രാജ്യാന്തര ക്രൂഡ് ഓയിൽ, സ്വർണം വിലകളിൽ കുതിച്ചുകയറ്റത്തിന് വളമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നീക്കം. കരീബിയൻ രാജ്യമായ വെനസ്വേലയ്ക്കു നേരെ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎസ് മൂന്നാമത്തെ എണ്ണക്കപ്പൽ കൂടി പിടിച്ചെടുത്തു.
കട്ടതെല്ലാം തിരിച്ചുകിട്ടണം
വെനസ്വേല കട്ടെടുത്ത അമേരിക്കയുടെ ഭൂമിയും എണ്ണയും മറ്റ് ആസ്തികളും തിരികെ കിട്ടണമെന്ന ഡിമാൻഡ് ട്രംപ് മുന്നോട്ടുവച്ചു.
1970കൾക്ക് മുൻപുവരെ വെനസ്വേലൻ എണ്ണ വിപണി കൈയടക്കിവച്ചിരുന്നത് യുഎസ് കമ്പനികളായിരുന്നു. തുടർന്ന്, മഡുറോയുടെ മുൻഗാമി ഹ്യൂഗോ ഷാവേസ് അമേരിക്കൻ കമ്പനികളെ പുറത്താക്കി എണ്ണ റിഫൈനറികളെ ദേശസാൽക്കരിച്ചു.
ഇതു ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പുതിയ ഡിമാൻഡ്.
യുഎസ് കമ്പനികൾക്ക് വെനസ്വേല പിന്നീട് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നെങ്കിലും തുക തീരെക്കുറഞ്ഞുപോയെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. വെനസ്വേലയിലേക്കും തിരിച്ചുമുള്ള, ഉപരോധം ബാധകമായ എണ്ണക്കപ്പലുകൾക്ക് ട്രംപ് കഴിഞ്ഞദിവസം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെ ‘ഭീകരവാദ സംഘടന’ എന്നും ട്രംപ് മുദ്രകുത്തിയിട്ടുണ്ട്.
ഓടിയൊളിക്കുന്ന കപ്പൽ
ട്രംപ് വെനസ്വേലൻ എണ്ണ നീക്കം ചെയ്യുന്ന കപ്പലുകൾക്കുനേരെ വിലക്കിന്റെ വലയെറിഞ്ഞതോടെ, ഏതാണ്ട് 800 ബില്യൻ ഡോളറിന്റെ എണ്ണക്കച്ചവടമാണ് തുലാസിലായത്. ഏകദേശം 72,000 കോടി രൂപയ്ക്ക് തുല്യം.
75ഓളം എണ്ണക്കപ്പലുകളാണ് നിലവിൽ വെനസ്വേലയ്ക്ക് സമീപത്തുള്ളത്.
ഇതിൽ പാതിയോളം കപ്പലുകൾക്കും യുഎസിന്റെ ഉപരോധവും വിലക്കുമുണ്ട്. യുഎസ് പിടിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ ഇവ വെനസ്വേലൻ തീരത്തുനിന്ന് സുരക്ഷിത താവളം തേടിപ്പോകുന്നതും എണ്ണ നീക്കത്തിന് തിരിച്ചടിയാകുന്നു.
ഇതോടെയാണ് വില കുതിക്കാൻ തുടങ്ങിയത്. രാജ്യാന്തര ക്രൂഡ് ഓയില് വില ബ്രെന്റിന് ബാരലിന് 0.63% വർധിച്ച് 60.85 ഡോളറിലും ഡബ്ല്യുടിഐ വില 0.64% ഉയർന്ന് 56.88 ഡോളറിലുമെത്തി.
റഷ്യയ്ക്ക് അമേരിക്ക മതി!
യുദ്ധം അവസാനിപ്പിക്കാൻ യൂറോപ്പ് മുന്നോട്ടുവയ്ക്കുന്ന പ്രൊപ്പോസലുകൾ വേണ്ടെന്നും അമേരിക്കൻ പ്ലാൻ മതിയെന്നും റഷ്യൻ പ്രസിഡന്റ് പുട്ടിൻ.
അമേരിക്കയുടെ പ്ലാൻ പൊതുവേ റഷ്യൻ താൽപ്പര്യങ്ങൾക്ക് അനുകൂലമാണ്. ഇതിൽ മാറ്റംവരുത്താൻ യൂറോപ്യൻ, യുക്രേനിയൻ നേതാക്കൾ ശ്രമിക്കുന്നതിനെ പുട്ടിൻ വിമർശിച്ചു.
അമേരിക്കൻ പ്ലാനിൽ മാറ്റംവരുത്തിയാൽ അംഗീകരിക്കില്ലെന്നും പ്രശ്നം കൂടുതൽ സങ്കീർണമാകുകയേയുള്ളൂ എന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യ നിലപാട് കടുപ്പിച്ചതും ക്രൂഡ് ഓയിൽ വില കൂടാനൊരു കാരണമാണ്. കാരണം, സമാധാന പ്ലാൻ അംഗീകരിക്കപ്പെട്ടാൽ മാത്രമേ റഷ്യയ്ക്ക് മേലുള്ള ഉപരോധം നീങ്ങുകയും റഷ്യൻ എണ്ണ വിപണിയിലേക്ക് വൻതോതിൽ ഒഴുകുകയും ചെയ്യൂ.
നിലവിൽ, സാഹചര്യം പ്രതികൂലമായത് എണ്ണയ്ക്ക് നേട്ടമായി. ഇതിനിടെ, അമേരിക്കയുടെ 3-പോയിന്റ് ചർച്ചാനീക്കം സ്വാഗതം ചെയ്യുന്നതായി യുക്രെയ്ൻ നേതാവ് സെലെൻസ്കിയും പറഞ്ഞു.
