്യയുമായി വൈകാതെ ചരിത്രപരമായ വ്യാപാരക്കരാറിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയ യൂറോപ്യൻ യൂണിയൻ (ഇയു) ഇതിനിടെ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് നൽകിയത് അപ്രതീക്ഷിത അടി. വസ്ത്രം, ആഭരണം, കെമിക്കൽ, പ്ലാസ്റ്റിക്, മെറ്റൽ തുടങ്ങി ഒട്ടേറെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നൽകിയിരുന്ന ശരാശരി 20% തീരുവയിളവ് ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നവിധം യൂറോപ്യൻ യൂണിയൻ റദ്ദാക്കി.
യൂറോപ്യൻ യൂണിയന്റെ ഭാഗമായ 27 രാജ്യങ്ങളിലേക്ക് തീരുവ ഭാരമില്ലാതെ വിപണിപ്രവേശനം കിട്ടിയിരുന്നത് ഇത്രകാലം ഇന്ത്യൻ കയറ്റുമതി രംഗത്തെ കമ്പനികൾക്ക് വലിയ ആശ്വാസമായിരുന്നു.
ഇതാണ് ഇപ്പോൾ റദ്ദായത്. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലെ സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) അടുത്തയാഴ്ച ഒപ്പുവയ്ക്കാനിരിക്കേയാണ് തിരിച്ചടി.
എന്നാൽ, നിലവിലുള്ള സംവിധാനത്തിൽ വന്ന മാറ്റം മാത്രമാണിതെന്നും ഇന്ത്യൻ കയറ്റുമതി കമ്പനികൾക്ക് പുതിയ പ്രതിസന്ധികളൊന്നും ഉണ്ടാവില്ലെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു.
സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതോടെ തീരുവയിളവ് നേടാനും വിപണി വിപുലീകരിക്കാനും മികച്ച വരുമാനം സ്വന്തമാക്കാനും ഇന്ത്യൻ കമ്പനികൾക്ക് കഴിയുമെന്നുമാണ് പ്രതീക്ഷ.
ജനറലൈസ്ഡ് സ്കീം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പ്രകാരം ചില ഇന്ത്യൻ കയറ്റുമതി വിഭാഗങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങളാണ് യൂറോപ്യൻ യൂണിയൻ എടുത്തുകളഞ്ഞത്. ഫലത്തിൽ, ജനുവരി ഒന്നുമുതലുള്ള കയറ്റുമതിക്ക് അധിക തീരുവ നൽകേണ്ട
സ്ഥിതിയായി. കാർഷികോൽപന്നങ്ങൾ, ലെതർ തുടങ്ങി 13 ശതമാനത്തോളം വരുന്ന ഉൽപന്നങ്ങൾക്ക് മാത്രമാണ് തീരുവയിളവ് നിലനിർത്തിയത്.
ആനുകൂല്യം റദ്ദായതോടെ നിരവധി കയറ്റുമതി മേഖലകൾക്ക് വിപണിയിൽ കിട്ടിയിരുന്ന മുൻതൂക്കവും നഷ്ടമായേക്കുമെന്ന് ആശങ്കയുണ്ട്.
വിപണിയിലെ മത്സരത്തിൽ ഇത്രകാലം ബംഗ്ലദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഇന്ത്യയ്ക്കുണ്ടായിരുന്ന മേൽക്കൈയും നഷ്ടമാകുമെന്നതാണ് ആശങ്ക. ഉദാഹരണത്തിന്, വസ്ത്ര കയറ്റുമതിക്ക് ജിഎസ്പി പ്രകാരം 9.6% മാത്രമാണ് തീരുവ.
ഇളവ് എടുത്തുകളഞ്ഞതോടെ ഇനി 12% തീരുവ അടയ്ക്കണം.
ഇന്ത്യയുമായി ഒപ്പുവയ്ക്കാൻ പോകുന്നത് ചരിത്രപരമായ വ്യാപാരക്കരാർ എന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെൻ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കവേയാണ് ഉർസുല ഇക്കാര്യം പറഞ്ഞത്.
‘‘ചരിത്രപരമായ ഒരു വ്യാപാരക്കരാറിന്റെ പടിവാതിലിലാണ് ഞങ്ങൾ.
താരിഫിന് പകരം ന്യായമായ വ്യാപാരം, ഏകപക്ഷീയ തീരുമാനങ്ങൾക്ക് പകരം പങ്കാളിത്തം, ചൂഷണത്തിന് പകരം പരസ്പര സഹകരണവും സുസ്ഥിരതയും. ഇതാണ് ഇന്ത്യ-ഇയു ഡീൽ’’, എന്ന് യുഎസ് പ്രസിഡന്റ് ട്രംപിനെ പരോക്ഷമായി ട്രോളി ഉർസുല പറഞ്ഞു.
ഇതിനിടെയാണ് ഇപ്പോൾ ഇന്ത്യയ്ക്ക് നൽകിയിരുന്ന ഇളവുകൾ എടുത്തുകളഞ്ഞെന്ന റിപ്പോർട്ടുകളും പുറത്തുവന്നത്.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി നിലവിൽ യുഎസ് ആണ്. അതേ യുഎസിൽ നിന്ന് 50% ‘ഇടിത്തീരുവ’ കിട്ടിയത് ഇന്ത്യയ്ക്ക് കനത്ത ആഘാതമായിരുന്നു.
യുഎസിലേക്കുള്ള കയറ്റുമതിയിൽ ശ്രദ്ധയൂന്നിയിരുന്ന നിരവധി മേഖലകൾ സാമ്പത്തികമായി വൻ തിരിച്ചടി നേരിട്ടു. ഈ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാർ ഉറപ്പിക്കുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം തന്നെയാകും.
പുതിയ വിപണികളിലേക്ക് തീരുവഭാരമില്ലാതെ കടന്നുചെല്ലാനാകുമെന്നതാണ് നേട്ടം.
യുകെ, ഒമാൻ, ന്യൂസിലൻഡ് എന്നിവയുമായുള്ള കരാറിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയനുമായും ഇന്ത്യ ധാരണയിലെത്തുന്നത്. യുഎഇയുമായി ഇപ്പോഴേ ഇന്ത്യയ്ക്ക് കരാറുണ്ട്.
ഇതുപ്രകാരമുള്ള ഉഭയകക്ഷി വ്യാപാരം 2032ഓടെ 200 ബില്യനിലേക്ക് ഉയർത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുമുണ്ട്. ഉർസുല ഉൾപ്പെടെ യൂറോപ്യൻ യൂണിയൻ നേതാക്കൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളായി ഉടൻ ഇന്ത്യയിലെത്തും.
കരാറും ഒപ്പുവയ്ക്കും. ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് ഇന്ത്യ-ഇയു കരാറിനെ ഉർസുല നേരത്തേ വിശേഷിപ്പിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

