
കനത്ത ലാഭമെടുപ്പിനെ തുടർന്ന് രാജ്യാന്തരവില നേരിട്ട ഇടിവ് കേരളത്തിൽ തുടർച്ചയായ രണ്ടാംദിവസവും സ്വർണവില കുറയാൻ വഴിയൊരുക്കി. ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് വില 8,230 രൂപയും പവന് 320 രൂപ താഴ്ന്ന് 65,840 രൂപയുമായി. ഇതോടെ കഴിഞ്ഞ രണ്ടുദിവസം കൊണ്ട് ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞു. തുടർച്ചയായി 4 ദിവസം 66,000 രൂപയ്ക്ക് മുകളിൽ തുടർന്നശേഷമാണ് പവൻവില താഴ്ന്നത്. ഈ മാസം 20ന് കുറിച്ച ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
18 കാരറ്റ് ഇന്നു കുറഞ്ഞു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം വില 30 രൂപ കുറഞ്ഞ് 6,795 രൂപയായി. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 35 രൂപ കുറച്ച് 6,750 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. വെള്ളിവില ചില കടകളിൽ ഗ്രാമിന് 110 രൂപയിൽ തുടരുമ്പോൾ ചിലർ ഇന്നിട്ടിരിക്കുന്ന വില രണ്ടുരൂപ കുറച്ച് 108 രൂപയാണ്.
നേട്ടമായി ഡോളർക്കുതിപ്പ്
രണ്ടുദിവസം മുമ്പ് ഔൺസിന് 3,058 ഡോളർ എന്ന സർവകാല റെക്കോർഡ് തൊട്ട രാജ്യാന്തരവില ഇന്നൊരു ഘട്ടത്തിൽ 3,000 ഡോളറിലേക്ക് താഴ്ന്നെങ്കിലും പിന്നീട് 3,022.95 ഡോളറിലേക്ക് കയറി. ഇന്നലത്തെ വിലയേക്കാൾ ഇപ്പോഴും 14 ഡോളർ താഴ്ന്നാണ് വ്യാപാരം. ഇതാണ് ഇന്നു കേരളത്തിലും വില കുറയാൻ സഹായിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോർഡ് കയറ്റം മുതലെടുത്ത് സ്വർണനിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയത് രാജ്യാന്തര വിലയെ താഴ്ത്തുകയായിരുന്നു.
പുറമെ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 103 നിലവാരത്തിൽ നിന്ന് 104.15ലേക്ക് കയറിയതും സ്വർണവിലയെ പിന്നോട്ടടിച്ചു. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കെ, ഡോളർ ഉയരുമ്പോൾ സ്വർണം വാങ്ങൽച്ചെലവ് (ഇറക്കുമതിച്ചെലവ്) കൂടും. ഇതു ഡിമാൻഡിനെ പ്രതികൂലമായി ബാധിക്കുകയും വില കുറയുകയും ചെയ്യും. ഇതാണ് ഇന്നു പ്രതിഫലിച്ചത്.
ഇനിയും വില കുറയുമോ?
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയത് ഡോളറിനും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്കിനും (ട്രഷറി ബോണ്ട് യീൽഡ്) നേട്ടമാകുകയായിരുന്നു. പുറമെ സ്വർണത്തിൽ ലാഭമെടുപ്പ് നടന്നതുമാണ് വില കുറയാൻ കളമൊരുക്കിയത്.
അതേസമയം, ഫെഡറൽ റിസർവ് ഈ വർഷം രണ്ടുതവണ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നത് സ്വർണത്തിനാണ് പിന്നീട് ഗുണം ചെയ്യുക. പുറമെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്കിൽ നിന്നുൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്ന നടപടി തുടങ്ങിയവയും സ്വർണവിലയെ മുന്നോട്ടു നയിച്ചേക്കാമെന്ന് നിരീക്ഷകർ പറയുന്നു. സ്വർണവില കുറയുന്നത് മുതലെടുത്തുള്ള വാങ്ങൽതാൽപര്യ (buy the dip) പ്രവണത വർധിക്കാനുള്ള സാധ്യതയും നിരീക്ഷകർ തള്ളുന്നില്ല. ഇത്തരത്തിൽ ഡിമാൻഡ് കൂടുന്നതും വില കൂടാനിടയാക്കും.
ആഭരണപ്രിയർക്ക് താൽകാലിക ആശ്വാസം
സ്വർണം വൻതോതിൽ വാങ്ങാൻ താൽപര്യമുള്ളവർ വില കുറയുമ്പോൾ അഡ്വാൻസ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത് ഗുണം ചെയ്യും. വിവാഹാവശ്യത്തിനും മറ്റും വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്കാണ് ഇതു കൂടുതൽ നേട്ടമാവുക. ഒട്ടുമിക്ക ജ്വല്ലറികളും മുൻകൂർ ബുക്കിങ് സൗകര്യം ലഭ്യമാക്കുന്നുണ്ട്.
വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ നിശ്ചിത ശതമാനം തുക മുൻകൂർ നൽകി ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏറ്റവും കുറഞ്ഞവിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് ഗുണം. ബുക്ക് ചെയ്തശേഷം വില വൻതോതിൽ കുറയുന്നദിവസം ഷോറൂമിലെത്തി സ്വർണം വാങ്ങിയാൽ മതിയാകും. സ്വർണത്തിന് 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയുണ്ടെന്നതും ഓർക്കണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.