യുഎസ്, യുക്രെയ്ൻ, റഷ്യ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായുള്ള ചർച്ചയാണ് യുഎസ് മുന്നോട്ടുവച്ചത്.
ചൈന പലിശയിൽ തൊട്ടില്ല, ഓഹരിക്ക് സന്തോഷം
രാജ്യത്ത് സാമ്പത്തികഞെരുക്കം അതിരൂക്ഷമായ പശ്ചാത്തലത്തിൽ അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള നീക്കത്തിൽ നിന്ന് വീണ്ടും പിൻവലിഞ്ഞ് ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ഒരുവർഷ പലിശ 3 ശതമാനത്തിലും 5 വർഷ പലിശ 3.5 ശതമാനത്തിലും നിലനിർത്തി.
ചൈനയിൽ റീട്ടെയ്ൽ വിൽപന, വ്യാവസായിക ഉൽപാദനം എന്നിവയുടെ വളർച്ച കഴിഞ്ഞമാസം പ്രതീക്ഷകളെല്ലാം തകർത്ത് കുത്തനെ ഇടിഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ പലിശനിരക്ക് കൂട്ടുന്നത് കൂടുതൽ ആഘാതമാകുമെന്ന് വിലയിരുത്തിയാണ് ചൈനയുടെ തീരുമാനം.
∙ ചൈനീസ് ഓഹരി സൂചികയായ ഷാങ്ഹായ് 0.61% കയറി. ഹോങ്കോങ് സൂചിക 0.15% ഉയർന്നു.
∙ ജാപ്പനീസ് നിക്കേയ് 1.58% നേട്ടമുണ്ടാക്കി. ബാങ്ക് ഓഫ് ജപ്പാൻ കഴിഞ്ഞദിവസം പണപ്പെരുപ്പം പിടിച്ചുനിർത്തുന്ന നടപടികളുടെ ഭാഗമായി പലിശനിരക്ക് 0.25% കൂട്ടി 0.75 ശതമാനമാക്കിയിരുന്നു.
∙ ദക്ഷിണ കൊറിയയുടെ കോസ്പി 1.83% ഉയർന്നു.
യുഎസ് വിപണിക്ക് ജിഡിപി പേടി
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണികൾ നേട്ടത്തിലായിരുന്നു. ഡൗ 0.2%, എസ് ആൻഡ് പി500 0.2%, നാസ്ഡാക് 0.3% എന്നിങ്ങനെ ഉയർന്നു.
എഐ അധിഷ്ഠിത ഓഹരികൾ വീണ്ടും നേട്ടത്തിലായത് ആശ്വാസമാണ്. അതേസമയം, യുഎസ് ജിഡിപി വളർച്ചാക്കണക്ക് ഉടൻ പുറത്തുവരുമെന്ന ടെൻഷൻ വീശുന്നുണ്ട്.
അതുകൊണ്ടുതന്നെ, ഓഹരികളിൽ ഇക്കുറിയൊരു ‘സാന്റാ ക്ലോസ് റാലി’ പ്രതീക്ഷിക്കുന്നവർ കുറവ്.
ഇന്ത്യയ്ക്കും നല്ല പ്രതീക്ഷ
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി വിദേശത്തുനിന്നുള്ള അനുകൂല ഘടകങ്ങളുടെ കരുത്തിൽ ഇന്ന് രാവിലെ 145 പോയിന്റുവരെ നേട്ടത്തിലേറി. സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിലേറുമെന്ന പ്രതീക്ഷ ഇതു നൽകുന്നു.
ഡിസംബർ 25ന് (വ്യാഴം) ക്രിസ്മസ് പ്രമാണിച്ച് ഓഹരി വിപണിക്ക് അവധിയായതിനാൽ ഈയാഴ്ച ആകെ 4 ദിവസമേ വ്യാപാരമുള്ളൂ. അതിന്റെ ഒരു ആലസ്യം വിപണിയിൽ പ്രകടമായേക്കാം.
വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരികൾ വാങ്ങുന്ന നിലപാടിലേക്ക് തിരിച്ചെത്തിയത് ആശ്വാസമാണ്.
രൂപ കരകയറുന്നു
റിസർവ് ബാങ്ക് കരുതൽ ശേഖരത്തിൽ നിന്ന് ഡോളർ വിറ്റഴിച്ച് രക്ഷാദൗത്യവുമായി രംഗത്തെത്തിയത് കഴിഞ്ഞയാഴ്ച രൂപയ്ക്ക് ആശ്വാസമായി. വെള്ളിയാഴ്ച 54 പൈസ നേട്ടവുമായി 89.66ലാണ് രൂപയുള്ളത്.
91നും താഴേക്കുപോയ ശേഷമാണ് ഈ തിരിച്ചുവരവ്.
സ്വർണം മുന്നോട്ട്
യുഎസ്-വെനസ്വേല, റഷ്യ-യുക്രെയ്ൻ, തായ്വാനെച്ചൊല്ലി ചൈന-ജപ്പാൻ, മധ്യേഷ്യയിൽ സിറിയ എന്നിങ്ങനെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും തലപൊക്കുന്നത് സ്വർണത്തിന് പിന്നെയും ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുന്നു. വിലയും കൂടിത്തുടങ്ങി.
രാജ്യാന്തര വില ഔൺസിന് 30 ഡോളർ ഉയർന്ന് രാവിലെ 4,384 ഡോളറിൽ എത്തി. കേരളത്തിൽ ഇന്നു വില കൂടുമെന്ന സൂചനയാണ് ഇതു തരുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

