ഗ്രീൻലൻഡിനെ അമേരിക്കയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് ഡീൽ ആയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ദാവോസിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ വാദം.
യൂറോപ്യൻ യൂണിയനുമായി ചേർന്നുള്ള ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം തയാറാക്കൽ, ഗ്രീൻലൻഡിലെ ധാതുസമ്പത്ത് അമേരിക്കയ്ക്ക് ലഭ്യമാക്കൽ എന്നീ വിഷയങ്ങളും ഡീലിന്റെ ഭാഗമാണെന്ന് ട്രംപ് പറഞ്ഞു.
തുടർന്നാണ് യൂറോപ്പിനുമേൽ പ്രഖ്യാപിച്ച അധിക തീരുവ പിൻവലിക്കുന്നതായും ട്രംപ് പറഞ്ഞത്.
എന്നാൽ, ട്രംപുമായുള്ള ചർച്ചയിൽ ഗ്രീൻലൻഡിന്റെ ഉടമസ്ഥാവകാശം ചർച്ചയായില്ലെന്ന് മാർക്ക് റൂട്ട് പിന്നീട് പറഞ്ഞു. ആർട്ടിക് മേഖലയിലെ സുരക്ഷാപ്രശ്നവും മേഖലയിൽ വർധിക്കുന്ന ചൈനീസ്, റഷ്യൻ സൈനിക സാന്നിധ്യവുമാണ് വിഷയമായതെന്നും റൂട്ട് പറഞ്ഞു.
‘ഗോൾഡൻ ഡോമിനെ’ കുറിച്ച് ചർച്ചയാകാമെന്നും എന്നാൽ, ഗ്രീൻലൻഡിന്റെ പരമാധികാരം അടിയറവുവയ്ക്കാനില്ലെന്നും ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ പറഞ്ഞു.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിന്റെ നിയന്ത്രണത്തിലാണ് ആർട്ടിക് ദ്വീപായ ഗ്രീൻലൻഡ്. സ്വയംഭരണാവകാശമുണ്ടെങ്കിലും ഗ്രീൻലൻഡിന്റെ പ്രതിരോധ, വിദേശകാര്യ നയങ്ങൾ ഡെന്മാർക്കിന്റെ അധീനതയിലാണ്.
ട്രംപും മാർക്ക് റൂട്ടും തമ്മിലെ ചർച്ചയെക്കുറിച്ച് അറിയില്ലെന്നും ഗ്രീൻലൻഡിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡെറിക്-നീൽസെനും പറഞ്ഞു.
സ്വാർഥമായ ആവശ്യങ്ങൾ നിരത്തി സഖ്യകക്ഷികളെയും സുഹൃദ് രാഷ്ട്രങ്ങളെയും എതിർചേരിയിലാക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘ഇനിയാരും വിശ്വസിക്കാൻ പോകുന്നില്ല’ എന്ന വാദങ്ങളും ഇതിനിടെ സാമ്പത്തിക നിരീക്ഷകർ ഉയർത്തുന്നുണ്ട്.
ഗ്രീൻലൻഡിനെ യുഎസിന് വേണമെന്ന ആവശ്യത്തെ എതിർക്കുന്ന രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനുമേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപ് പറഞ്ഞിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു. ഇതോടെയാണ് ട്രംപിനെ വിമർശിച്ച് സാമ്പത്തിക വിദഗ്ധർ രംഗത്തെത്തിയത്.
അമേരിക്കയുടെ സഖ്യകക്ഷിയാണോ പരമ്പരാഗതമായി സുഹൃദ് രാഷ്ട്രമാണോ എന്നുപോലും പരിഗണിക്കാതെ ട്രംപ് മറ്റ് രാജ്യങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.
അടുത്ത സുഹൃത്തായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും മോശമായി.
യൂറോപ്യൻ യൂണിയൻ, യുകെ ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുമായി തീരുവയ്ക്ക് പുറമേ റഷ്യ-യുക്രെയ്ൻ സമാധാന ഡീൽ, ഇപ്പോൾ ഗ്രീൻലൻഡ് തുടങ്ങിയ വിഷയങ്ങളിലും ട്രംപ് തെറ്റി.
റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് തടസ്സം യൂറോപ്യൻ യൂണിയൻ നേതാക്കളാണെന്ന വിമർശനവുമായി ഇതിനിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും രംഗത്തുവന്നു. യൂറോപ്യൻ നേതാക്കളെ കണ്ടുകിട്ടാനില്ലെന്നും ഇനി പ്രതീക്ഷ ട്രംപിലാണെന്നും സെലെൻസ്കി പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാനുള്ള ഡീൽ ഉറപ്പാക്കാനായി വൈകാതെ യുഎസ്, യുക്രെയ്ൻ, റഷ്യൻ പ്രതിനിധികൾ തമ്മിൽ യുഎഇയിൽ ചർച്ച നടക്കുമെന്നും സെലെൻസ്കി പറഞ്ഞു.
യൂറോപ്യൻ നേതാക്കൾക്ക് സ്വന്തം പ്രദേശത്തെ എങ്ങനെ സംരക്ഷിക്കണമെന്ന് പോലുമറിയില്ലെന്ന് സെലെൻസ്കി വിമർശിച്ചു. ട്രംപിനെ പേടിപ്പിക്കാൻ 30-40 സൈനികരെയാണ് നാറ്റോ ഗ്രീൻലൻഡിലേക്ക് വിട്ടിരിക്കുന്നത്.
എന്താണ് അതിനർഥം? ഇതെന്ത് സന്ദേശമാണ് നൽകുന്നത്? ‘‘യുക്രെയ്നെ യുദ്ധക്കെടുതിയിൽ നിന്ന് രക്ഷിക്കാനായി ഒന്നും ചെയ്യാൻ യൂറോപ്പിനായില്ല. ഞങ്ങളിപ്പോഴും പഴയ സ്ഥിതിയിൽതന്നെ.
ഇറാനിലും രക്തപ്പുഴയൊഴുകി. ആർക്കും ഒന്നും ചെയ്യാനായില്ല’’ – സെലെൻസ്കി വിമർശിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

