
അമേരിക്കയിൽ നിന്ന് ചൈനയിലെത്തിയ ചിപ്പിനെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത അതിരൂക്ഷമാകുന്നു. ഇതിനിടെ അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്റെ പരാമർശം ചൈനയെ ചൊടിപ്പിച്ചതും പ്രതിസന്ധി കൂടുതൽ വഷളാക്കി.
പ്രമുഖ ടെക് കമ്പനിയായ എൻവിഡിയയുടെ എച്ച്20 എഐ ചിപ്പാണ് (സെമികണ്ടക്ടർ), ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്.
ഈ ചിപ്പുകളിൽ അമേരിക്ക ട്രാക്കിങ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ചൈനയുടെ സുരക്ഷയ്ക്ക് അതു ഭീഷണിയാണെന്നും ചൈന നേരത്തേ ആശങ്ക അറിയിച്ചിരുന്നു. ഇതിനിടെയായിരുന്നു ലുട്നിക്കിന്റെ വിവാദ പരാമർശം.
അമേരിക്ക നിലവാരമുള്ള ചിപ് അല്ല ചൈനയ്ക്ക് നൽകിയതെന്നും നിലവാരമുള്ള ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ പോലും ചിപ്പല്ല അതെന്നുമാണ് ലുട്നിക് ഒരു മാധ്യമത്തോട് പറഞ്ഞത്. ചൈനീസ് ഡവലപ്പർമാരെ അമേരിക്കൻ ടെക്നോളജിക്ക് അടിമപ്പെടുത്തുകയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരാമർശങ്ങൾ ചൈനയെ അപമാനിക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് എൻവിഡിയയുടെ ചിപ്പിനെതിരെ ചൈനീസ് ഭരണകൂടം മുഖംതിരിച്ചത്.
സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന, നാഷണൽ ഡവലപ്മെന്റ് ആൻഡ് റിഫോം കമ്മിഷൻ, വ്യവസായ-ടെക്നോളജി മന്ത്രാലയം എന്നിവ അമേരിക്കൻ ചിപ്പിനെ ബഹിഷ്കരിക്കാനും തദ്ദേശീയമായി വികസിപ്പിക്കുന്ന ചിപ്പിനെ ആശ്രയിക്കാനും രാജ്യത്തെ കമ്പനികളോട് നിർദേശിച്ചു.
ചൈനീസ് കമ്പനികളായ ആലിബാബ, ബൈഡു, ബൈറ്റ്ഡാൻസ് എന്നിവയും ചൈനീസ് നിർമിത ചിപ്പുകൾ മതിയെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. യുഎസും ചൈനയും തമ്മിലെ വ്യാപാരക്കരാർ ചർച്ചകൾ തുടരാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപ് ഭരണകൂടം ചൈനയിലേക്ക് എച്ച്20 എഐ ചിപ്പുകൾ കയറ്റുമതി ചെയ്യാൻ എൻവിഡിയയ്ക്ക് അനുമതി നൽകിയത്.
ചൈനീസ് വിപണിക്കായി എൻവിഡിയ പ്രത്യേകം വികസിപ്പിച്ച ചിപ്പുകളുമായിരുന്നു ഇത്. ചൈന മുഖംതിരിച്ച പശ്ചാത്തലത്തിൽ എച്ച്20 ചിപ്പുകളുടെ നിർമാണം എൻവിഡിയ നിർത്തിവച്ചെന്നാണ് റിപ്പോർട്ടുകൾ.
ട്രാക്കിങ് സംവിധാനമുണ്ടെന്ന് സംശയിക്കുന്നതിനാൽ സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന, നാഷണൽ ഡവലപ്മെന്റ് ആൻഡ് റിഫോം കമ്മിഷൻ, വ്യവസായ-ടെക്നോളജി മന്ത്രാലയം എന്നിവ എൻവിഡിയയോട് ചിപ് നിർമാണം സംബന്ധിച്ച വിശദീകരണവും തേടിയിട്ടുണ്ട്.
ട്രാക്കിങ് സംവിധാനം ഉണ്ടെന്നത് എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങ് നിഷേധിച്ചിരുന്നു.
എച്ച്20 എഐ ചിപ്പ് സൈന്യത്തിനോ ഗവൺമെന്റിനോ ഉപയോഗിക്കാനുള്ളതല്ലെന്നും പൂർണമായും വാണിജ്യ ഉപയോഗമാണ് ഉദ്ദേശിക്കുന്നതെന്നും ഹുവാങ് പറഞ്ഞു. കമ്പനികളെ ഇതുപയോഗിക്കാൻ അനുവദിക്കുന്നത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചൈനയിൽ നിന്ന് പ്രതിവർഷം ശരാശരി 20 ബില്യൻ ഡോളറിന്റെ വരുമാനം എൻവിഡിയ നേടുന്നുണ്ട്.
പുതിയ ചിപ്പുകൾക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയത് എൻവിഡിയയുടെ വരുമാനത്തെ ബാധിക്കും. അതേസമയം, തദ്ദേശ നിർമിത ചിപ്പുകൾ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമമാണ് ചൈനയുടേതെന്നും രാജ്യത്ത് അമേരിക്കൻ എഐ ഹാർഡ്വെയർ കമ്പനികളുടെ അപ്രമാദിത്തം കുറയ്ക്കുകയാണ് ലക്ഷ്യമെന്നും വിലയിരുത്തലുകളുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]