
ന്യൂഡൽഹി ∙ പലതവണ കുടുക്കിടാൻ നോക്കിയിട്ടും പിടികൊടുക്കാതിരുന്ന ഓൺലൈൻ മണി ഗെയിമുകൾക്കാണ് പാർലമെന്റ് പാസാക്കിയ പുതിയ ബിൽ അന്ത്യം കുറിക്കുന്നത്. ഇന്നലെ രാജ്യസഭയും പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെ നിയമമാകും.
കേന്ദ്രവും സംസ്ഥാനങ്ങളും ചട്ടങ്ങളും മാർഗരേഖകളും കൊണ്ടുവന്നിട്ടും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചു വളയമില്ലാതെ ചാടുകയായിരുന്നു പല പ്ലാറ്റ്ഫോമുകളും.
ഇതിൽ ചൂതാട്ട, വാതുവയ്പ് പ്ലാറ്റ്ഫോമുകൾ വരെയുണ്ടായിരുന്നു. ഇവയെ നിയന്ത്രിക്കാൻ രാജ്യത്ത് ഏകീകൃത നിയമമില്ലാത്തതിനാൽ പല സംസ്ഥാനങ്ങളും ചൂതാട്ട
നിരോധന നിയമം ഉപയോഗിച്ചെങ്കിലും ഇന്റർനെറ്റിലാകെ ലഭ്യമായ പ്ലാറ്റ്ഫോമുകൾ നിർബാധം പ്രവർത്തനം തുടർന്നു.
‘ഗെയിം ഓഫ് സ്കിൽ’, ‘ഗെയിം ഓഫ് ചാൻസ്’ എന്നിങ്ങനെയുള്ള വർഗീകരണമാണ് ഗെയിമിങ് കമ്പനികൾക്കു പഴുതായത്. ഭാഗ്യത്തെ ആശ്രയിച്ചുള്ള ചൂതാട്ടം, വാതുവയ്പ് എന്നിവയാണു ഗെയിം ഓഫ് ചാൻസിൽ വരുന്നത്.
കളിക്കുന്നയാളുടെ മിടുക്കിനെ ആശ്രയിച്ചു ഫലം രൂപപ്പെടുന്നവയാണു ഗെയിം ഓഫ് സ്കിൽ.
ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്ന പല കമ്പനികളും അവരുടെ ഗെയിമുകൾ ‘ഗെയിം ഓഫ് സ്കില്ലി’ന്റെ ഗണത്തിൽപെടുന്നതാണെന്നു കോടതിയിൽ വാദിച്ചു. പല കോടതികളും ഇത് അംഗീകരിക്കുകയും ചെയ്തു.
ഭരണഘടനയിലെ വ്യവസ്ഥയനുസരിച്ച് ചൂതാട്ടമല്ലാത്തവ നിരോധിക്കാനാകില്ല.
പുതിയ നിയമത്തിൽ ഈ വർഗീകരണം പൂർണമായും ഒഴിവാക്കി പകരം ‘ഓൺലൈൻ മണി ഗെയിം’ എന്ന ഒറ്റ നിർവചനം കൊണ്ടുവന്നു. സ്കിൽ ഉപയോഗിച്ചാണെങ്കിലും ചാൻസ് ഉപയോഗിച്ചാണെങ്കിലും പണം നിക്ഷേപിച്ച് കൂടുതൽ പണം ലക്ഷ്യമിട്ടുള്ള ഗെയിം ആണെങ്കിൽ നിരോധനമുറപ്പ്.
നടപ്പാകാതെ പോയ ചട്ടം
2023ൽ ഓൺലൈൻ ഗെയിമിങ് രംഗത്തിനു സ്വയം നിയന്ത്രണം ഏർപ്പെടുത്താനുള്ള ചട്ടം കേന്ദ്രം പുറത്തിറക്കിയിരുന്നു.
ഓൺലൈൻ ചൂതാട്ടം, വാതുവയ്പ് എന്നിവ വിലക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും പണം ഉൾപ്പെട്ട മണി ഗെയിമുകൾക്കു വിലക്കേർപ്പെടുത്തിയിരുന്നില്ല.
ഗെയിമിങ് കമ്പനി പ്രതിനിധികൾ അടക്കമുള്ളവരെ ഉൾപ്പെടുത്തിയ സ്വയംനിയന്ത്രണ സമിതി രൂപീകരിക്കാനായിരുന്നു നീക്കം. ഗെയിമുകൾക്കു സമിതിയുടെ റജിസ്ട്രേഷൻ നിർബന്ധമാക്കാനും ലക്ഷ്യമിട്ടു.
എന്നാൽ, ഈ നീക്കം പരാജയമായിരുന്നതിനാൽ ഫലത്തിൽ ചട്ടം നടപ്പാക്കാനായില്ല.
20,000 കോടി വരെ നികുതി കുറയാം
നിരോധനം നടപ്പാക്കുന്നതോടെ സർക്കാരുകൾക്കു നികുതിയിനത്തിൽ പ്രതിവർഷം 15,000 – 20,000 കോടി രൂപ കുറവുണ്ടാകാമെന്നാണു വിലയിരുത്തൽ. 2023ൽ ഓൺലൈൻ ഗെയിമിങ്ങിന്റെ നികുതി 28% ആക്കിയതോടെ നികുതിവരുമാനം കുതിച്ചുയർന്നിരുന്നു.
ഈ ഇനത്തിൽ പ്രതിമാസ നികുതിവരുമാനം 1349 കോടി രൂപയായിരുന്നെങ്കിൽ വർധന നടപ്പാക്കി 6 മാസത്തിനുള്ളിൽ വരുമാനം 6909 കോടിയായി വർധിച്ചു (412% വളർച്ച). ഗെയിമിങ് നികുതി വൈകാതെ 40% ആക്കാനാണു കേന്ദ്രനീക്കം.
പ്രതികരിക്കാതെ കമ്പനികൾ
നിരോധനത്തിൽ ഡ്രീം11, എംപിഎൽ, പോക്കർബാസി തുടങ്ങിയ ഓൺലൈൻ മണി ഗെയിം കമ്പനികൾ പരസ്യപ്രതികരണത്തിനു തയാറായിട്ടില്ല.
എന്നാൽ, ഇത്തരം കമ്പനികളുടെ 3 സംഘടനകൾ ചേർന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ ആശങ്ക വ്യക്തമാക്കിയിട്ടുണ്ട്. കടുത്ത സാമ്പത്തിക – തൊഴിൽ നഷ്ടമുണ്ടാകുമെന്നും ഇന്ത്യൻ പ്ലാറ്റ്ഫോമുകൾ പൂട്ടുന്നതിന്റെ ഗുണം വിദേശത്തെ അനധികൃത പ്ലാറ്റ്ഫോമുകൾക്കാണെന്നും കത്തിലുണ്ട്.
രാജ്യത്ത് 50 കോടി ഓൺലൈൻ ഗെയിമർമാരുണ്ടെന്നും മേഖലയിൽ നേരിട്ടും അല്ലാതെയും 2 ലക്ഷം പേർ തൊഴിലെടുക്കുന്നുണ്ടെന്നുമാണു കമ്പനികളുടെ കണക്ക്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]