സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് വൻ ആശ്വാസം സമ്മാനിച്ച് വില ഉച്ചയ്ക്ക് കൂടുതൽ ഇടിഞ്ഞു. ഉച്ചയ്ക്ക് 2.15ന് ഗ്രാമിന് 120 രൂപ താഴ്ന്ന് 11,540 രൂപയും പവന് 960 രൂപ കുറഞ്ഞ് 92,320 രൂപയുമായി.
ഇതോടെ ഇന്നു രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് കുറഞ്ഞത് 430 രൂപ; പവന് 3,440 രൂപ.ഒറ്റദിവസം ഇത്രയും വില കുറയുന്നത് സമീപകാലത്ത് ആദ്യമാണ്.
ഇന്നലെ രാവിലെ വില ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമെന്ന സർവകാല ഉയരത്തിലായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലെ ഉച്ചയ്ക്കും ഇന്നു 2 തവണയുമായി ഗ്രാമിന് കുറഞ്ഞത് 630 രൂപയും പവന് താഴ്ന്നത് 5,040 രൂപയുമാണ്.
രണ്ടുദിവസത്തിനിടെ ഇത്രയും വിലയിടിഞ്ഞതും അപൂർവം.
ഉച്ചയ്ക്ക് 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 100 രൂപ കുറഞ്ഞ് 9,540 രൂപയായി. വെള്ളിവില ഗ്രാമിന് 180 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു.
മറ്റു ചില വ്യാപാരികൾ 18 കാരറ്റ് വില ഉച്ചയ്ക്ക് 9,490 രൂപയായി. നിശ്ചയിച്ചു.
ഇവർ വെള്ളിക്ക് ഈടാക്കുന്നത് 175 രൂപയാണ്. സ്വർണം 14 കാരറ്റിനു വില ഗ്രാമിന് 7,400 രൂപയാണ്.
9 കാരറ്റിന് 4,780 രൂപയും.
രാജ്യാന്തര സ്വർണവില ലാഭമെടുപ്പ് സമ്മർദം മൂലം കൂപ്പുകുത്തിയതാണ് കേരളത്തിലും വില കുറയാൻ സഹായിച്ചത്. ഔൺസിന് 4,381 ഡോളർ എന്ന റെക്കോർഡിൽ നിന്ന് വില ഇപ്പോൾ 4,079 ഡോളറിലേക്ക് നിലംപൊത്തി.
രാജ്യാന്തര സ്വർണവില 2013ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് നേരിടുന്നത്. എന്തുകൊണ്ടാണ് സ്വർണവില റെക്കോർഡ് തേരോട്ടത്തിന് സഡൻ ബ്രേക്കിട്ട് ഇങ്ങനെ ഇടിഞ്ഞത്? ഇനിയും വില ഇടിയുമോ? പരിശോധിക്കാം:
1) വില ഔൺസിന് 4,381 ഡോളർ എന്ന റെക്കോർഡിൽ എത്തിനിൽക്കേയാണ്, യുഎസും ചൈനയും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യത തെളിഞ്ഞതും വ്യാപാരയുദ്ധം വൈകാതെ അവസാനിച്ചേക്കും എന്ന വിലയിരുത്തലുകൾ ഉണ്ടായതും.
നിക്ഷേപകർ സമയംകളയാതെ പൊടുന്നനേ ലാഭമെടുപ്പിലേക്ക് കടന്നത് സ്വർണത്തിന് ആഘാതമായി.
2) സാമ്പത്തിക അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷം, വ്യാപാരയുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലാണ് സ്വർണം ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നേടി കുതിക്കാറുള്ളത്. ഇത്തരം സാഹചര്യങ്ങൾ മായുന്നു എന്ന വിലയിരുത്തലാണ് ലാഭമെടുപ്പിന് കളമൊരുക്കിയത്.
3) മധ്യേഷ്യയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ധാരണയും സ്വർണത്തിന് തിരിച്ചടിയായി.
4) യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് ശക്തിപ്രാപിച്ചു.
ഇതോടെ സ്വർണം വാങ്ങുന്നത് ചെലവേറിയതായതും സ്വർണവിലയുടെ വീഴ്ചയ്ക്ക് വഴിയൊരുക്കി.
5) വെള്ളിയും വീണു: ഗോൾഡ് ഇടിഎഫുകൾക്ക് പുറമേ സിൽവർ ഇടിഎഫിലേക്കും ലാഭമെടുപ്പ് സമ്മർദം ആഞ്ഞടിച്ചു. രാജ്യാന്തര വെള്ളിവില ഔൺസിന് 54 ഡോളർ നിലവാരത്തിൽ നിന്ന് 48 ഡോളറിലേക്ക് ഇടിഞ്ഞു.
കേരളത്തിൽ ഇന്നു വെള്ളിവിലയും ഇടിയും.
ഇനിയും വില ഇടിയുമോ?
സ്വർണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. യുഎസ് പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യത തെളിഞ്ഞിട്ടുണ്ട്.
ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികൾ തമ്മിലെ പിണക്കം മാറുന്നത്, ആഗോള സമ്പദ്വ്യവസ്ഥയ്ക്കും ഓഹരി വിപണിക്കും ഉണർവാകും. ഇത്, സ്വർണത്തിന് തിരിച്ചടിയാണ്.
എന്നാൽ, ഇരുവരും തമ്മിലെ ചർച്ചയിൽ സമവായമായില്ലെങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയും.
സ്വർണം തിരിച്ചുകയറും. വ്യാപാരക്കരാർ യാഥാർഥ്യമായില്ലെങ്കിൽ ചൈനയ്ക്കുമേൽ നവംബർ ഒന്നുമുതൽ അധികമായി 155% ഇറക്കുമതി തീരുവ ഈടാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്ത യോഗത്തിലും അടിസ്ഥാന പലിശനിരക്ക് കാൽശതമാനം (0.25%) കുറയ്ക്കാനാണ് സാധ്യത.
പലിശനിരക്ക് കുറയുന്നത് ഡോളറിന് തിരിച്ചടിയും സ്വർണത്തിന് നേട്ടവുമാകും.
∙വെള്ളിക്ക് ലാഭമെടുപ്പ് സമ്മർദമുണ്ടെങ്കിലും വ്യാവസായിക മേഖലയിൽ നിന്ന് വൻ ഡിമാൻഡ് ഉണ്ടെന്നത് അനുകൂലഘടകമാണ്. സോളർ എനർജി, ഇലക്ട്രിക് വാഹനം, എഐ, നാണയ നിർമാണം തുടങ്ങിയ മേഖലകളിൽ വെള്ളിക്ക് വൻ ആവശ്യകതയുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

