രാഷ്ട്രീയ അസ്ഥിരതയും ഇന്ത്യാ വിരുദ്ധ പ്രക്ഷോഭവും കത്തിപ്പടർന്ന ബംഗ്ലാദേശിന് ‘സെൽഫ് ഗോൾ’ ആയി സ്വന്തം നിലപാട്. ഇന്ത്യയ്ക്കെതിരെ പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയവർ ഫലത്തിൽ ‘തീയിട്ടത്’ സ്വന്തം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക്.
വാണിജ്യ-വ്യവസായ മേഖലകൾ ഏറക്കുറെ സ്തംഭിച്ചു.
ബംഗ്ലദേശിന്റെ പ്രധാന വ്യവസായവും രാജ്യത്ത് ഏറ്റവുമധികംപേർ തൊഴിലെടുക്കുന്ന മേഖലയും കയറ്റുമതിയുടെ നട്ടെല്ലുമായ വസ്ത്ര നിർമാണ മേഖല കനത്ത പ്രതിസന്ധിയിലായി. ഉൽപാദിപ്പിച്ച തുണിത്തരങ്ങളെല്ലാം കയറ്റുമതി ചെയ്യാനാവാതെ കെട്ടിക്കിടപ്പാണ്.
കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ശരാശരി 6-7 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തിയ സാമ്പത്തിക മേഖലയുടെ നെടുംതൂണായിരുന്നു വസ്ത്ര കയറ്റുമതി.
ഈ രംഗത്ത് ഇന്ത്യ പോലും ബംഗ്ലദേശിന് പിന്നിലായിരുന്നു. എന്നാൽ, ഇന്ത്യയെ പ്രകോപിപ്പിക്കാൻ പുറപ്പെട്ട
ബംഗ്ലദേശ് സ്വയം എരിഞ്ഞുകത്തി തുടങ്ങിയതു ഇപ്പോൾ ഇന്ത്യയിലെ വസ്ത്ര കയറ്റുമതി കമ്പനികൾക്ക് നേട്ടവുമാകുന്നുണ്ട്. തുടർച്ചയായ പ്രക്ഷോഭങ്ങൾമൂലം ബംഗ്ലദേശിലേക്ക് വിദേശ നിക്ഷേപത്തിന്റെ ഒഴുക്കും നിലച്ചു.
രാഷ്ട്രരൂപീകരണം മുതൽ കൂടെനിന്ന ഇന്ത്യയുമായാണ് ബംഗ്ലദേശ് ഇപ്പോൾ തെറ്റിപ്പിരിഞ്ഞത്. സുരക്ഷാ കാരണങ്ങളാൽ ബംഗ്ലദേശിലെ വീസാ ആപ്ലിക്കേഷൻ സെന്ററുകൾ ഇന്ത്യ അടച്ചു.
വസ്ത്ര മേഖലയിൽ തിരിച്ചടി
റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ലോകത്തെ രണ്ടാമത്തെ വലിയ നിർമാതാക്കളാണ് ബംഗ്ലദേശ്.
കഴിഞ്ഞ വർഷം വസ്ത്ര കയറ്റുമതിയിലൂടെ നേടിയത് 38.48 ബില്യൻ ഡോളറാണെന്ന് (ഏകദേം 3.4 ലക്ഷം കോടി രൂപ) ബംഗ്ലാദേശ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി പറയുന്നു. സംഘർഷങ്ങളെ തുടർന്ന് ഗാസിപ്പുർ, സവാർ, നാരായണഗഞ്ച് എന്നിവിടങ്ങളിലെ പ്രധാന ഫാക്ടറികളെല്ലാം അടച്ചു.
സുരക്ഷാ ഭീഷണിയെ തുടർന്നാണ് നടപടിയെന്ന് ഫാക്ടറി ഉടമകൾ പറയുന്നു.
മറ്റ് സ്ഥലങ്ങളിലെ ഫാക്ടറികളും മുൻകരുതലിന്റെ ഭാഗമായി അടച്ചിടുകയോ പ്രവർത്തനം കുറക്കുകയോ ചെയ്തിട്ടുണ്ട്. ധാക്കയ്ക്ക് പുറത്തുള്ള പെട്രോൾ പമ്പുകളും ഗതാഗത കമ്പനികളും രാത്രികാലങ്ങളില്‍ പ്രവർത്തിക്കാൻ തയ്യാറാകുന്നില്ല.
ഇതോടെ ഉത്പാദിപ്പിച്ച വസ്ത്രങ്ങളുടെ കയറ്റുമതിയും കെട്ടിക്കിടക്കുകയാണ്.
