
അമേരിക്ക ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് ചൈന, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. മൊത്തം ചരക്ക് ഇറക്കുമതിയുടെ 16.5% സംഭാവന ചെയ്യുന്ന ചൈനയാണ് ഏറ്റവും വലിയ ഇറക്കുമതിക്കാർ. മെക്സിക്കോയും കാനഡയും യഥാക്രമം രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ഇറക്കുമതിക്കാരാണ്.
ജപ്പാനും, ജർമനിയുമാണ് അമേരിക്കയിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന മറ്റ് രണ്ടു പ്രധാന രാജ്യങ്ങൾ. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ചുണ കൂട്ടാൻ ഇറക്കുമതി രാജ്യങ്ങൾക്കെല്ലാം ചുങ്കം ഈടാക്കാൻ തീരുമാനിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വന്തം സമ്പദ് വ്യവസ്ഥയെ ചുട്ടുപൊള്ളിക്കുന്ന തീരുമാനത്തിലേക്കാണ് കടന്നിരിക്കുന്നതെന്നാണിപ്പോൾ കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ചൈന
ചൈനയിൽ നിന്ന് യുഎസിലേക്കുള്ള പ്രധാന കയറ്റുമതി വസ്തുക്കളിൽ യന്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചർ, കളിപ്പാട്ടങ്ങൾ, പ്ലാസ്റ്റിക്, ന്യൂക്ലിയർ റിയാക്ടറുകൾ, ബോയിലറുകൾ, ലൈറ്റിങ് സാമഗ്രികൾ, പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങൾ, ഗെയിമുകൾ, കായിക ഉപകരണങ്ങൾ, വൈദ്യുത യന്ത്രങ്ങളും ഉപകരണങ്ങളും, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, തുണിത്തരങ്ങളും വസ്ത്രങ്ങളും, ഓട്ടോമൊബൈലുകൾ, ഇലക്ട്രോണിക് ഘടകങ്ങൾ, സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ ഉൽപ്പന്നങ്ങളുടെ മേലുള്ള തീരുവകൾ അമേരിക്കയിലെ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും കൂടുതൽ പോക്കറ്റ് ചോർച്ച ഉണ്ടാക്കും. ഇത് ഡിമാൻഡ് കുറയുന്നതിനും സാമ്പത്തിക തകർച്ചയ്ക്കും കാരണമാകും എന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഇത് കൂടാതെ താരിഫുകൾ വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് ബിസിനസുകളെയും ഉപഭോക്താക്കളെയും മാത്രമല്ല, അമേരിക്കൻ സമ്പദ് വ്യവസ്ഥയെയും തളർത്താൻ സാധ്യതയുണ്ട്. പകരത്തിനു പകരമായി യുഎസ് കയറ്റുമതികൾക്ക് തീരുവ ചുമത്തി ചൈന തിരിച്ചടി തുടങ്ങി കഴിഞ്ഞു. ഇത് വ്യാപാര ബന്ധങ്ങളെ കൂടുതൽ ദോഷകരമായി ബാധിക്കുകയും വ്യാപാര യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. ആഗോളതലത്തിൽ ബിസിനസ് മത്സരശേഷി കുറയ്ക്കാന് ഈ താരിഫ് യുദ്ധങ്ങൾ കാരണമാകും.
കാനഡ
അസംസ്കൃത എണ്ണ, ലോഹ അയിരുകൾ, ധാതുക്കൾ, ഉപഭോക്തൃ വസ്തുക്കൾ, മോട്ടോർ വാഹനങ്ങൾ, ഭാഗങ്ങൾ, വനവൽക്കരണം, നിർമ്മാണ വസ്തുക്കൾ ഇവയ്ക്കു പുറമേ, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, വൈദ്യുതി എന്നിവയുൾപ്പെടെയുള്ള ഊർജ ഉൽപ്പന്നങ്ങളുടെ അമേരിക്കയിലേക്കുള്ള പ്രധാന കയറ്റുമതിക്കാരാണ് കാനഡ.
കാനഡയിൽ നിന്നും സ്വർണം, നിക്കൽ, യുറേനിയം, വജ്രങ്ങൾ, ലെഡ് എന്നിവയുൾപ്പെടെ ലോഹ അയിരുകളും ധാതുക്കളും ഗണ്യമായ അളവിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കാനഡയുടെ യുഎസിലേക്കുള്ള കയറ്റുമതിയുടെ മറ്റൊരു പ്രധാന ഭാഗം മോട്ടോർ വാഹനങ്ങളും ഭാഗങ്ങളുമാണ്. തടി, മര ഉൽപന്നങ്ങൾ, മറ്റ് വനവൽക്കരണ, നിർമ്മാണ സാമഗ്രികൾ, യന്ത്രങ്ങൾ, ആണവ റിയാക്ടറുകൾ, ബോയിലറുകൾ, റെയിൽവേ അല്ലെങ്കിൽ ട്രാംവേ ഒഴികെയുള്ള വാഹനങ്ങൾ, തരം അനുസരിച്ച് വ്യക്തമാക്കിയിട്ടില്ലാത്ത ചരക്കുകൾ എന്നിവയെല്ലാം കാനഡയുടെ കയറ്റുമതിയിൽപ്പെടുന്നു.
സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് യുഎസ് തീരുവ ഏർപ്പെടുത്തിയതിന് ശേഷം അമേരിക്കൻ ഇറക്കുമതികൾക്ക് കാനഡ ഏകദേശം 3000 കോടി കനേഡിയൻ ഡോളറിന്റെ ‘പ്രതികാര തീരുവ’ പ്രഖ്യാപിച്ചു.
