അമേരിക്കയിൽ അടിസ്ഥാന പലിശനിരക്കിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരവേ, വീണ്ടും നേട്ടത്തിന്റെ പാതയിലേക്ക് കുതിച്ചുകയറി യുഎസ് ഓഹരികൾ. നിർമിത ബുദ്ധി (എഐ) അധിഷ്ഠിത ഓഹരികളിലുണ്ടായ വൻ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ചാഞ്ചാട്ടം നേരിട്ട
ഓഹരി സൂചികകൾ, പലിശഭാരം കുറഞ്ഞേക്കുമെന്ന പ്രതീക്ഷകളുടെ പിൻബലത്തിൽ ഇന്നലെ കുതിച്ചുകയറി.
വ്യാഴാഴ്ച ഒറ്റദിവസത്തെ തകർച്ചയിൽ യുഎസ് ഓഹരി നിക്ഷേപകർക്കുണ്ടായ നഷ്ടം 1.5 ട്രില്യൻ ഡോളർ ആയിരുന്നു. ഏതാണ്ട് 135 ലക്ഷം കോടി ഇന്ത്യൻ രൂപ.
എന്നാൽ, ഇന്നലെ നഷ്ടം ഏറക്കുറെ നികത്തി ഓഹരികൾ തിരിച്ചുകയറി.
ഡൗ ജോൺസ് 493.15 പോയിന്റ് (+1.08%) ഉയർന്നാണ് വ്യാപാരം പൂർത്തിയാക്കിയത്. എസ് ആൻഡ് പി500 സൂചിക 0.98%, നാസ്ഡാക് 0.88% എന്നിങ്ങനെ ഉയർന്നു.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഡിസംബറിലെ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ 90 ശതമാനത്തിലധികം സാധ്യതയുണ്ടെന്ന് രണ്ടാഴ്ച മുൻപുവരെ വിപണി വിലയിരുത്തിയിരുന്നു. എന്നാൽ, ഷട്ട്ഡൗൺ പ്രതിസന്ധിയും തൊഴിലില്ലായ്മക്കണക്ക് ഉൾപ്പെടെ ചില നിർണായക റിപ്പോർട്ടുകൾ ട്രംപ് ഭരണകൂടം പുറത്തുവിടാതിരുന്നതും പ്രതീക്ഷകൾ തെറ്റിച്ചു.
സമ്പദ്വ്യവസ്ഥയുടെ പ്രകടനം സംബന്ധിച്ച കണക്കുകിട്ടാത്തതിനാൽ പലിശ പരിഷ്കരിക്കാനാവില്ലെന്ന നിലപാടിലേക്ക് യുഎസ് ഫെഡ് എത്തിയെന്ന റിപ്പോർട്ടുകൾ പിന്നാലെ വന്നു.
പലിശ കുറയ്ക്കാനുള്ള സാധ്യത 90ൽ നിന്ന് 50 ശതമാനത്തിന് താഴേക്കും ഇടിഞ്ഞു. ഇതിനിടെ, തൊഴിൽക്കണക്ക് റിപ്പോർട്ട് പുറത്തുവന്നത് പലിശ കുറയാനുള്ള സാധ്യതയ്ക്ക് പൂർണമായും മങ്ങലേൽപ്പിച്ചു.
യുഎസിൽ ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ പുതിയ തൊഴിലവസരങ്ങളുടെ എണ്ണമുയർന്നതിനാൽ, പലിശനിരക്ക് കുറയ്ക്കേണ്ട സാഹചര്യമില്ലെന്ന നിഗമനത്തിലേക്ക് ഫെഡ് കടന്നുവെന്ന വിലയിരുത്തലുമുണ്ടായി.
എന്നാൽ, യുഎസ് ഫെഡ് പണനയ നിർണയ സമിതി അംഗവും ന്യൂയോർക്ക് ഫെഡറൽ റിസർവ് പ്രസിഡന്റുമായ ജോൺ വില്യംസിന്റെ വാക്കുകൾ പിന്നീട് ഓഹരി വിപണിക്ക് ആവേശം പകരുകയായിരുന്നു.
‘‘പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നു’’ എന്നാണ് അദ്ദേഹം പറഞ്ഞത്. പലിശനിരക്കിന്റെ ദിശ സംബന്ധിച്ച് കൺഫ്യൂഷൻ തുടരുന്നതിനിടെ, ഡോളർ മുന്നേറുകയാണ്.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിലെത്തി.
ഡോളറിന്റെ കുതിപ്പും ഓഹരി വിപണികളുടെ തളർച്ചയും ഇന്ത്യൻ രൂപയെ ഇന്നലെ എക്കാലത്തെയും താഴ്ചയിലെത്തിച്ചു. ഡോളറിനെതിരെ ആദ്യമായി 89ലേക്ക് വീണ രൂപ, 89.61 എന്ന സർവകാല താഴ്ചയിലാണുള്ളത്.
കഴിഞ്ഞദിവസങ്ങളിൽ നേട്ടത്തിന്റെ പാതയിലായിരുന്ന സെൻസെക്സ് ഇന്നലെ 400 പോയിന്റ് (-0.47%) താഴ്ന്ന് 85,231ലും നിഫ്റ്റി 124 പോയിന്റ് (-0.47%) നഷ്ടവുമായി 26,068ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
യുഎസിലും തുടർന്ന് ഏഷ്യൻ വിപണികളിലും ആഞ്ഞടിച്ച ‘നിർമിത ബുദ്ധി കുമിളപ്പേടി’ (എഐ ബബിൾ) ക്രിപ്റ്റോകറൻസികളുടെ തകർച്ചയ്ക്കും വഴിവച്ചു. ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോയായ ബിറ്റ്കോയിന്റെ വില 80,553 ഡോളറിലേക്കുതാഴ്ന്നു.
2022ന് ശേഷമുള്ള ഏറ്റവും മോശം വിലയാണിത്. ക്രിപ്റ്റോകറൻസികളുടെ ആകെ മൂല്യത്തിൽനിന്ന് 3 ട്രില്യൻ ഡോളറും നഷ്ടമായി.
ഏകദേശം 270 ലക്ഷം കോടി രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

