രണ്ടു ദിവസത്തെ അവധിക്ക് ശേഷം വിപണി നാളെ വീണ്ടും തുറക്കുമ്പോൾ കാത്തിരിക്കുന്നത് ഒരു പിടി സംഭവവികാസങ്ങൾ. ഇറാന് – ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്നത് വിപണിക്ക് ആശങ്കയാണ്.
അതിനിടയിൽ യുഎസ് സുപ്രീം കോടതി ട്രംപിന്റെ തീരുവ റദ്ദാക്കിയതിൽ ആശ്വാസവും. നീണ്ട
അവധി കഴിഞ്ഞ് ചൈനീസ് വിപണികൾ വീണ്ടും തുറക്കുന്നതും വിപണിക്ക് നിർണായകമാകും.
ഇറാൻ – യുഎസ് സംഘർഷം സമവായത്തിന്റെ എല്ലാ സാധ്യതകളും ഭേദിച്ച് സൈനിക നടപടിയിലേക്ക് പോകുന്നു എന്നാണ് വിപണിയുടെ വിലയിരുത്തൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ‘ഒഴിവാക്കാനാവാത്തത്’ എന്നാണ് ചില രാജ്യാന്തര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെയും മകനെയും വധിക്കാൻ യുഎസ് തയാറെടുക്കുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഖമനയിയെ ലക്ഷ്യമിട്ടുള്ള ആക്രമണം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഇറാന്റെ നിലപാട്.
അങ്ങനെ വന്നാൽ അമേരിക്കയ്ക്കെതിരെ വിശുദ്ധയുദ്ധത്തിന് ആഹ്വാനം ചെയ്യുമെന്നും ചില ഇറാനിയൻ നേതാക്കൾ പറഞ്ഞിട്ടുണ്ട്. ഇറാനിലെ സര്‍വകലാശാലകളിൽ വീണ്ടും സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഇനി 15 ശതമാനം തീരുവ
പകരത്തീരുവയും പ്രതികാരത്തീരുവയും റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കാൻ രാജ്യാന്തര തലത്തില്‍ 10 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രഖ്യാപനം.
പിന്നാലെ അത് 15 ശതമാനമായി ഉയർത്തി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേർസ് ആക്ട് പ്രകാരം തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നായിരുന്നു കോടതി വിധി.
ഇത് മറികടക്കാൻ 1974ലെ വ്യാപാര നിയമത്തിലെ സെക്ഷന്‍ 122 ഉപയോഗിച്ചാണ് ട്രംപിന്റെ അടുത്ത നടപടി. ഇതനുസരിച്ച് 150 ദിവസം വരെ പ്രസിഡന്റിന് 15 ശതമാനം തീരുവ ചുമത്താം.
പുതുവത്സര അവധി കഴിഞ്ഞ് ചൈന, തായ്വാൻ, സിംഗപ്പൂർ തുടങ്ങിയ വിപണികൾ തിങ്കളാഴ്ച തുറക്കും. എൻവിഡിയയുടെ നാലാം പാദ ഫലങ്ങളും ഈ ആഴ്ച പുറത്തുവരുന്നുണ്ട്.
ഇതും വിപണിക്ക് നിർണായകമാകും.
വിപണി നേട്ടത്തിൽ
കഴിഞ്ഞ വാരം ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയാണ് അവസാനിച്ചത്. സെന്‍സെക്സ് 316.57 പോയിന്റ് ഉയർന്ന് 82,814.71ലെത്തി.
നിഫ്റ്റിയാകട്ടെ 116.9. പോയിന്റ് നേട്ടത്തിൽ 25,571.25ലുമെത്തി.
ബാങ്കിങ്, മെറ്റൽ, ഊര്‍ജ മേഖലകളിലെ ഓഹരികളുടെ പ്രകടനമാണ് സൂചികകൾക്ക് തുണയായത്. മികച്ച മൂന്നാം പാദഫലം എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരികളെ ഉയർത്തി.
ഐടി ഓഹരികളിൽ എഐ പേടി വെള്ളിയാഴ്ചയും തുടർന്നു. നിഫ്റ്റി ഐടി സൂചിക ഒരു ശതമാനത്തോളം ഇടിഞ്ഞു.
ട്രംപ് താരിഫ് സുപ്രീം കോടതി റദ്ദാക്കിയത് തിങ്കളാഴ്ച വിപണിക്ക് നിർണായകമാകും.
സൂചികകൾ അഞ്ഞൂറ് പോയിന്റെങ്കിലും ഉയർന്ന് വ്യാപാരം തുടങ്ങിയാലും അത്ഭുതപ്പെടാനില്ലെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസം ഗിഫ്റ്റ് നിഫ്റ്റി അഞ്ഞൂറോളം പോയിന്റ് ഉയർന്നിരുന്നു.
നിലവിലുണ്ടായിരുന്ന 18 ശതമാനം നികുതി സുപ്രീം കോടതി റദ്ദാക്കിയെങ്കിലും രാജ്യാന്തര തലത്തിൽ 15 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. തീരുവ 18ൽ നിന്ന് 15 ശതമാനത്തിലേക്ക് കുറയുന്നത് ഇന്ത്യക്ക് നേട്ടമാണ്.
എന്നാൽ തീരുവയ്ക്ക് പുറമെ മറ്റ് സമ്മർദ തന്ത്രങ്ങൾ ട്രംപ് പുറത്തെടുക്കാൻ സാധ്യതയുണ്ട്. ഇത് വ്യാപാര മേഖലയിൽ തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്.
കയറ്റുമതി കേന്ദ്രീകൃതമായ ടെക്സ്റ്റൈൽ, ആഭരണം, സമുദ്ര ഉൽപന്നങ്ങൾ, വാഹനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ തിങ്കളാഴ്ച ശ്രദ്ധാകേന്ദ്രമാകും.
സുപ്രീം കോടതി വിധിയും പിന്നാലെ ട്രംപിന്റെ പ്രതികരണവും പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം യുഎസ് വിപണിയും സ്വർണം, വെള്ളി വിലയും കുതിച്ചിരുന്നു.
ഈ ട്രെൻഡ് അടുത്ത ദിവസങ്ങളിലും തുടരാനാണ് സാധ്യത. സ്വർണം, വെള്ളി രാജ്യാന്തര വില നിലവിൽ ഔണ്‍സിന് 5,106 ഡോളറെന്ന നിലയിലാണ്.
അടുത്ത ദിവസം ചൈനീസ് വിപണി കൂടി തുറക്കുന്നുണ്ട്. ഇതോടെ ഇരു ലോഹങ്ങളുടെയും വില കുതിക്കാനാണ് സാധ്യത.
ഇറാൻ – യുഎസ് യുദ്ധഭീഷണി നിലനിൽക്കുന്നത് ക്രൂഡ് ഓയിൽ വിലയും ഉയർത്താനാണ് സാധ്യത. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

