
ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവില (gold rate) ‘തീപിടിച്ച്’ കത്തിക്കയറുന്നു. പവന് ഇന്ന് ഒറ്റയടിക്ക് 2,200 രൂപ ഉയർന്ന് വില 74,320 രൂപയും ഗ്രാമിന് 275 രൂപ വർധിച്ച് 9,290 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 9,015 രൂപയും പവന് 72,120 രൂപയുമെന്ന റെക്കോർഡ് തകർന്നു. ഇന്നലെയായിരുന്നു ഗ്രാം 9,000 രൂപയും പവൻ 72,000 രൂപയും ആദ്യമായി ഭേദിച്ചത്.
സ്വർണത്തിന് ഒരുദിവസം കേരളത്തിൽ (Kerala Gold Price) ഇത്രയധികം വില കൂടുന്നത് സമീപകാല ചരിത്രത്തിൽ ആദ്യം. നിലവിലെ ട്രെൻഡ് തുടരുമെന്നും പവന് വൈകാതെ 75,000 രൂപയെന്ന നാഴികക്കല്ലും മറികടക്കുമെന്നുമാണ് വിലയിരുത്തലുകൾ. അക്ഷയതൃതീയ പടിവാതിലിൽ നിൽക്കേയുള്ള ഈ വിലക്കുതിപ്പ് ആഭരണപ്രിയരെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 8,520 രൂപയും ഗ്രാമിന് 1,065 രൂപയും കൂടി. 2025ൽ ഇതുവരെ പവന്റെ മുന്നേറ്റം 17,440 രൂപ; ഗ്രാമിന് 2,180 രൂപയും. കഴിഞ്ഞവർഷം ഏപ്രിൽ 22ന് പവന് 54,040 രൂപയേ വിലയുണ്ടായിരുന്നുള്ളൂ; ഗ്രാമിന് 6,755 രൂപയും. തുടർന്ന് ഇതുവരെ പവൻ കുതിച്ചുകയറിയത് 20,280 രൂപ. ഗ്രാമിന് ഇക്കാലയളലിൽ 2,535 രൂപയും ഉയർന്നു.
18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 280 രൂപ ഉയർന്ന് റെക്കോർഡ് 7,690 രൂപയായി. മറ്റു ചില കടകളിൽ വില ഇതേ നിലവാരത്തിൽ മുന്നേറി 7,650 രൂപയാണ്. വെള്ളിവില അതേസമയം ഗ്രാമിന് 109 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
ട്രംപിന്റെ ഭീഷണിയിൽ കുതിച്ച് സ്വർണം
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ മേധാവി ജെറോം പവലിനെ ‘വൻ തോൽവി’ (major loser) എന്ന് വിളിച്ചതും ഉടനടി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടതും സ്വർണവില കുതിച്ചുകയറാൻ വഴിയൊരുക്കി. രാജ്യാന്തരവില ഔൺസിന് ഒറ്റയടിക്ക് 170 ഡോളറിലധികം മുന്നേറി എക്കാലത്തെയും ഉയരമായ 3,496.50 ഡോളർ വരെയായി. 3,500 ഡോളർ എന്ന നാഴികക്കല്ല് വൈകാതെ കടന്നേക്കും.
പവലിനെ പുറത്താക്കാനുള്ള ഉദ്ദേശ്യവും ട്രംപിനുണ്ടെന്നാണ് സൂചനകൾ. ഇതും ട്രംപിന്റെ താരിഫ് നയങ്ങളും യുഎസിൽ നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിയതും മൂലം ഓഹരി വിപണി തകർന്നടിഞ്ഞു. ഡൗ ജോൺസ് 2.48%, എസ് ആൻഡ് പി 500 സൂചിക 2.36%, നാസ്ഡാക് 2.55% എന്നിങ്ങനെ കൂപ്പുകുത്തി. യുഎസ് ഡോളർ 98 നിലവാരത്തിലേക്ക് വീണു. ഓഹരികളുടെ തകർച്ച, ഡോളറിന്റെ വീഴ്ച, ഇനിയും അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത എന്നിവ നിക്ഷേപകരെ നിരാശയിലാക്കി. അവർ ഈ നിക്ഷേപ പദ്ധതികളിൽ നിന്ന് പണം പിൻവലിച്ച് ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്നോണം ഗോൾഡ് ഇടിഎഫിലേക്ക് നിക്ഷേപം മാറ്റുന്നതും സ്വർണവില കൂടാനിടയാക്കുകയാണ്.
പണിക്കൂലിയും ചേർന്നാൽ
സ്വർണാഭരണം വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ഇന്നു മിനിമം 5% പണിക്കൂലിക്കാണ് നിങ്ങൾ ആഭരണം വാങ്ങുന്നതെങ്കിൽ ഒരു പവനു നൽകേണ്ട വില 80,432 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,054 രൂപയും. പൊതുവേ ശരാശരി 10 ശതമാനം പണിക്കൂലിയാണ് മിക്ക ജ്വല്ലറികളും വാങ്ങാറുള്ളത്. അങ്ങനെയെങ്കിൽ ഇന്നു ഒരു പവൻ ആഭരണത്തിന്റെ വില 84,260 രൂപയായിരിക്കും. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,532 രൂപയും.