ന്യൂഡൽഹി∙ പ്രായപൂർത്തിയാകാത്തവരുടെ (മൈനർ) ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് പരിഷ്കരിച്ച മാർഗരേഖ പ്രസിദ്ധീകരിച്ചു. നിലവിലുള്ള വ്യവസ്ഥകൾ കൂടുതൽ യുക്തിസഹമാക്കുകയാണ് ലക്ഷ്യം. ജൂലൈ ഒന്നിനകം ബാങ്കുകൾ ഇത് പാലിച്ചിരിക്കണം.

ഏത് പ്രായത്തിലുള്ള മൈനറിനും നിയമപരമായ രക്ഷിതാവ് വഴി സേവിങ്സ്/ടേം ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാം. കുട്ടിയുടെ അമ്മയെയും രക്ഷിതാവായി പരിഗണിക്കും.10 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. പണമിടപാട് പരിധി, പ്രായം എന്നിവയിൽ ബാങ്കുകൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താം.

പ്രായപൂർത്തിയാകുമ്പോൾ അക്കൗണ്ട് ഉടമയുടെ ഒപ്പും മറ്റും ബാങ്ക് രേഖപ്പെടുത്തണം.കുട്ടികൾക്ക് ആവശ്യമെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ്, എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവ നൽകാം. മൈനർ അക്കൗണ്ടുകളിൽ നിന്ന്, അമിതമായി പണം പിൻവലിക്കുന്നില്ലെന്നും, ആവശ്യത്തിന് ബാലൻസ് ഉണ്ടെന്നും ബാങ്കുകൾ ഉറപ്പാക്കണം.

English Summary:

RBI’s new guidelines allow children above 10 to independently operate bank accounts. Learn about the revised rules for minor bank accounts, including account opening, guardian requirements, and transaction limits, effective July 1st.