ഇന്ത്യ നൽകിയ ഷോക്ക്
രാജ്യത്തെ ചെറുകിട സംരംഭങ്ങൾ ഉത്പാദിപ്പിക്കുന്ന തുകൽ-പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ കയറ്റുമതിയും നിലച്ചു.
തുറമുഖങ്ങളിലെ അനിശ്ചിതത്വവും തൊഴിലാളി ക്ഷാമവുമാണ് പ്രധാന കാരണം.
കരമാർഗത്തിലൂടെ എത്തിക്കുന്ന ചരക്കുകൾ ഇന്ത്യയിലെ തുറമുഖങ്ങൾ വഴി ട്രാൻസ്ഷിപ്പ്മെന്റ് ചെയ്യാനുള്ള അനുമതി അടുത്തിടെ ഇന്ത്യ പിൻവലിച്ചിരുന്നു. പ്രതിസന്ധിയ്ക്ക് പരിഹാരമായില്ലെങ്കിൽ രാജ്യാന്തര കമ്പനികളുടെ ഓർഡറുകൾ നഷ്ടമാകുമോയെന്നാണ് ഇപ്പോൾ വ്യാപാരികളുടെ ഭയം.
വിശ്വസിക്കാവുന്ന പങ്കാളിയെന്ന ബംഗ്ലദേശിന്റെ നല്ലപേരിന് കോട്ടമുണ്ടായെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.
രാത്രികാലങ്ങളിൽ സംഘർഷം രൂക്ഷമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ബംഗ്ലദേശിലെ മിക്ക നഗരങ്ങളിലും ഷോപ്പിങ് മാളുകളും വ്യാപാര കേന്ദ്രങ്ങളും നേരത്തെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കച്ചവടവും കുറഞ്ഞു.
തകർന്നടിഞ്ഞ് ജിഡിപി
കഴിഞ്ഞവർഷം രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ബംഗ്ലദേശ് സാമ്പത്തിക മേഖല വലിയ തകർച്ച നേരിട്ടിരുന്നു.
നടപ്പുസാമ്പത്തിക വർഷത്തെ ജിഡിപി വളർച്ച 4.9 ശതമാനമായിരിക്കുമെന്നാണ് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) പ്രവചനം. ആദ്യ പ്രവചനത്തേക്കാള്‍ കുറവാണിത്.
വളർച്ച ഇതിലും കുറഞ്ഞ് 3.3 ശതമാനത്തിലെത്തുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ അത് 36 വർഷത്തെ ഏറ്റവും മോശം വളർച്ചയായിരിക്കും.
രണ്ടക്കത്തിലേക്ക് കുതിച്ച പണപ്പെരുപ്പം കുറയുന്നുണ്ടെങ്കിലും ആശാവഹമല്ല.
വലിയ വിലക്കയറ്റമാണ് ഇപ്പോഴും രാജ്യത്ത് അനുഭവപ്പെടുന്നത്. പ്രതിസന്ധി പരിഹരിക്കാൻ വിദേശ വായ്പയെടുക്കാമെന്ന പ്രതീക്ഷയ്ക്കും മങ്ങലേറ്റു.
രാജ്യത്തെ ബാങ്കുകള്‍ വായ്പ നൽകാൻ മടിക്കുകയാണെന്നും വായ്പയ്ക്കുള്ള ഡിമാൻഡ് കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഉയർന്ന പലിശനിരക്ക് വ്യവസായങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനും തടസ്സമാണ്.
കടംകയറുന്ന ബംഗ്ലദേശ്
വർധിക്കുന്ന കടബാധ്യത മറ്റൊരു തിരിച്ചടിയാണ്.
പത്ത് വർഷങ്ങൾക്ക് മുമ്പ് ജിഡിപിയിലെ കടത്തിന്റെ അനുപാതം (Debt to GDP Ratio) 27 ശതമാനമായിരുന്നു. 2023-24 സാമ്പത്തിക വർഷത്തിലിത് 37.62 ശതമാനമായി വർധിച്ചു.
ഈ വർഷം ഇത് 40.3 ശതമാനമായി വർധിക്കുമെന്നാണ് ഐഎംഎഫിന്റെ കണക്ക്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിന്റെ അടുത്ത നീക്കമെന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ ഫെബ്രുവരി 12ന് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരിന്റെ പ്രഖ്യാപനം.
പുതിയ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന്റെ ഭാവിയെന്താകുമെന്ന ആശങ്കയും ശക്തം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

