
ഇന്ത്യയിലെ ഏറ്റവും വമ്പൻ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തി ഇന്ന് ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവച്ച ഹ്യുണ്ടായ് മോട്ടോർ ഇന്ത്യക്ക് നിരാശയോടെ തുടക്കം. ഐപിഒയിലെ അപ്പർ പ്രൈസ് ബാൻഡായ 1960 രൂപയേക്കാൾ 26 രൂപ താഴ്ന്ന് 1934 രൂപയിലായിരുന്നു ലിസ്റ്റിങ്. തുടർന്ന് ഒരുവേള വില 1,970 രൂപവരെ ഉയർന്നെങ്കിലും പൊടുന്നനെ 1,844.65 രൂപവരെ താഴ്ന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3 ശതമാനത്തോളം നഷ്ടവുമായി 1,876.70 രൂപയിൽ. ഇതുപ്രകാരം കമ്പനിയുടെ വിപണിമൂല്യം 1.51 ലക്ഷം കോടി രൂപയുമാണ്. അതേസമയം, ഓഹരിവിലയിൽ ചാഞ്ചാട്ടം ദൃശ്യമാണ്. വിലയിൽ 1,890-1,910 രൂപയ്ക്കിടയിൽ കയറ്റിറക്കം ശക്തം.
എൽഐസി 2022 മേയിൽ 21,000 കോടി രൂപ സമാഹരിച്ച് നടത്തിയ റെക്കോർഡ് ഐപിഒയെ ഹ്യുണ്ടായ് കഴിഞ്ഞയാഴ്ചയാണ് പഴങ്കഥയാക്കിയത്. 27,870 കോടി രൂപ സമാഹരിച്ച ഹ്യുണ്ടായിക്ക് പക്ഷേ കരുത്തുപകർന്നത് 670 ശതമാനം സബ്സ്ക്രിപ്ഷനുമായി യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങളായിരുന്നു (ക്യുഐബി).
ഐപിഒയ്ക്ക് മുമ്പ് 570 രൂപവരെ പ്രീമിയം ഗ്രേ മാർക്കറ്റിൽ ഹ്യുണ്ടായ് ഓഹരിക്കുണ്ടായിരുന്നു. ഐപിഒ വേളയിൽ ഇത് നെഗറ്റീവിലേക്ക് താഴ്ന്നിരുന്നു. ഇന്നലെ 95 രൂപയുടെ പ്രീമിയം നേടിയെങ്കിലും ഇന്ന് വീണ്ടും കുറയുകയായിരുന്നു. ഇതാണ് ലിസ്റ്റിങ്ങിൽ പ്രതിഫലിച്ചത്. എൻഎസ്ഇയിൽ 2,127.40 രൂപയാണ് നിലവിൽ ഹ്യുണ്ടായ് ഓഹരിക്ക് അപ്പർ-സർക്യൂട്ട് വില നിശ്ചയിച്ചിരിക്കുന്നത്. ലോവര്-സർക്യൂട്ട് വില 1,740.60 രൂപ.
അതേസമയം, ഹ്യുണ്ടായ് ഓഹരിക്ക് ബ്രോക്കറേജ് സ്ഥാപനങ്ങളായ നോമുറ, മക്വയറി തുടങ്ങിയവ ‘വാങ്ങൽ’ (buy) റേറ്റിങ്ങും ഉയർന്ന ലക്ഷ്യവിലയും (target price) ലിസ്റ്റിങ്ങിന് മുമ്പേ നൽകിയത് ശ്രദ്ധേയമായി. 2,472 രൂപയാണ് നോമുറ മുന്നോട്ടുവച്ച ലക്ഷ്യവില. മക്വയറിയുടേത് 2,235 രൂപ. ഹ്യുണ്ടായ് ഓഹരിക്ക് മക്വയറി ‘ഔട്ട്പെർഫോം’ റേറ്റിങ്ങും നൽകിയിട്ടുണ്ട്. അതായത്, വിപണിയിലെ എതിരാളികളുടെ ഓഹരികളേക്കാൾ ശ്രദ്ധേയ പ്രകടനം ഹ്യുണ്ടായ് നടത്തുമെന്ന് മക്വയറി പ്രതീക്ഷിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]