“ഡോളർ അടിസ്ഥാനത്തിൽ” എന്ന സമീപനം പിന്തുടരുമെന്നും സ്റ്റീൽ, കമ്പ്യൂട്ടറുകൾ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ ഇറക്കുമതികൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്നും കനേഡിയൻ സർക്കാർ അറിയിച്ചു.
മോട്ടോർ സൈക്കിളുകൾ, വിസ്കി തുടങ്ങിയ 2800 കോടി ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങൾ ഉൾപ്പെടെ അമേരിക്കൻ ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയുടെ പ്രഖ്യാപനം.
മെക്സിക്കോ
മെക്സിക്കോയുടെ ഏറ്റവും വലിയ കയറ്റുമതി അമേരിക്കയിലേക്കാണ്. മെക്സിക്കോയിൽ നിന്ന് യുഎസിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നം വാഹനങ്ങളാണ്. തൊട്ടുപിന്നാലെ ഇലക്ട്രിക്കൽ മെഷിനറികളും ആണവ റിയാക്ടറുകളും കയറ്റുമതി ചെയ്യുന്നു.
ട്രംപിന്റെ ചുങ്കം ചുമത്തൽ ഏറ്റവും ബാധിച്ചിരിക്കുന്നത് മെക്സികോയെ ആണ്. രണ്ടാം പാദത്തിലും ജിഡിപി ചുരുങ്ങിയത് മൂലം മെക്സിക്കോ സാങ്കേതികമായി മാന്ദ്യത്തിലാണ് എന്ന് റിപ്പോർട്ടുകളുണ്ട്. ഫിച്ച് പോലുള്ള ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ മെക്സിക്കോയുടെ വളർച്ചാ പ്രവചനങ്ങൾ വെട്ടി കുറച്ചിട്ടുണ്ട്. നിലവിൽ സാമ്പത്തിക വളർച്ച മോശമായിരിക്കുമ്പോൾ ഏർപ്പെടുത്തുന്ന ചുങ്കങ്ങൾ വീണ്ടും മെക്സികോയെ തളർത്തും.
നിർമാണ മേഖല
‘അമേരിക്ക ഫസ്റ്റ്’ എന്ന ആശയത്തിൽ തുടങ്ങിയ ട്രംപ് നിലവിൽ നന്നായി പോകുന്ന നിർമാണ മേഖലയെ തകർക്കുമെന്ന് പ്രവചനങ്ങളുണ്ട്. ‘ക്രമരഹിതമായ’ രീതിയിൽ ചുമത്തുന്ന താരിഫുകൾ അമേരിക്കൻ ഉല്പാദന മേഖലയിൽ കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക അനിശ്ചിതത്വം ഇപ്പോൾ തന്നെ ഈ മേഖലകളിൽ ഉടലെടുത്തിട്ടുണ്ട് എന്ന റിപ്പോർട്ടുകളും ഇതിനോട് കൂട്ടി വായിക്കാം.
അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ വളർച്ച ഭദ്രമായിരുന്ന ഘട്ടത്തിൽ നിന്നും എല്ലാം തകർത്തെറിയാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ട്രംപിനെ വോട്ടു ചെയ്ത് ജയിപ്പിച്ച തൊഴിലാളികൾ പോലും പരാതിപ്പെട്ടു തുടങ്ങി എന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎസിലെ ഉൽപ്പാദനച്ചെലവ് യൂറോപ്പിലേതിനേക്കാൾ വളരെ കൂടുതലാണ്. പണപ്പെരുപ്പം, ഡോളറിന്റെ ശക്തി ക്ഷയിക്കൽ എന്നിവയും അമേരിക്കയെ കാത്തിരിക്കുന്ന തിരിച്ചടികളായിരിക്കും എന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എസ് ആൻഡ് പി ഗ്ലോബൽ മാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ യുഎസ് സമ്പദ്വ്യവസ്ഥയുടെ ജിഡിപി വളർച്ച ക്രമേണ മന്ദഗതിയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ചുങ്കം ചുമത്തുമ്പോൾ രണ്ടു രീതിയിൽ ഇത് അമേരിക്കക്ക് തന്നെ തിരിച്ചടിയാകുന്നുണ്ട്. ഒന്നാമതായി ഇത് വിതരണ ശൃംഖലകളെ ബാധിക്കുമ്പോൾ അമേരിക്കൻ ഉൽപ്പാദകർ, പകരക്കാരില്ലാതെ പകച്ചു നിൽക്കുകയാണ്.
രണ്ടാമതായി ചൈന പോലുള്ള രാജ്യങ്ങൾ തിരിച്ചും ചുങ്കം ചുമത്തുമ്പോൾ അമേരിക്കൻ സോയ ഉത്പന്നങ്ങൾ, ബീഫ്, പോർക്ക് തുടങ്ങിയവ അടക്കം പല വസ്തുക്കളുടെയും കയറ്റുമതിക്ക് കുത്തനെ ഡിമാൻഡ് കുറയുന്ന അവസ്ഥയിലേക്ക് എത്തും. അമേരിക്കയുടെ കാർഷിക കയറ്റുമതിയെ ഇത് പ്രതികൂലമായി ബാധിക്കും.
ചുരുക്കി പറഞ്ഞാൽ ചുങ്കം ചുമത്തിയത് മൂലം അമേരിക്ക ഒറ്റപ്പെടുകയും മറ്റു രാജ്യങ്ങൾ എല്ലാം ഒറ്റക്കെട്ടാവുകയും ചെയ്യുന്ന ഒരു അവസ്ഥയിലേക്കാണ് ഇപ്പോൾ ലോകത്തിന്റെ പോക്ക്.ചൈനയും കാനഡയും ഏർപ്പെടുത്തിയ ‘പ്രതികാര താരിഫുകൾ’ കാരണം 5 ദശലക്ഷത്തിലധികം അമേരിക്കൻ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.