രാജ്യാന്തര വ്യാപാരത്തിൽ നിർണായകമായ ഹോര്‍മുസ് കടലിടുക്ക് തുറക്കാൻ ഇറാനുമേൽ സമ്മർദം ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 48 മണിക്കൂറിനുള്ളിൽ വ്യാപാര പാതയിൽ കപ്പലുകൾക്ക് സുഗമമായി കടന്നുപോകാൻ അവസരം ഒരുക്കിയില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങളിൽ ശക്തമായ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
എന്നാൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന രീതിയിലാണ് ഇറാന്റെ നിലപാട്. ഊര്‍ജ നിലയങ്ങളെ ലക്ഷ്യമിട്ടാല്‍ പശ്ചിമേഷ്യയിൽ യുഎസ് നേതൃത്വത്തിലുള്ള സമാനമായ കേന്ദ്രങ്ങളെ ആക്രമിക്കുമെന്നാണ് ഇറാന്റെ ഖതം അൽ അംബിയ സൈനിക കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇത് യുദ്ധം വീണ്ടും ശക്തമായി തുടരാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകർ.
യുദ്ധം അവസാനിപ്പിച്ചേക്കുമെന്ന് ട്രംപ് സൂചന നല്‍കിയതിന് പിന്നാലെയാണിത്. ക്രൂഡ് ഓയില്‍, ഓഹരി വിപണി, സ്വര്‍ണവില എന്നിവയ്ക്ക് നിർണായകമാകുന്ന നീക്കം കൂടിയാണിത്.
ഇന്ന് രാജ്യാന്തര തലത്തിൽ വിപണികൾക്ക് അവധിയാണ്.
നേരിയ നേട്ടത്തിലാണ് വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണികൾ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 23,200നും സെൻസെക്സ് 74,500നും മുകളിലേക്ക് തിരിച്ചെത്തി.
കഴിഞ്ഞ ആഴ്ചകളിലെ കടുത്ത വിൽപന സമ്മർദത്തിന് ശേഷമാണ് തിരിച്ചുവരൽ. പശ്ചിമേഷ്യയിലെ യുദ്ധവും ക്രൂഡ് ഓയിൽ വില വർധനയുമാണ് വിപണിയുടെ പ്രധാന ആശങ്ക.
എന്നാല്‍ ഐടി, മെറ്റൽ, പബ്ലിക് സെക്ടർ ബാങ്ക് തുടങ്ങിയ മേഖലകളിൽ വാങ്ങൽ ശക്തമായതാണ് കാര്യങ്ങൾ മാറ്റിയത്. അഞ്ചിൽ നാല് വ്യാപാര ദിനങ്ങളിലും വിപണി നേട്ടത്തിലായിരുന്നു.
പോയ വാരം വിദേശ നിക്ഷേപകർ 29,000 കോടി രൂപയ്ക്ക് തുല്യമായ ഓഹരികളാണ് വിറ്റത്.
യുദ്ധം തുടങ്ങിയതിന് ശേഷം മാത്രം 86,700 കോടി രൂപയിലധികം ഓഹരി വിദേശ നിക്ഷേപകർ പിൻവലിച്ചെന്നും കണക്ക് പറയുന്നു. 30,600 കോടി രൂപ കഴിഞ്ഞ ദിവസം പ്രാദേശിക നിക്ഷേപകർ വിപണിയിൽ നിക്ഷേപിക്കുകയും ചെയ്തു.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഏറ്റവും റെക്കോർഡ് താഴ്ചയായ 93.71 രൂപയിലെത്തി.
ക്രൂഡ് ഓയിൽ വിലയും വിതരണവും സംബന്ധിച്ച ആശങ്കയാണ് വെള്ളിയാഴ്ച വിലയിടിച്ചത്. നാലു വർഷത്തിനിടെ ഒറ്റ ദിവസത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാകുന്നത് ഇതാദ്യം.
വരും ആഴ്ചയിൽ പശ്ചിമേഷ്യൻ പ്രതിസന്ധി, ഹോര്‍മുസ് കടലിടുക്ക്, ക്രൂഡ് ഓയിൽ വില തുടങ്ങിയ വിഷയങ്ങളാകും നിക്ഷേപകരെ സ്വാധീനിക്കുന്നത്.
ഇന്ത്യൻ സൂചികകളുടെ ഫ്യൂച്ചർ വ്യാപാരം നെഗറ്റീവിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. തിങ്കളാഴ്ച വിപണി താഴ്ന്ന് തുടങ്ങാനാണ് സാധ്യത.
വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിനുള്ള പരിധി നീക്കം ചെയ്തെന്ന റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ട ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കും.
യുഎസിലും യൂറോപിലും ഇടിവ്
അതേസമയം, അവസാന വ്യാപാര ദിനം യുഎസ്, യൂറോപ്യൻ വിപണികൾ നഷ്ടത്തോടെയാണ് അവസാനിപ്പിച്ചത്.
