ഇന്ത്യയ്ക്കുമേൽ യുഎസ് ചുമത്തുന്ന ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് ട്രംപ് വൈകാതെ 15 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചേക്കും. വ്യാപാരക്കരാർ സംബന്ധിച്ച് ഇന്ത്യയും യുഎസും തമ്മിലെ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നു.
ചർച്ചകൾ പോസിറ്റീവാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു. കരാർ യഥാർഥ്യമാകുന്നതോടെ തീരുവഭാരം 15-16 ശതമാനമായി കുറയാം.
വൈകാതെ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ മോദിയും ട്രംപും തമ്മിൽ കണ്ടേക്കും. ഉച്ചകോടിയിൽതന്നെ ഇന്ത്യ-യുഎസ് ഡീൽ പ്രഖ്യാപനത്തിനും സാധ്യതയുണ്ട്.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ട്രംപിന് ഇന്ത്യയോടുള്ള അമർഷവും കെട്ടടങ്ങും.
അതേസമയം, ട്രംപിന്റെ ചില ആവശ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിട്ടുവീഴ്ചയ്ക്ക് തയാറായേക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സമവായത്തിന്റെ ഭാഗമായി, റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ പടിപടിയായി കുറയ്ക്കും.
അമേരിക്കയുടെ ചോളവും സോയാബീനും ഇറക്കുമതി ചെയ്യാനും തയാറാകും. ജനിതകമാറ്റം വരുത്തിയ (ജിഐ) വിളകളുടെ ഇറക്കുമതി പറ്റില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
നോൺ-ജിഐ ചോളവും സോയാബീനുമാകും വാങ്ങുക.
ചൈന പോയി, ട്രംപിനു വേണം ഇന്ത്യയെ
യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യുഎസിന്റെ ചോളവും സോയാബീനും വാങ്ങുന്നത് ചൈന വെട്ടിക്കുറച്ചിരുന്നു. ചൈനയായിരുന്നു യുഎസിന്റെ ഏറ്റവും വലിയ ഉപഭോക്താവും.
2022ൽ ചോളം കയറ്റുമതിയിലൂടെ യുഎസ് 18.57 ബില്യൻ ഡോളർ വരുമാനം നേടിയിരുന്നത് കഴിഞ്ഞവർഷം 13.7 ബില്യനിലേക്ക് ഇടിഞ്ഞു. ഈ വർഷം സ്ഥിതി കൂടുതൽ മോശമാണ്.
2022ൽ 5.2 ബില്യൻ ഡോളറിന്റെ ചോളം യുഎസിൽ നിന്ന് ചൈന വാങ്ങിയിരുന്നു.
2024ൽ ഇറക്കുമതി വെറും 0.33 ബില്യൻ ഡോളറിലേക്ക് ചൈന കുറച്ചത് യുഎസിന് ആഘാതമായിരുന്നു. ഈ പശ്ചാത്തലത്തിൽ ചൈനയ്ക്ക് ബദലായി പുതിയ വിപണി നേടുകയെന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഇന്ത്യയിലേക്ക് ചായുന്നത്.
റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കുന്ന ഇന്ത്യ, പകരം ഗൾഫിൽ നിന്നും യുഎസിൽ നിന്നും കൂടുതൽ എണ്ണ വാങ്ങും.
എണ്ണയ്ക്ക് പുറമേ യുഎസിൽ നിന്ന് പാചകവാതക (എൽപിജി) ഇറക്കുമതിയും ഇന്ത്യ കൂട്ടും. ഇന്ത്യയ്ക്കുമേൽ 25% പകരംതീരുവ പ്രഖ്യാപിച്ച ട്രംപ്, റഷ്യൻ എണ്ണയുടെ പേരിലാണ് 25% അധിക തീരുവകൂടി പ്രഖ്യാപിച്ച് മൊത്തം 50 ശതമാനമാക്കിയത്.
നിലവിൽ ട്രംപ് ഏറ്റവുമധികം തീരുവ പ്രഖ്യാപിച്ച 2 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ട്രംപുമായി കടുത്ത ഭിന്നതയിലുള്ള ബ്രസീലിനും 50 ശതമാനമാണ് തീരുവ.
താരിഫ് ആഘാതത്തിൽ ഇന്ത്യ
ട്രംപ് കനത്ത തീരുവ പ്രഖ്യാപിച്ചത് കയറ്റുമതി രംഗത്ത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയുമായിരുന്നു.
ചൈന, ബംഗ്ലദേശ്, കിഴക്കനേഷ്യൻ രാജ്യങ്ങൾ തുടങ്ങിയവയുമായുള്ള മത്സരത്തിലും ഇന്ത്യ പിന്നാക്കം പോയിരുന്നു.
തീരുവ 15-16 ശതമാനത്തിലേക്ക് കുറഞ്ഞാൽ ഇന്ത്യയ്ക്കത് കയറ്റുമതി രംഗത്ത് തിരിച്ചുവരവിനുള്ള വലിയ കരുത്താകും. അധികമായി പ്രഖ്യാപിച്ച 25% തീരുവ ട്രംപ് ഒഴിവാക്കുമെന്നും പകരം തീരുവ 10-15 ശതമാനമായി കുറയ്ക്കുമെന്നുമാണ് കേന്ദ്രത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.
അനന്ത നഗേശ്വരൻ പ്രതികരിച്ചത്. കൊൽക്കത്തയിൽ ഭാരത് ചേംബർ ഓഫ് കൊമേഴ്സിന്റെ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും എണ്ണ വിലയും
റഷ്യൻ എണ്ണ ഇറക്കുമതി കുറയ്ക്കുമെന്ന് അടുത്തിടെ മോസ്കോയിലത്തിയ ഇന്ത്യൻ നയതന്ത്ര സംഘം പുട്ടിൻ ഭരണകൂടത്തെ അറിയിച്ചിരുന്നു.
അതേസമയം, റഷ്യ നൽകുന്നതുപോലെ ഡിസ്കൗണ്ട് നിരക്കിലാണോ യുഎസും ഇന്ത്യയ്ക്ക് എണ്ണ നൽകുകയെന്ന് വ്യക്തമായിട്ടില്ല.
നിലവിൽ ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്നത് റഷ്യയിൽ നിന്നാണ്; ഇന്ത്യയിലേക്കുള്ള മൊത്തം ഇറക്കുമതിയിൽ 34 ശതമാനമാണ് റഷ്യൻ വിഹിതം. യുഎസിന്റെ വിഹിതം 10 ശതമാനത്തോളമേയുള്ളൂ.
അതേസമയം, 2023ൽ ബാരലിന് 23 ഡോളർ വരെ ഡിസ്കൗണ്ട് റഷ്യ ഇന്ത്യയ്ക്ക് നൽകിയിരുന്നു. ഇപ്പോഴത് പരമാവധി 5 ഡോളറാണ്.
ഡിസ്കൗണ്ട് കുറഞ്ഞതും റഷ്യൻ എണ്ണ പടിപടിയായി കുറയ്ക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചേക്കും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