യുഎസിൽ ഡോ സൂചിക 0.96 ശതമാനവും എസ് ആൻഡ് പി 1.51 ശതമാനവും നാസ്ഡാക് 2.01 ശതമാനവും ഇടിഞ്ഞു. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് യുഎസ് വിപണി നഷ്ടത്തിലാകുന്നത്.
ഇനിയും ഇടിവ് തുടരുന്നത് വിപണിക്ക് നല്ലതല്ല. വരും ദിവസങ്ങളിലും വിപണി നഷ്ടം തുടർന്നേക്കുമെന്നാണ് ഫ്യൂച്ചർ വ്യാപാരത്തിലെ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്.
ശ്രദ്ധ പലിശയിൽ
ഇറാൻ – യുഎസ്, ഇസ്രയേൽ യുദ്ധത്തിന് അടിയന്തര പരിഹാരം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ.
ഇത് ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരാൻ കാരണമാവുകയും പണപ്പെരുപ്പം കൂടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. കേന്ദ്രബാങ്കുകളെ അടിസ്ഥാന പലിശ വർധിപ്പിക്കാനോ ഉയര്‍ന്ന നിലയിൽ തന്നെ തുടരാനോ നിർബന്ധിക്കുന്ന നീക്കമാണിത്.
പലിശ നിരക്ക് കുറയുന്നത് സമ്പദ് വ്യവസ്ഥയ്ക്കും നിക്ഷേപകർക്കും താൽപര്യമുള്ള കാര്യമാണ്. യുഎസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരം ആവശ്യപ്പെടുന്ന കാര്യം കൂടിയാണിത്.
ഇക്കുറി രണ്ട് തവണ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് ഇറാൻ ആക്രമണത്തിന് മുമ്പ് നിക്ഷേപകർ കരുതിയിരുന്നത്.
എന്നാൽ പുതിയ സാഹചര്യത്തിൽ ഇതിനുള്ള സാധ്യത കുറവാണ്. ക്രൂഡ് ഓയിൽ വില ഉയർന്ന് നിൽക്കുമ്പോൾ പലിശ നിരക്ക് കുറയ്ക്കുന്നത് പണപ്പെരുപ്പം വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.
യുഎസിന് പുറമെ യൂറോപ്, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും പലിശ നിരക്ക് നിലനിർത്താനാണ് സാധ്യത.
ക്രൂഡ് ഓയില്‍
ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ കഴിഞ്ഞില്ലെങ്കിൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയര്‍ന്നു നിൽക്കാനാണ് സാധ്യത. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില്‍ക്കാനുള്ള ഉപരോധം 30 ദിവസത്തേക്ക് നീക്കിയതും വിപണിയിൽ നിർണായകമാകും.
ഏകദേശം 150 മില്യൻ ബാരൽ ക്രൂഡ് ഓയിൽ ഇറാന് വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് നിക്ഷേപകർ പറയുന്നത്. എന്നാൽ വിപണിയിലേക്ക് നൽകാൻ അധിക ക്രൂഡ് ഓയില്‍ സ്റ്റോക്ക് ഇല്ലെന്ന നിലപാടിലാണ് ഇറാൻ.
ഡബ്ലുടിഐ ക്രൂഡ് ബാരലിന് 98.23 ഡോളറിനും ബ്രെന്റ് ക്രൂഡ് 112 ഡോളറിലും മർബൻ 146 ഡോളറിലുമാണ് ക്ലോസ് ചെയ്തത്.
സ്വര്‍ണം
അതേസമയം, ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നിൽക്കുന്നത് രാജ്യാന്തര വിപണിയിൽ സ്വർണവില കുത്തനെ ഇടിയ്ക്കുകയാണ്.
കഴിഞ്ഞ ദിവസം ഔൺസിന് 2.36 ശതമാനം ഇടിഞ്ഞ സ്വർണം 4,491 ഡോളറിലെത്തി. അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഉയരുന്നതും പണപ്പെരുപ്പ ഭീഷണി വർധിച്ചതുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്.
അടുത്ത ദിവസങ്ങളിൽ വില ഔൺസിന് 4,250 ഡോളറിലേക്ക് താഴാനുള്ള സാധ്യതയും വിപണി കാണുന്നുണ്ട്.
കേരളത്തിൽ പവന് 1,07,040 രൂപയെന്ന നിലയിലാണ് നിലവിൽ സ്വർണം. രാജ്യാന്തര വിപണിയിൽ വില ഇനിയും ഇടിയുകയാണെങ്കിൽ കേരളത്തിൽ വില പവന് ഒരുലക്ഷം രൂപയിലും താഴെയെത്തും.
അങ്ങനെയെങ്കിൽ 2026ന്റെ തുടക്കത്തിലുള്ള വിലയിലേക്ക് സ്വർണമെത്തും. 2026 ജനുവരി ഒന്നിന് പവന് 99,040 രൂപയായിരുന്നു കേരളത്തിലെ സ്വർണ വില.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

